പറഞ്ഞും പറയാതെയും : കവിത. ഡോ. ജേക്കബ് സാംസൺ

Oct 19, 2022 - 17:26
Mar 9, 2023 - 12:47
 0  103
പറഞ്ഞും പറയാതെയും : കവിത.  ഡോ. ജേക്കബ് സാംസൺ

 

 

ഞാൻ

പറഞ്ഞത്

എൻ്റെ

പ്രണയമായിരുന്നു

ആർത്തലച്ചു

പെയ്യുന്ന മഴയിൽ

അത് ഒലിച്ച്

പോയി.

 

ഞാനത്

കാറ്റിനോട് പറഞ്ഞു

ചുഴലിക്കാറ്റ്

അതേറ്റുവാങ്ങി

നൃത്തച്ചുവടുകളുമായി

കറങ്ങി നടന്നു.

 

ഞാൻ

മഹാസമുദ്രത്തോടും

വിളിച്ചു പറഞ്ഞു.

കേൾക്കാൻപോലും

നില്ക്കാതെ

തിരമാലകൾ 

പൊയ്ക്കളഞ്ഞു

 

തിരക്കു

പിടിച്ചോടുന്ന

ആൾക്കൂട്ടത്തോടും

ഇടറിയ സ്വരത്തിൽ

ഞാനത് പറഞ്ഞു

വാഹനങ്ങളുടെ

ഇരമ്പലിൽ

ആരും അത്

കേട്ടില്ല

 

നിശ്ശബ്ദതയിൽ

ഞാൻ മരച്ചില്ലകളോട്

മനസ്സുതുറന്നെങ്കിലും

നിർവികാരമായി

തലയാട്ടിയതേയുള്ളൂ

 

എന്തുകൊണ്ടോ

നിന്നോടുമാത്രം

ഞാനത് പറഞ്ഞില്ല

എന്നിട്ടും നിൻ്റെ 

ഹൃദയത്തിൻ മാത്രം

അതലിഞ്ഞു

ചേർന്നത്

ഞാനറിഞ്ഞു.