എൺപത്താറാം വയസ്സിൽ ഒരു ചെറുകഥാ സമാഹാരം: Mary Alex (മണിയ)

എൺപത്താറാം വയസ്സിൽ ഒരു ചെറുകഥാ സമാഹാരം:  Mary Alex (മണിയ)
അച്ചടിച്ചു വന്ന പത്ര, മാസികത്താളുകൾ നിധിപോലെ കാത്തു സൂക്ഷിച്ച ഒരു കലാകാരൻ, കാലപ്പഴക്കം കൊണ്ടു പൊടിഞ്ഞും ചിതലെടുത്തും ഇരട്ടവാലൻ കരണ്ടും നഷ്ടപ്പെട്ടു പോകാമായിരുന്ന അവയെ പുറത്തെടുത്തു പൊടി തട്ടി ഇങ്ങനെ ഒരു പുസ്തകമാക്കി അച്ഛന് സമർപ്പിച്ചത് മക്കളായ ഹരീഷും അനീഷും..ഹരീഷ് മംഗളം ദിനപത്രത്തിന്റെ സബ് എഡിറ്ററും അനീഷ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അ ദ്ധ്യാപകനുമാണ്.അച്ഛന്റെ സാഹിത്യസപര്യക്ക് സാക്ഷാൽ ക്കാരമായി സ്നേഹനിധിയായ മക്കൾ നൽകിയ സമ്മാനം. 'കുടുമയും ജമന്തിപ്പൂക്കളും'.

     19 - 11 - 23 ൽ കോട്ടയം പ്രസ്സ് ക്ലബ്ബിൽ വച്ചു നടന്ന പുസ്തക പ്രകാശനത്തിനു ക്ഷണക്കത്ത് ലഭിച്ചിരുന്നെങ്കിലും പോകാൻ സാധിച്ചില്ല.
പങ്കെടുക്കാനാവാ ഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച്,ഒരു പുസ്തകം ആവശ്യപ്പെട്ടപ്പോൾ അച്ഛൻ തന്നെ മകന്റെ കയ്യിൽ അത് വീട്ടിൽ എത്തിച്ചു നൽകി. പുസ്തകം അച്ചടിച്ചു പ്രകാശനം ചെയ്യുന്നതിന്റെ ചെലവുകൾ ചില്ലറയല്ല എന്ന്‌ നന്നായി അറിയാവുന്നതുകൊണ്ട് വില കൊടുക്കാനൊരുങ്ങിയ എന്നെ മകൻ തടഞ്ഞു.വില വാങ്ങരുത് എന്ന് അച്ഛൻ പ്രത്യേകം താക്കീത് ചെയ്താണ് വിട്ടിരിക്കുന്നതത്രേ.
 100 രൂപയെങ്കിലും,അതിന്റെ ചെലവ് നൂറിരട്ടി,അല്ലെങ്കിൽ അതിന്റെയും ഇരട്ടി എന്നെനിക്കറിയാമായിരുന്നു.
എങ്കിലും നിർബന്ധിച്ചില്ല. പുസ്തകം കയ്യിൽ കിട്ടി ഒരു മണിക്കൂറിനുള്ളിൽ ഞാൻ അത് ആദ്യന്തം വായിച്ചു എന്നതാണ് സത്യം.ആളെ അറിയും, പ്രത്യേകിച്ച് അയല്പക്കവും
എന്നുള്ളതായിരുന്നില്ല കാരണം. കഥകളുടെ രചനാരീതി കഥാതന്തുക്കളുടെ മാറ്റ്, അവസാന ഭാഗത്തുള്ള ട്വിസ്റ്റ്, അതായിരുന്നു പിന്നിൽ.ഒരു കഥ അല്ല ഒരോ കഥയും അങ്ങനെ തന്നെ. സാധാരണ രീതിയിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കു മ്പോൾ വായനക്കാരോട് രണ്ടു വാക്ക് എന്ന് എഴുത്തുകാരനും പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്തി ഒരു അവതാരികയും പിന്നാലേ ഉള്ളടക്കവും,കഥകളോ കവിതകളോ എന്തായാലും. അങ്ങനെയാണ് ക്രമീകരിക്കാറ്.
ഈ പുസ്തകത്തിൽ 'മുൻമൊഴി 'എന്ന പേരിലാണ് എഴുത്തുകാരൻ നമ്മോട് സംവദിക്കുന്നത്.
ചിറക്കടവ് ആലപ്പാട്ട് ഗോവിന്ദപ്പണിക്കരുടെയും തിരുവഞ്ചൂർ ആനത്തട്ടിൽ ജാനകിയമ്മയുടെയും മൂന്നാമത്തെ പുത്രനായി 1937 ഏപ്രിൽ ഒന്നിനു ജനിച്ച ശ്രി തിരുവഞ്ചൂർ നാരായണപ്പണിക്കർ കോട്ടയത്ത്‌ മനോരമ ഉൾപ്പെടെ പല പ്രസ്സുകളിലും പ്രൂഫ് റീഡർ,
കോട്ടയം എൻ എസ് എസ് കോ- ഓപ്പറേറ്റീവ് കോളേജിൽ ക്ലർക്ക്, എൻ എസ് എസ് മാനേജ്മെന്റി ന്റെ കീഴിൽ മലയാളം ഭാഷാദ്ധ്യാ പകൻ, പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറി, കേന്ദ്രസമിതി അംഗം, 'ഭാഷാദ്ധ്യാപകൻ 'മാസികയുടെ പത്രാധിപർ, തിരുവഞ്ചൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, പ്രസിഡന്റ്‌, എൻ എസ് എസ് കരയോഗം സെക്രട്ടറി, പ്രസിഡന്റ്‌, താലൂക്ക് യൂണിയൻ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.60 70 കാലഘട്ടത്തിൽ കോട്ടയത്തെ പല പത്ര,മാസികകളിലായി നൂറിലധികം ചെറുകഥകൾ, ഏകാങ്ക നാടകങ്ങൾ, 'പൂമൊട്ടുകൾ 'എന്ന നാടക
ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാലാക്കാരി, വേഴങ്ങാനം കൊട്ടാരത്തിൽ ശ്രീമതി നിർമ്മല കെ എസ് ഭാര്യ.
മരുമക്കൾ :- ശ്രീലക്ഷ്മി ആർ, അഞ്ജലി എസ്.
കൊച്ചുമക്കൾ :-ഉദ്ധവ് എച്ച്,
ആത്മജ് നാരായൺ.
" കഥയുടെ ജനപ്രിയപക്ഷം " എന്ന ഹെഡിംഗിൽ അവതാരികയായി എഴുതിയിരിക്കുന്നത് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും ആയ ശ്രി എസ് ഹരീഷ് ആണ്‌.അത് 
ഒരു കഥപോലെ തന്നെ ഉള്ളടക്കത്തിൽ ഒന്നാമതായി കൊടുത്തിരിക്കുന്നു.
പുസ്തകത്തിന്റെ അവസാനം ' അനുഭവങ്ങളുടെ ആൽബം ' എന്ന ഹെഡിംഗിൽ എഴുതിയിരിക്കുന്നത് പഠനം ആണ്. എഴുത്തുകാരനും അധ്യാപകനുമായ ശ്രി സന്തോഷ്‌ പി. എസ്. ഇവ രണ്ടിനും ഇടയിലാണ് എഴുത്തുകാരന്റെ പത്തു ചെറുകഥകൾ.
  ഇത് ഒരു നല്ല രീതിയായി എനിക്കു തോന്നി.ഉള്ളടക്കത്തിന്റ
സാരാംശം ആരംഭത്തിൽ അറിയുന്നതിനേക്കാൾ നല്ലത് വായനക്കാരൻ വിലയിരുത്തിയ ശേഷം മറ്റൊരാളിന്റ അഭിപ്രായം അറിയുന്നതായിരിക്കില്ലേ?അല്ലാത്ത പക്ഷം വായനക്കാരന്റജിജ്ഞാസ കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.ശ്രി ഹരീഷിന്റെ ജനപ്രിയപക്ഷത്തിൽ ഇക്കാര്യം എടുത്തു പറയുന്നുമുണ്ട്. ഒന്നു മുതൽ പത്തു കഥകളും
വ്യത്യസ്ത കഥാതന്തുക്കളാൽ മെനയപ്പെട്ടിട്ടുള്ളതാണ്. ഭാഷാ ശൈലി വളരെ ലളിതവും, മനോഹരവും,ഏതു സാധാരണക്കാരനും മനസ്സിലാക
ത്തക്കവിധവും..ഇനി നമുക്ക് കഥ യിലേക്ക് കടന്നാലോ?
   ഒന്നാമത്തെ കഥ 'ഒരു പേര് ഒരു ജീവൻ ' വായിച്ചു പാതിയാ യപ്പോൾ ഞാൻ കരുതി ഇതൊരു ഏപ്രിൽ ഫൂൾ കഥയാണെന്ന്. ഒരു ഏപ്രിൽ ഒന്നിനാണല്ലോ ജനനം. അവസാനമെത്തിയപ്പോഴാണ് ഒരാഫീസിൽ ഒരേ പേരിൽ രണ്ടു പേർ. ഒരു ദൂതുമായി കടന്നു വന്നയാൾ ആളറിയാതെ കാര്യം പറഞ്ഞിട്ടു പോയി.കയ്യിൽ പണമില്ലാതെ കാശു കടം വാങ്ങി ടാക്സി പിടിച്ച് ചെന്നപ്പോൾവീട്ടിൽ മകൻ മുറ്റത്ത് ഓടിച്ചാടി നടന്നു കളിക്കുന്നു. കടം വാങ്ങിയതോ മറ്റേയാളോട് . ആ പേരുകാരന്റ മകനായിരുന്നു അസുഖം . വന്ന ആൾക്ക് ആളു തെറ്റിയില്ലായിരുന്നെങ്കിൽ സ്വപുത്രന്റെ അടുത്ത് ഓടി എത്താമായിരുന്നു. വേണ്ട പ്രതിവിധി ചെയ്യാമായിരുന്നു. വിധിമതം തടുക്കാനാവുമോ?
രണ്ടാമത്തെ കഥ 'വിവാഹസമ്മാനം 'അല്ലെങ്കിലും താൻ അവൾക്കു പഠിപ്പിച്ചു കൊടു ത്തത് ശാകുന്തളമായിരുന്നല്ലോ '
 ഈ ഒരു വാചകത്തിന്റെ പൊരുൾ മനസ്സിലാകുന്നത് കഥയുടെ അവസാനത്തിലാണ്.നായകൻ ഒരു പെൺകുട്ടിയേ പ്രണയിച്ചു. സ്ഥലം മാറിപ്പോയി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. ശ്രി സന്തോഷ്‌ പറഞ്ഞതുപോലെ ഇതു പോലൊരു വിവാഹസമ്മാനം
ഒരു പ്രണയിനിയും ആർക്കും കൊടുത്തിട്ടുണ്ടാവില്ല. ആ വിവാഹസമ്മാനം എന്തെന്നല്ലേ? ഒരു കുഞ്ഞുമായി മണ്ഡപത്തി ലേക്കു കടന്നു വന്ന ഒരമ്മ കൊടുത്ത കത്ത്. അമ്മ ആദ്യ കാമുകിയുടെ,കുഞ്ഞോ? അവൾ ഇരട്ടപ്പെറ്റതിൽ ഒന്ന് . സ്വന്തം ചോരയിൽ പിറന്ന പെൺകുഞ്ഞ്. ആൺകുഞ്ഞിനെ അവൾ വളർത്തിക്കൊള്ളാമെന്ന്‌ കത്തിൽ.
മൂന്നാമതായി 'ജമന്തിപ്പൂ ക്കൾ ' ടൗണിൽ വച്ച് സഹായം അർഥിച്ചു പരിചയപ്പെട്ട് ഒപ്പം കൂടിയ പെൺകുട്ടി.സാഹചര്യം കൊണ്ട് ടൗണിൽ നടക്കേണ്ട കാര്യം പിറ്റേന്ന് മാത്രമേ നടക്കൂ എന്നു മനസ്സിലാക്കി രാത്രി തന്റെ ലോഡ്ജിൽ തങ്ങുന്നു.പിറ്റേന്നു നാട്ടിൽ പോകാൻ തയ്യാറാക്കിയ ബാഗും പേഴ്സും മേശപ്പുറത്തു വച്ച് അവൾക്ക് ആ മുറി വിട്ടു കൊടുത്ത് കൂട്ടുകാരന്റെ മുറിയിൽ ഉറങ്ങുന്ന നായകൻ. രാവിലെ ഉണർന്ന്‌ നോക്കുമ്പോൾ
മേശപ്പുറത്തിരുന്ന ബാഗില്ല, പേഴ്സില്ല,ഒപ്പം പെൺകുട്ടിയും. 
താൻ കിടന്ന കട്ടിലിൽ കുറച്ചു ജമന്തിപൂക്കൾ മാത്രം.
 അവൾ ആരായിരുന്നു? ഒരു സഹായം ചോദിച്ച് തന്നെ സമീപിച്ച, പട്ടണത്തിൽ ഒരു പരിചയവും ഇല്ലാത്ത,നിമിഷം പ്രതി തോളിൽ നിന്നും ഊർന്നി ങ്ങുന്ന സാരിയുടുത്ത, തലയിൽ ജമന്തിപ്പുമാല ചൂടിയ,ആടിയുല യുന്ന നടത്തമുള്ള ആ പെൺകുട്ടി അവൾ ഒരഭിസാരിക എന്നു പറയാതെ പറഞ്ഞ കഥാകാരന്റെ കഴിവ് അപാരം .
  അടുത്ത കഥ ' വേണുഗാനം '
പുതിയ പാട്ടുസാർ പഠിപ്പിച്ച പാട്ട് അമ്മയെ കേൾപ്പിക്കാൻ ഓടിയെ ത്തുന്ന കുട്ടി കാണുന്നത്. പതിവില്ലാതെ അച്ഛൻ അക്ഷമനാ യി മുറ്റത്തു ഉലാത്തുന്നു. തനിക്കിഷ്ടമില്ലാത്ത അമ്മൂമ്മ വന്നിരിക്കുന്നു.അകത്തെ മുറിയിൽ ആരുടെയൊക്കെയോ കുശുകുശുപ്പുകൾ. അമ്മയുടെ അടക്കിപ്പിടിച്ച കരച്ചിലാണോ ഞരക്കമാണോ എന്തോ വേർതിരിക്കാനാവാത്ത ഒരു ശബ്ദം.
    അമ്മൂമ്മ കുട്ടിയെ കാപ്പി കുടിക്കാൻ വിളിക്കുന്നു. അച്ഛൻ അവനെ നിർബന്ധിക്കുന്നു. പക്ഷെ അവൻ കൂട്ടാക്കാതെ കൂട്ടുകാരന്റെ അടുത്തേക്ക് പോകുന്നു. ആരെയെങ്കിലും
പാട്ടു പാടി കേൾപ്പിക്കാതെ അവനുറക്കം വരില്ല.
സന്ധ്യയോടെ തിരിച്ചെത്തുന്ന അവനെ ഒരു സന്തോഷവാർത്ത ആണ്‌ എതിരേറ്റത്. 'മോൻ അകത്തു കയറി നോക്കിക്കേ മോനൊരു കുഞ്ഞനുജത്തി.'ഒരു 
വിധത്തിലും ഉൾക്കൊള്ളാനാവാ ത്ത ഒരു സംഭവം.അകത്തു കയറി നോക്കിയപ്പോൾ കാണുന്ന കാഴ്ച അമ്മയോട് ചേർന്ന് ഒരു ചോരക്കട്ട. അമ്മ അതിനെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചിരിക്കുന്നു. തന്നെ അമ്മ രാത്രിയിൽ ചേർത്തു പിടിക്കുന്നപോലെ. അപ്പോൾ 
അവന്റ മനസ്സിൽ ഇന്ന് ആരുടെ കൂടെ കിടക്കും അമ്മയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന സുഖം അച്ഛന്റെ കൂടെ കിടന്നാൽ കിട്ടുമോ? ശരീരത്തിലെ രോമങ്ങൾ.. അതവന് ഓർക്കാൻ വയ്യ. അമ്മുമ്മയായാലോ ശോഷിച്ച കൈകൾ കൊണ്ട് കെട്ടിപ്പിടിക്കും എല്ലു ദേഹത്തു കുത്തിക്കൊള്ളും. കുറേ നേരം ആ ഇരുപ്പിരുന്നിട്ട് പതുക്കെ അമ്മ കിടക്കുന്ന മുറിയിൽ കയറി. കട്ടിലിൽ അല്പം സ്ഥലം തനിക്കു കാണാതിരിക്കുമോ?
  ഒരു പക്ഷിക്കുഞ്ഞിന്റെ കരച്ചിൽ. അനുജത്തിയാണ് അമ്മ തട്ടി തട്ടി ഉറക്കാൻ ശ്രമിക്കുന്നു.പാട്ടും മൂളുന്നുണ്ട്. കുഞ്ഞു അടങ്ങുന്നില്ല. അവൻ അരണ്ട വെളിച്ചത്തിൽ കുഞ്ഞിന്റെ കുഞ്ഞിക്കയ്യിൽ തൊട്ടു. പിന്നെ താളം പിടിച്ച് ചെറുശബ്ദത്തിൽ അവൻ അന്നു പഠിച്ച പാട്ടു പാടിതുടങ്ങി. പാട്ടു തീർന്നു നോക്കുമ്പോൾ അമ്മയും കുഞ്ഞും സുഖമായി ഉറങ്ങുന്നു. ഒരു ചെറു പുഞ്ചിരി അവന്റെ ചുണ്ടിൽ തത്തിക്കളിച്ചു. അവനും ആ നിലത്തു വിരിച്ച പായിൽ പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറി.
      ഇവിടെ കഥ അവസാനിപ്പിക്കു ന്നതായിരുന്നു നല്ലത്. പക്ഷെ നിറ വയറോടെ തന്നെ എതിരേൽ ക്കുന്ന അമ്മയെ ആണ്‌ രാവിലെ എഴുന്നേറ്റ കുട്ടി കാണുന്നത് . അപ്പോൾ തലേന്ന് കണ്ടതും അനുഭവിച്ചതും ? അതവന്റെ സ്വപ്നമായിരുന്നു. അതാണ് കഥാകാരന്റെ ട്വിസ്റ്റ്‌.
  'കുടുമ 'ഈ കഥ ആ കാലഘട്ടത്തിലെ ഒരു സാധാരണ മനുഷ്യനെയും അക്കാലത്തെ ബസ്സിലുള്ള യാത്രയും ആണ്‌ പ്രതിപാദിക്കുന്നത്.അന്നത്തെ ബസ്സ് യാത്രകൾ! ഏതു വീടിന്റെ പടിയിൽ നിന്നോ മുറ്റത്തുനിന്നോ കൈ നീട്ടിയാൽ മതി വണ്ടി നിർത്തും. അതായിരുന്നു അന്നത്തെ ഗ്രാമവിശുദ്ധി. ഡ്രൈവറും കണ്ടക്ടറും കിളിയും അതേ നാട്ടുകാർ ആ സ്നേഹം കാട്ടാതിരിക്കാനാവുമോ? മാത്രമല്ല വിരലിൽ എണ്ണാൻ പോലുമില്ലാത്ത ഒന്നൊ രണ്ടോ ബസ്സുകൾ.
 ബസ്സ് യാത്രയെപ്പറ്റി പറയുമ്പോൾ ഞാൻ എന്റെ സ്വന്തം ബസ്സ് യാത്രകൾ ഓർത്തുപോകുന്നു. മിക്ക ദിവസങ്ങളിലും വീട്ടിൽ നിന്നും ഇറങ്ങി ഓടി വഴിയിൽ കയറി നിർത്തിയിട്ടിരിക്കുന്ന ബസിന്റെ അപ്പുറത്തു ചെന്നാണ് കയറാറ്. ഭർത്താവിനെ ജോലിക്കും മക്കളെ സ്കൂളിലും വിട്ടു ഒരുങ്ങി ഇറങ്ങുന്ന ഏതൊരു സ്ത്രീയും ഇങ്ങനെ തന്നെ. സ്റ്റോപ്പിന്റെ പേര് പോലും വണ്ടിയിലിരുന്നവർ കളിയാക്കി 'മണിയപ്പടി 'യിൽ ആളുണ്ട്,അല്ലെങ്കിൽ ആളോട്ടത്തിൽ എന്നൊക്കെ കളിയായി തട്ടി മൂളിക്കുമായിരുന്നു.രസകരമായ യാത്രകൾ. എനിക്ക് നല്ല ഒരനുഭവം തന്ന ബസ്സ് യാത്രകൂടി പറഞ്ഞുകൊള്ളട്ടെ. ഞങ്ങളുടെ രണ്ടാമത്തെ പുത്രന്റെ ജനനം.  
അന്ന് പ്രസവാവധി മുപ്പത്താറു ദിവസം മുന്നേയും പ്രസവശേഷം ബാക്കിയുമായി ആകെ തൊണ്ണൂറ്. അവധി തുടങ്ങാൻ ഒരു മാസം കൂടിയുണ്ട്. പതിവു പോലെ ബസ്സിൽ കയറി. തിരക്കു കൊണ്ട് വയറിനു തട്ടലും മുട്ടലും ഏൽക്കാത്ത വിധം കമ്പിയിൽ പിടിച്ച് സീറ്റിനിടയിലേക്ക് ഒതുങ്ങി നിന്നു.ഒന്നു രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞാൽ ഒരു സ്കൂളുണ്ട്. അവിടെ കുറേപ്പേർ ഇറങ്ങും. ആ തക്കത്തിന് സീറ്റ്‌ കിട്ടും. എതിരെ വന്ന വണ്ടി കണ്ട് ബസ്സ് പെട്ടെന്ന് ബ്രേക്ക് ഇട്ടു. തട്ടാതെയും മുട്ടാതെയും കാത്ത വയർ പിടിച്ച കമ്പിയും സീറ്റിന്റ കമ്പിയുംചേർന്ന് ജാമായി.ആ സീറ്റിൽ ഇരുന്നവരും നിൽക്കുന്നവരും എന്റെ ശരീരത്തിന്റെ പുറംഭാഗത്തോട് ചേർന്നും. ആരൊക്കെയോ എഴുന്നേറ്റ് ഇറങ്ങാൻ പാകത്തിൽ നിന്ന് ഒരു സീറ്റ്‌ കിട്ടി. ടൗണിൽ നിന്ന് അടുത്ത ബസ്സിൽ കയറി ജോലിക്കും പോയി മടങ്ങി വന്ന് പതിവുപോലെ കുളി,പ്രാർത്ഥന അത്താഴകാര്യങ്ങൾ എല്ലാം നടത്തി.ഉറങ്ങി എഴുന്നേറ്റ എനിക്ക് എന്തൊക്കെയോ അരുതായ്ക.രാവിലെ ബസ്സിൽ തന്നെ ഭർത്താവുമൊത്ത് ആശുപത്രി സ്റ്റോപ്പിൽ ഇറങ്ങി, നടന്ന് ആശുപത്രിയിൽ എത്തി. പരിശോധിച്ച ഡോക്ടർ പറഞ്ഞു
സമയം ആയിട്ടില്ല തലേന്നത്തെ ബസ്സ് യാത്രയുടെ ആവാം. കുറേ സമയം കിടന്നു വിശ്രമിച്ചിട്ടു പോകാമെന്ന്. എങ്കിൽ അങ്ങനെ ആകട്ടെ എന്നു കരുതി ഒരു റൂമിൽ കിടന്നു. വൈകുന്നേരം ആയപ്പോൾ വേദന കലശലായി,
എന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഒരു കരുതലും ഇല്ലാതെ കടന്നു ചെന്നവർ. ഭർത്താവ് പെട്ടെന്ന് ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോയി.ഓട്ടോ ആരംഭിച്ചിട്ടില്ല മൊബൈലും ഇല്ല ലാൻഡ് ഫോൺ മാത്രം. ഞങ്ങളുടെ ഭാഗ്യത്തിന് അന്ന് അദ്ദേഹത്തിന്റെ ഒരു സഹോദരി വീട്ടിൽ ഉണ്ടായിരുന്നു. അവരെ ക്കൊണ്ട് വേണ്ട സാധനങ്ങൾ എടുപ്പിച്ചു അവരേയും കൂട്ടി ആ കാറിൽത്തന്നെ ശരവേഗത്തിൽ തിരിച്ചെത്തി.പിന്നെ എല്ലാം പെട്ടെന്നായിരുന്നു.അപ്പോഴേക്കും എന്റെ മാതാപിതാക്കളും.  
കുഞ്ഞിനെ കണ്ടപ്പോൾ എല്ലാവരുടെയും കണ്ണു നിറഞ്ഞു.
ആനന്ദക്കണ്ണീരല്ല,ആകെ ഒരു കൈപ്പത്തിയുടെ വലുപ്പം, കാലും കയ്യുമൊക്കെ വിരൽ പോലെ മെലിഞ്ഞ്.എങ്ങനെ കണ്ണു നിറയാതിരിക്കും. കുട്ടിയെ കിട്ടുമോ എന്നു പോലും ഭയന്നു. എട്ടിൽ കുട്ടൻ എന്നാണ് ഞങ്ങൾ അവനെ വിശേഷിപ്പിച്ചത് . ഇന്നവൻ ദൈവാനുഗ്രഹത്തൽ മൂന്നു കുട്ടികളുടെ പിതാവായി
യു കെ യിൽ ഭാര്യയോടൊത്ത് സസുഖം ജീവിക്കുന്നു.
ഞാൻ വിഷയത്തിലേക്ക് വരട്ടെ. നമ്മുടെ കഥാനായകൻ എങ്ങോട്ടോ യാത്ര പുറപ്പെട്ടിരിക്ക യാണ്. ഒരു ജന്റിൽ മേൻ ലുക്ക്‌.
ഒരു മധ്യ വയസ്കൻ വണ്ടിയിൽ കയറുന്നു.അയാളുടെ മുടി ഒതുക്കിക്കെട്ടി കുടുമിയാക്കി വച്ച്, മുറിക്കയ്യൻ ഷർട്ടിട്ട്,തോളിൽ
ഒരു പുളിയിലക്കരയൻ തോർത്ത്‌ മടക്കിയിട്ടിട്ടുണ്ട്. കാതിൽ കല്ല് വച്ച കടുക്കൻ.മൂന്നാൾക്കിരി ക്കാവുന്ന സീറ്റിൽ മൂന്നാമതായി നമ്മുടെ നായകൻ,അയാളെ ഇടിച്ചൊതുക്കിക്കൊണ്ട് നാലാമതായി കാർന്നോരും. ആ ഇരുപ്പു തന്നെ ചെറുപ്പക്കാരന്റെ മുഖത്തു ചെറിയ നീരസം പരത്തി അപ്പോൾ പിന്നെ ആ ആളിൽ നിന്നുള്ള സംഭാഷണങ്ങൾ കൂടി യായാലോ? തനി നാട്ടുമ്പുറത്തു കാരന്റെ രീതിയിൽ വേണ്ടതും വേണ്ടാത്തതും. ജോലിയുണ്ടോ, എന്തു ശമ്പളം, പെണ്ണു കെട്ടിയോ ഇങ്ങനെ പലതും. കൂടെ മടിക്കുത്തിൽ നിന്നു പൊതിയെടുത്ത് മുറുക്കാൻ ചവയ്ക്കലും. ഒപ്പം പുറത്തേക്ക് എത്തിക്കുത്തി നിന്ന് തുപ്പലും . ചെറുപ്പക്കാരൻ ഉൾപ്പെടെ മൂന്നുപേരെ കടന്നുവേണം അതു ചെയ്യാൻ. കാറ്റു വീശിയാൽ ഷർട്ടു മുഴുവൻ മുറുക്കാൻ ചണ്ടി തെറിക്കും ചെറുപ്പക്കാരൻ എങ്ങനെ അലോസരപ്പെടാതിരി ക്കും?പെണ്ണു കെട്ടിയോ എന്ന അയാളുടെ ചോദ്യത്തിന് തെല്ലു മുഷിഞ്ഞുതന്നെയാണ് ഉത്തരം കൊടുത്തത്. 'എന്താ കെട്ടിച്ചു തരാൻ പ്ലാൻ ഉണ്ടോ '
അയാളും വിട്ടുകൊടുത്തില്ല 'ഉണ്ടെടോ നാലെണ്ണം,ഇളയതിനു വയസ്സു പതിനെട്ട്.നാലിനേം ഒരുമിച്ച് തനിക്ക് കെട്ടി ക്കൊള്ളാമോ?'
മറുപടി കേട്ട് ചെറുപ്പക്കാരൻ ഒന്നു ചൂളി.ബസ്സിൽ ഉള്ളവരെല്ലാം ഈ കൊമ്പുകോർക്കൽ കേട്ടു ചിരിക്കുന്നു,രസിക്കുന്നു. അപ്പോഴേക്കും അയാൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പായി.അയാൾ നിൽക്കുന്ന ആൾക്കാർക്കിട
യിലൂടെ തത്രപ്പാടിൽ ഇറങ്ങാൻ വാതിലിനടുത്തേക്ക് നീങ്ങുന്നു ആ അവസരം നോക്കി ചെറുപ്പക്കാരൻ ഒരസ്ത്രം തൊടുത്തു വിട്ടു. 'ഇറങ്ങുവാണോ, കല്യാണം ഉറപ്പിച്ചിട്ടു പോകാം.'
'ബസ്സിൽ വച്ച് കല്യാണം ഉറപ്പിക്കാൻ തക്ക ഗതി കേടൊന്നും എനിക്കില്ലെടോ' ഇറങ്ങുന്ന തിരക്കിൽ അയാളും വിട്ടുകൊടുത്തില്ല. എല്ലാവരും ആസ്വദിച്ചു ചിരിച്ചു.
   ബസ്സ് മുന്നോട്ടു നീങ്ങി അടുത്ത സ്റ്റോപ്പിൽ കഥാനായകനും ഇറങ്ങി സ്നേഹിതനെ കാത്തു നിൽക്കുന്നു.നടന്നടുത്ത അ യാളെയും കൂട്ടി ചെറുപ്പക്കാരൻ അവർക്കു പോകേണ്ട വഴിയേ . കുറച്ചു നടന്ന് ഒരു പടിപ്പുരയിൽ എത്തി. കൂട്ടുകാരൻ പടിപ്പുരയുടെ കതകു തള്ളിത്തുറന്നു. മുന്നോട്ടു നോക്കിയ ചെറുപ്പക്കാരൻ സ്തംഭിച്ചു നിന്നു പോയി. അറപ്പുര വാതിൽക്കൽ മുറുക്കിക്കൊണ്ട് ആ കുടുമക്കാരൻ ഇരിക്കുന്നു. അയാൾ കാണാൻ ചെന്ന പെണ്ണിന്റ അച്ഛൻ.
അത്രയൊക്കെ സം ഭാഷണങ്ങൾ ബസ്സിൽ വച്ചുണ്ടായിട്ടും അതുവരെ ചെറുപ്പക്കാരൻ ഒരു പെണ്ണുകാണൽ ചടങ്ങിന് പോകയാണെന്നു ഒരു സൂചനയും തരാതെ കഥ മുഴുമിപ്പിച്ചിടത്ത് അക്കാര്യം നമ്മെ അറിയിക്കുന്നു. ഇതാണ് ഞാൻ ആദ്യമേ പറഞ്ഞ ട്വിസ്റ്റ്. ഇതിനെ ട്വിസ്റ്റ്‌ എന്നല്ലാതെ എന്താ പറയുക.പെണ്ണിനെ കണ്ടോ ഇഷ്ടപ്പെട്ടോ കാർന്നൊർ എന്തു പറഞ്ഞു,കല്യാണം ഉറപ്പിച്ചോ എന്നൊന്നും നമുക്കറിഞ്ഞുകൂടാ. അഥവാ അത് അങ്ങനെ പൂർത്തീകരി ക്കാൻ തുനിഞ്ഞാൽ അതൊരു നോവലായി മാറും. ഇതു വെറും ചെറുകഥയല്ലേ?.
അടുത്തത് ഒരു വിശപ്പിന്റെ കഥയാണ്.ഏവർക്കും അറിയാവുന്ന വിഷയം. അടുത്തടുത്ത വീടുകളിലെ സതീർഥ്യർ. ഒരാൾ സമ്പന്നൻ മറ്റേയാൾ ദരിദ്രൻ.വേഷഭൂഷാ ദികൾ കൊണ്ടും ശരീരവർണ്ണന കൊണ്ടുമാണ് ആ വിവരം എഴുത്തുകാരൻ നമ്മെ മനസ്സിലാക്കുന്നത്.കുട്ടികൾ തമ്മിൽ ആത്മാർത്ഥ സ്നേഹം. ഒരുമിച്ചു സ്കൂളിൽ പോകുന്നു തിരികെ വരുന്നു.ഒരുവന്റെ കയ്യിൽ സ്കൂൾ ബാഗ്, ചോറ് കൊണ്ടുപോകാനുള്ള പാത്രം ഇടുന്ന മറ്റൊരു ബാഗ്, കുടിക്കാ നുള്ള വെള്ളമെടുക്കുന്ന വാട്ടർ ബോട്ടിൽ , പിന്നെ കുടയും മഴ വന്നാൽ കുട്ടി നനയരുതല്ലോ. മറ്റവന്റെ കയ്യിൽ വെറും പുസ്തകക്കെട്ടു മാത്രം. കാരണം അവന്റെ വീട്ടിൽ ദാരിദ്ര്യം,കുടയില്ല 
ആരു വാങ്ങിക്കൊടുക്കാൻ, അച്ഛനില്ലാത്ത കുട്ടി. അവൻ സ്കൂളിൽ നിന്നു കിട്ടുന്ന ഉച്ചക്കഞ്ഞി കുടിച്ചു വയറു നിറയ്ക്കും. കൂട്ടുകാരന്റെ അധിക ഭാരങ്ങൾ ചുമക്കുന്നതവനാണ്. അത്ര സ്നേഹവും ദയയും സഹാനുഭൂതിയും സ്നേഹിതനോട്.
രണ്ടു സഹപാഠികൾ കൂടെ അവരോടൊപ്പം ചേരുന്നു. നാലു പേരും ചേർന്ന് ആ പ്രായത്തിനു ചേർന്ന സംഭാഷണങ്ങളിൽ മുഴുകി മുന്നോട്ടു നടക്കവേ പുറകിൽ ധിം എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയ അവർ കാണുന്നത് ദരിദ്ര സഹപാഠി നിലത്തു വീണു കിടക്കുന്നതാണ്. കാല് കല്ലിൽ തട്ടിയല്ല, വിശപ്പിനാൽ തല കറങ്ങി. ആൾക്കാർ ഓടിക്കൂടുന്നു, മുഖത്ത് വെള്ളം തളിക്കുന്നു, ഉടുപ്പിന്റെ ബട്ടൻ എന്നല്ല കഥാകാരൻ പറയുന്നത് 'കുടുക്ക്' അഴിച്ചു വീശുന്നു.അപ്പോൾ കാണുന്ന അവന്റ ശരീരം എല്ലുന്തി ഒട്ടിയ വയർ അവൻ തലേന്നത്തെ അത്താഴം മുതൽ ആഹാരം കഴിച്ചിട്ടില്ലെന്ന് നമ്മെ മനസ്സിലാക്കുന്നു , ആരോ കടയിൽ നിന്നും ദോശ വാങ്ങി വരാൻ ഭരമേൽപ്പിക്കുന്നു, അതു കേട്ടു സമ്പന്നനായ കൂട്ടുകാരൻ അവന്റെ ചോറ്റുപാത്രം തുറന്നു അവന്റെ നേർക്കു വച്ച് നീട്ടി അവനെ നിർബന്ധിച്ചു കഴിപ്പിക്കുന്നു. ആ സമയത്ത് അവന്റ മനസ്സിൽക്കൂടി ഒരു ചിത്രം മിന്നി മറഞ്ഞു. റിസൾട്ട്‌ വന്ന ദിവസം ജയിച്ചെന്നറിഞ്ഞ കൂട്ടുകാരൻ വല്ലാതെ സങ്കടപ്പെട്ടത്. ജയിക്കാതിരിക്കാൻ അറിയാവുന്ന ഉത്തരങ്ങൾ പോലും തെറ്റിച്ചെഴുതിയെന്നു പറഞ്ഞത്‌.കാരണം,കഴിച്ചു കൊണ്ടിരുന്ന ഉച്ചക്കഞ്ഞി അതോടെ നിന്നു പോകുമല്ലോ എന്നോർത്ത്.ഹൈ സ്കൂളിൽ പഠിക്കുന്നവർക്ക് ഉച്ചഭക്ഷണം ഇല്ല.അവർക്കെന്താ വിശപ്പില്ലേ? വിശപ്പ് എല്ലാവർക്കും ഒരുപോലെ അല്ലേ?വിശപ്പിന് ജയത്തെക്കാൾ വിലയുണ്ടെന്നു ആ ധനാഢ്യന്റെ പുത്രൻ അന്ന് തിരിച്ചറിഞ്ഞു.
 ഏഴാമത്തെ കഥ 'എന്റെ കൃഷ്ണാ 'ഒരു കൃഷ്ണഭക്തന്റെ കഥ എന്ന കണക്കു കൂട്ടലിൽ വായിച്ചു തുടങ്ങി. ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടുന്ന യുവതീയുവാക്കൾ.മിഴികൾ യാത്രയിലുടനീളം ഇടഞ്ഞതു മാത്രം. ഇറങ്ങേണ്ട സ്റ്റേഷനിൽ കഥാനായകന് തോന്നിയ നഷ്ടബോധം പുറകേ നടന്നു വരുന്ന യുവതിയെ കണ്ടപ്പോൾ ഓടി ഒളിക്കുന്നു. ഒപ്പം ഒരു കാരണവരും. അയാൾ ഒരു കടലാസ്സു നീട്ടി 'കുഞ്ഞേ!ഈ ഓഫീസ് എവിടെയാ?'
കയ്യിൽ വാങ്ങി നോക്കിയപ്പോൾ മനസ്സു തുടി കൊട്ടി. തന്റെ ഓഫീസ് തന്നെ.
' ഇവിടടുത്താ.അവിടെന്താ '
അയാൾ ഒന്നും പുറത്തു വിടാതെ ചോദിച്ചു.
' ഇവൾക്കൊരു തൽക്കാല ജോലി. എന്റെ മോളാ '
അതുകൂടി കേട്ടപ്പോൾ ഉള്ളിൽ
ചെണ്ടമേളം ഇരട്ടിച്ചു.രണ്ടു കൂട്ടരും മുന്നോട്ടു നടന്ന് ഓഫീസ് എത്തിയപ്പോൾ അയാൾ ഒരു കെട്ടിടം ചൂണ്ടിക്കാട്ടി 'അതാ നിങ്ങൾ അന്വേഷിച്ച ഓഫീസ്.' എന്നു പറഞ്ഞു വഴി തിരിഞ്ഞു മറ്റൊരു ഭാഗത്തേക്ക്‌ പോയി.   
 താമസിക്കുന്ന ലോഡ്ജിൽ കൂട്ടുകാർ ഒരു സന്തോഷ വാർത്ത പറയുന്നു ' നമ്മുടെ ഓഫീസിൽ ഒരു പുതിയ കുട്ടി വരുന്നു.'
തന്റെ നാട്ടിൽ നിന്ന്. തന്റെ നാട്ടിൽ നിന്ന് എന്ന് പറഞ്ഞത്‌ ഒരു പുതിയ അറിവായിരുന്നു.വീണ്ടും മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. പക്ഷെ പുറത്തു പറഞ്ഞതിതാണ് 
'ഓ അതിനെന്താ ഒരു പെണ്ണല്ലേ?
അവിടെയും അയാൾ ആ പെൺകുട്ടിയോടൊപ്പമാണ് വന്നത് എന്നത് മറച്ചു പുശ്ചിച്ചു. അവർ ഏവരും റെഡിയായി ഓഫീസിലേക്ക് പോയി. കുളിയൊക്കെ കഴിഞ്ഞ് ഫ്രഷായി അയാളും. ചെന്നപ്പോൾ കാണുന്ന കാഴ്ച പെൺകുട്ടിയുടെ അച്ഛന് ചുറ്റും കൂട്ടുകാർ.അയാളെ
കണ്ടതും കാർന്നോർ അത്ഭുതം കൂറി. കൂട്ടുകാർ കളിയാക്കാനും.
അവളെ സ്വന്തം സെക്ഷനിൽ ത ന്നെ അസിസ്റ്റന്റായി കിട്ടിയപ്പോൾ മനസ്സിൽ പൂത്തിരി കത്തി. അച്ഛൻ 
പുറപ്പെടാൻ നേരം അയാളുടെ അടുത്ത് അവളെ ഭരമേപ്പിക്ക കൂടി ചെയ്തപ്പോൾ എല്ലാം തിക ഞ്ഞപോലെ അയാൾ ആനന്ദസാ ഗരത്തിൽ ആറാടി. ദിവസങ്ങൾ കഴിയവെ ഒപ്പം നാട്ടിലേക്കുള്ള പോക്കുവരവുകൾ കൂടിയായി. കൂട്ടുകാരുടെ കളിയാക്കലുകൾ അറുതിയില്ലാതായി. ഉള്ളു കൊണ്ട് അയാൾ സന്തോഷിച്ചു പുറമേ വൈമുഖ്യവും.
 ഒരു സുപ്രഭാതത്തിൽ ആ പോസ്റ്റിലേക്ക് പി എസ് സി യുടെ നിയമന ഉത്തരവുമായി ഒരാൾ എത്തി. പെൺകുട്ടിയെ പിരിച്ചു വീട്ടിട്ടുവേണം ആ സീറ്റിൽ പുതിയ ആളെ ഇരുത്താൻ.കഥാനായകന്റ മനസ്സു കലങ്ങി. എങ്ങനെ കല ങ്ങാതിരിക്കും? തൊട്ടടുത്ത സീറ്റിൽ ഇരുന്ന് ജോലി ചെയ്തിട്ടു കൂടി ഉള്ളിലുള്ളത് തുറന്നു പറയാൻ ഇന്നേ വരെ പറ്റിയിട്ടില്ല.
വിങ്ങി പൊട്ടി യാത്ര പറയാൻ അടുത്തു വന്നിട്ടു കൂടി ഉള്ളിലുള്ള കാര്യം പറയാൻ സൗകര്യം കിട്ടിയില്ല.നാട്ടിൽ ചെല്ലുമ്പോൾ ആരെങ്കിലുമായി അവളുടെ വീട്ടിൽ പോകാം കാര്യങ്ങൾ സംസാരിച്ച് തീരുമാനത്തിൽ എത്താം. അവൾ തനിക്കു തന്നെ. അയാൾ ആശ്വസിച്ചുറപ്പിച്ചു.
  മാസങ്ങൾക്കു ശേഷം ലഭിക്കുന്ന ഒരു കത്ത്, വെറും കത്തല്ല. ക്ഷണക്കത്ത്. അവളുടെ വിവാഹക്ഷണക്കത്ത്. വരന്റെ പേര് വായിച്ചപ്പോൾ കണ്ണ് തിമിരത്താൽ എന്ന വിധം അന്ധമായി. ഒരുമിച്ച് താമസിച്ച്, ഒരേ ഓഫീസിൽ ജോലിചെയ്ത, അവളുടെ പേരു ചേർത്ത് തന്നെ കളിയാക്കാൻ മുൻ പന്തിയിൽ നിന്നിരുന്ന, അവൾക്കു പിന്നാലേ ഏതാനും മാസങ്ങൾക്കു മുൻപ് ,സ്ഥലം മാറിപ്പോയ, ഗോപാലകൃഷ്ണൻ.ഒരു ക്ലൂവും തരാതെ കടന്നു പോയ അവനെ എങ്ങനെ വിളിക്കാതിരിക്കും 'എന്റെ കൃഷ്ണാ 'എന്ന്.
 അടുത്തത് 'അരി വച്ചാൽ ചോറാ 'തലക്കെട്ടിൽ തന്നെ ഒരു പുതുമ ദർശിക്കാം. കെട്ടും മട്ടും ഭാവവും മാത്രമല്ല സ്വഭാവവും അ യാളെ ഒരു നാരദനാക്കി. നാട്ടിൽ അയാൾക്കൊരു പേരു വീണു.
നാരദനാശാൻ.ഏഷണിയും കുശുമ്പും പരദൂഷണവും കൈ മുതലായ അയാളെ വേറെന്തു പേർ വിളിക്കും? വേഷവും ഏതാണ്ട് അതുപോലെ പുരാണത്തിലെ നാരദനെപ്പോലെ.
യോജിച്ചിരിക്കുന്നവരെ തമ്മിൽ അടിപ്പിക്കലാണ് മുഖ്യജോലി. അതിൽ ഒരു പ്രത്യേക സുഖം അയാൾ അനുഭവിക്കുന്നു.
നാട്ടിലെ ഒരു പ്രമാണിയാണ് ഇട്ടുണ്ണിശ്ശാർ. അയാൾക്ക് രണ്ടാണ്മക്കൾ. കൊച്ചൂഞ്ഞു പിള്ളയും കോന്തുള്ളയും.രണ്ടു ശരീരവും ഒരാത്മാവും,അവർ അതായിരുന്നു . അവരുടെ ഭാര്യമാരും വ്യത്യസ്തരല്ല.നല്ല യോജിപ്പ്.ആശാൻ നോട്ടമിട്ടു വച്ചിരുന്ന ഒരു കുടുംബം. അങ്ങനെയിരിക്കെ അച്ഛൻ കിട്ടുണ്ണിശ്ശാർ മരിച്ചു.അതു ആശാന് തന്റെ ഇച്ഛയ്ക്ക് മാർഗം തെളിച്ചു. കലി നളനെ ബാധിക്കാൻ തക്കം പാർ ത്തപോലെ. ആശാൻ കാത്തിരുന്നു.ചടങ്ങുകൾക്കും അടിയന്തിരത്തിനും നാരദനാശാൻ സജീവമായി പങ്കെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ആശാൻ വെറുതേ ആ വീട്ടിലേക്ക് കയറിച്ചെന്നു.ജേഷ്ടാനുജന്മാർ ആതിഥ്യമര്യാദ കാട്ടി ആശാനേ സൽക്കരിച്ചിരുത്തി.നാട്ടു വാർത്തമാനവും വീട്ടുകാര്യങ്ങളും കഴിഞ്ഞ് പൂമുഖത്തു നിന്നിറങ്ങുബോൾ ആശാൻ അനുജനെ തോണ്ടി വിളിച്ച് പടിപ്പുരയിലേക്ക് നടന്നു.
ഇറങ്ങുന്നതിനു മുൻപ് ആശാൻ കൊന്തുള്ളയുടെ ചെവിയിൽ പറഞ്ഞു. "അരി വച്ചാൽ ചോറാ." വിശദീകരണം ഒന്നും നൽകാതെ പെട്ടെന്ന് പടിയിറങ്ങിപോവുകയും ചെയ്തു. പടിപ്പുര അടച്ചു തിരിഞ്ഞു നടക്കുമ്പോൾ അനുജന്റെ മനസ്സിൽ അയാൾ പറഞ്ഞതിന്റെ പൊരുൾ അന്വേഷിക്കുകയായിരുന്നു. ആശാൻ അനുജനെ വിളിച്ചുകൊണ്ടു പോകുന്നതും ചെവിയിൽ എന്തോ മന്ത്രിക്കുന്നതും കണ്ടുകൊണ്ട് അക്ഷമനായി ജേഷ്ഠൻ നിൽക്കുകയായിരുന്നു. കയറി വന്ന അനുജനോട് അയാൾ ചെവിയിൽ എന്താണ് പറഞ്ഞത് എന്നു ചോദിച്ചു. ആലോചിച്ച് കയറിവന്ന അനുജൻ ആദ്യം ഉത്തരമൊന്നും കൊടുത്തില്ല വീണ്ടും ചോദിച്ചപ്പോൾ പെട്ടെന്ന് അനുജൻ ഉത്തരം കൊടുത്തു. അരി വച്ചാൽ ചോറാത്രേ.ആ ഉത്തരം ജേഷ്ടന് ഇഷ്ടപ്പെട്ടില്ല ആർക്കാണറിയാത്തത് അരി വച്ചാൽ ചോറാന്ന്‌. നാളുകൾ മുന്നോട്ടു നീങ്ങി ആശാനേ കണ്ട് പറഞ്ഞതിന്റെ പൊരുൾ തിരിക്കാൻ അനുജനും അനുജൻതന്നിൽ നിന്നും എന്തോ ഒളിക്കുന്നെന്നു ജേഷ്ടനും. പെട്ടെന്ന് അല്ലെങ്കിൽ തന്നെ കളിയാക്കി പറഞ്ഞതെന്ന് ജേഷ്ടൻ പൂർണമായും വിശ്വസിച്ചു. ഉള്ളിൽ നീരസത്തോടെ പരസ്പരം കണ്ടാൽ മിണ്ടാതെ, ഭാര്യമാർ ഒന്നും മനസ്സിലാകാതെ, രണ്ടടുക്കളയിൽ തീ പൂട്ടിയും ഒരുമിച്ചുണ്ടും ഒരു പായിൽ ഉറങ്ങി കളിച്ചും ചിരിച്ചും ജീവിച്ച മക്കളെ തമ്മിൽ മിണ്ടിക്കാതെ വീടിന്റ നടുവിൽ മറവച്ചു തിരിച്ചും. ജീവിതം ആരംഭിച്ചു. ഇതെല്ലാം കണ്ട് ഉള്ളാലെ സന്തോഷിച്ച് ആശാൻ വിജിഗീഷുവായി ഞെളിഞ്ഞു നടന്നു.
        ഉപകാരസ്മരണ, സാറിന് സുഖമല്ലേ എന്നീ രണ്ടു കഥകളാണ് ഇനിയുള്ളത്. ഇതു രണ്ടും ഒന്നും എഴുതാതെ വിടട്ടെ എന്നു ഞാൻ ചിന്തിക്കാതിരുന്നില്ല. കാരണം പുസ്തകം വാങ്ങി വായിക്കുന്നവർക്ക് ഇതെങ്കിലും സ്വയം വായിക്കാൻ അവസരം കൊടുക്കണമല്ലോ. എങ്കിലും
ഒരു ബസ്സ് യാത്രയിൽ കൂട്ടുകാരനെ സഹായിച്ചതിന്റ ഭവിഷ്യത്താണ് ഒന്നാമത്തേത്. അധ്യാപകരുടെ ദയനീയ അവസ്ഥയെ വരച്ചു കാട്ടു ന്നതാണ് രണ്ടാമത്തേത്. ഈ ചെറുകഥകൾ അറുപതിനു മേൽ വർഷങ്ങൾ പിന്നിട്ടെങ്കിലും ഓരോന്നും ഒന്നിനൊന്നു മെച്ചമായി തലമുറകൾക്കു വായിച്ച് രസിക്കാം എന്ന ഉത്തമ ബോധ്യത്തോടെ ഇനിയുള്ള രചനകൾ കൂടി പുസ്തക രൂപമാകാൻ ഈശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട്,

Mary Alex (മണിയ)

  
 ഒരു സമകാലീന  എഴുത്തുകാരി.