എൻ്റെ കഴുതയും ഞാനും: കവിത, ഡോ. ജേക്കബ് സാംസൺ

എൻ്റെ കഴുതയും ഞാനും: കവിത, ഡോ. ജേക്കബ് സാംസൺ
കഴുത
എന്നെയും
ചുമന്നുകൊണ്ട്
യാത്ര തുടങ്ങിയിട്ട്
കാലം കുറേയായി.
സംഭവിച്ചതെല്ലാം
നല്ല ഓർമ്മയുണ്ട്
അന്ന് കൂടെയുണ്ടായിരുന്ന
 പലരും കുതിരപ്പുറത്ത്
ചാടിക്കയറി ഓടിച്ച് പോയി
ദീർഘവീക്ഷണമുള്ള ചിലർ
ഒട്ടകത്തിന്റെ പുറത്ത് കയറി
ഒന്നിനും പ്രാപ്തിയില്ലാതെ
ഞാൻ മാത്രം വായുംപൊളിച്ചു
നിന്നു
അപ്പോൾ
ആരെല്ലാമോ ചേർന്ന്
എനിക്ക് വേണ്ടി ഈ കഴുതയെ
കൊണ്ടുവന്നു.
ആഘോഷമായി
എന്നെ 
കഴുതപ്പുറത്തിരുത്തിയ
ദിവസം ഇപ്പോഴും
എനിക്കോർമ്മയുണ്ട്.
അന്ന് തുടങ്ങിയതാണ്
യാത്ര
കഴുത എന്നെയും
ചുമന്ന് കൊണ്ട്പോകുന്നത്
കണ്ടുനിന്നവർ പറഞ്ഞു:
"ബുദ്ധിയില്ലാത്ത കഴുത"
ഞാനത് ശ്രദ്ധിക്കാതെ
കഴുതപ്പുറത്തിരുന്ന്
ആപ്പിൾ തിന്നുകയായിരുന്നു.
പോകുന്ന വഴിയിൽ
ആവശ്യമുള്ളതും
ആവശ്യമില്ലാത്തതുമെല്ലാം
ഞാൻ സഞ്ചിയിലാക്കി
കഴുത അതെല്ലാം 
ചുമന്നുകൊണ്ട്
മുന്നോട്ട് നടന്നു
യാത്രക്കിടയിൽ
കുതിരപ്പുറത്തു
പാഞ്ഞുപോയ ഒരുത്തൻ
നടുവൊടിഞ്ഞ്
വഴിയിൽ 
കിടക്കുന്നതുകണ്ടു
ഞാനും 
എൻ്റെ കഴുതയും
വീണ്ടും മുന്നോട്ട് പോയി
ആൾക്കൂട്ടം
കഴുതയെ നോക്കിപ്പറഞ്ഞു
"ബുദ്ധിയില്ലാത്ത മരക്കഴുത
അതിന്റെ മുഖം കണ്ടാലറിയാം"
ഞാൻ കഴുതയുടെ
മുഖത്തോട്ടു നോക്കി
എനിക്ക് ചിരി വന്നു
"ശരി തന്നെ ബുദ്ധിയില്ലാത്ത ജന്തു"
ഞാനും പറഞ്ഞു
കഴുതക്ക് ദേഷ്യം വന്നു.
എന്നെകുലുക്കിതള്ളിയിട്ടു.
ചവിട്ടാനായി കാലുയർത്തിയെങ്കിലും
വേണ്ടെന്ന് വച്ച് മുന്നോട്ട് നടന്നു.
നാലുചുവടുവച്ചപ്പോൾ
കഴുത വിചാരിച്ചു;
"ഇവിടെ ഇട്ടിട്ട് പോയാൽ
ഇവനെന്തു ചെയ്യും.?
ഈ ഭാരങ്ങളില്ലാതെ
ഞാനെങ്ങനെ ജീവിക്കും?"
കഴുത തിരിച്ചുവന്നു.
എന്നെയും ചുമന്നുകൊണ്ട്
യാത്ര തുടർന്നു.
അപ്പോൾ കണ്ടുനിന്നവർ
പറഞ്ഞു
"പാവം കഴുത"
ഞാൻ പറഞ്ഞു
"അത്ര പാവമൊന്നുമല്ല"
മറ്റുള്ളവരോട്
യോജിക്കാതിരിക്കാൻ
ഞാൻ പഠിച്ചു.