മാഹിയെ കുറിച്ചുള്ള വിവാദ പരാമര്‍ശം; സിപിഎമ്മിന്റെ പരാതിയില്‍ പിസി ജോര്‍ജിനെതിരെ കേസ്

മാഹിയെ കുറിച്ചുള്ള വിവാദ  പരാമര്‍ശം; സിപിഎമ്മിന്റെ പരാതിയില്‍ പിസി ജോര്‍ജിനെതിരെ കേസ്

സബ: മാഹിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിനെതിരെ പൊലീസ് കേസ്. മാഹി സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി നല്‍കിയ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.

14 വര്‍ഷം മുന്‍പ് മാഹി വേശ്യകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു എന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്.

ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നു മാഹി എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ടി രമേശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു പിസിയുടെ വിവാദ പരാമര്‍ശം. എന്നാല്‍ പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവും ഖേദപ്രകടനവുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

മാഹി ഇപ്പോള്‍ കൂടുതല്‍ സുന്ദരമായി എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ബി ജെ പിയും പി സി ജോര്‍ജിനെ തള്ളിപ്പറഞ്ഞിരുന്നു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അത്യന്തം അപലപനീയവും ഖേദകരവുമാണെന്നാണ് ബി ജെ പി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി ദിനേശന്‍  പറഞ്ഞത്..