തലപ്പാറ പള്ളിയും ആദ്യ കുർബാന സ്വീകരണവും: ജയ്മോൻ ദേവസ്യ

തലപ്പാറ പള്ളിയും ആദ്യ കുർബാന സ്വീകരണവും: ജയ്മോൻ ദേവസ്യ

ജയ്മോൻ ദേവസ്യ

ഭാഗം 4  

 

കാണാതെ പോയ ലാംബ് ആരെടുത്തതായിരിക്കും...? നാട്ടിൽ അക്കാലത്തു നടന്ന ഏറ്റവും വലിയ ചർച്ചകളിൽ ഒന്നായിരുന്നു അത്. വിദേശത്തു നിന്ന് കൊണ്ടുവന്ന ആ ലാംബിൽ വജ്രം പതിപ്പിച്ചിട്ടുണ്ടെന്ന് വരെ ചില വിദ്വാൻമാർ പറഞ്ഞു ഫലിപ്പിച്ചു...എടുത്തതാരെന്ന് ആർക്കും അറിയില്ല .. എന്നാൽ മിക്കവർക്കും അറിയുകയും ചെയ്യാം.. എന്നതായി അതിൻ്റെ അവസ്ഥ. നാട്ടിലെ ഒരാളെ എല്ലാവർക്കും സംശയമായിരുന്നു ...
 അവിടെ വന്ന പലരും ഇക്കാര്യത്തിൽ ഇയാളെ വഴക്കു പറഞ്ഞതായും പിന്നീട് ഈ ലാംബ് തിരികെ നൽകിയതായും നാളുകൾക്ക് ശേഷം പറഞ്ഞു കേട്ടു.... നാട്ടിൽ എൻ്റെ അറിവിൽ നടന്ന ആദ്യ മോഷണങ്ങളിൽ ഒന്നായിരുന്നു ഇത്. 

ഏതായാലും ഇന്ദിരാഗാന്ധിയുടെ ശവസംസ്കാരം തീർന്നതോടെ ടിവി കാണാൻ പോകുന്ന പരിപാടിക്ക് ശുഭപര്യവസാനമായി എന്നു പറഞ്ഞാൽ മതിയല്ലാെ..!

അക്കാലങ്ങളിലാണ്  തലപ്പാറയിൽ ഒരു പുതിയ കുരിശുപള്ളി പണിയുന്നത്. തലപ്പാറയിൽ പട്ടശ്ശേരി കുട്ടപ്പൻ ചേട്ടൻ്റെ വീടിന് എതിർവശത്ത് ഒറ്റമുറി കപ്പേള ഒരെണ്ണം ഉണ്ടായിരുന്നു. സെൻ്റ് ആൻ്റണീസിൻ്റെ നാമധേയത്തിൽ ഉള്ള ഒരെണ്ണം. അച്ചനും ഒരു മേശയ്ക്കും മാത്രം ഇടമുളള വിധത്തിൽ വളരെ ചെറിയ ഒരു മുറി  ആയിരുന്നു ആ കപ്പേള. എല്ലാ ചൊവ്വാഴ്ചകളിലും അവിടെ വൈകിട്ട് കുർബാനയും അന്തോനീസ് പുണ്യവാളൻ്റെ നൊവേനയും അവിടെ  ഉണ്ട്. അതു കൂടാൻ വരുന്ന സ്ത്രീകൾക്ക് കപ്പേളയുടെ തൊട്ടു ചേർന്നുള്ള വഴിയുടെ ഓരവും ആണുങ്ങൾക്ക് വൈക്കം-തൊടുപുഴ റോഡിന് എതിർവശത്തുമായിരുന്നു സ്ഥാനം. ഞാൻ ഈ ഭാഗത്ത് നിന്ന് നൊവേന കൂടിയതിൻ്റെ ഓർമ്മയിൽ ചില കണ്ടുപിടുത്തങ്ങളും കൂടിയുണ്ട്. ട്രാൻസ്പോർട്ടു ബസുകൾക്ക്  'KLX'-ൽ ആണ് വാഹന നമ്പർ തുടങ്ങുന്നതെന്ന് ഞാൻ കണ്ടുപിടിച്ചത്  വഴി വക്കിൽ നിന്ന്  നൊവേന കൂടിയതിൻ്റെ ഫലമായാണ്. ഈ ഭാഗത്തിന് തൊട്ടടുത്തായി സുകുമാരൻ ചേട്ടൻ്റെ തടിമില്ല് ഉണ്ട്.  വൈകിട്ട് മരപ്പണി എല്ലാം കഴിയുമ്പോൾ മില്ലിലുപയോഗിക്കുന്ന വാൾ അടുത്ത ദിവസത്തേക്കായി രാകി മൂർച്ച കൂട്ടുന്നതിൻ്റെ പല്ലിന് പുളിപ്പുണ്ടാക്കുന്ന ഒരു ശബ്ദം ഈ നൊവേന സമയങ്ങളിൽ മിക്ക ദിവസവും കേൾക്കാറുണ്ട്. ഈ തടിമില്ലിന് മുൻപിലായി നിറയെ വെളുപ്പും ചുവപ്പ് ലൈനിങ്ങും ഉള്ള പൂവ് കുലക്കണക്കിന് ഉണ്ടാകുന്ന വലിയൊരു ഈഴചെമ്പകം നിൽപ്പുണ്ട്. മിക്ക ദിവസങ്ങളിലും ഞങ്ങൾ കൂട്ടൂകാരെല്ലാം ചേർന്ന് ഇതിൽ നിന്ന് പൂവ് ഇറുത്ത് അന്തോനീസ് പുണ്യവാളൻ്റെ മുൻപിൽ അലങ്കരിക്കാറുമുണ്ട്. വലിയൊരു മരമായി മാറിയിരുന്ന ഈഴചെമ്പകത്തിൻ്റെ ആകൃതി വളരെ കൗതുകമുള്ളതായിരുന്നു. 

കപ്പേളയുടെ വടക്കുവശത്തെ കെട്ടിടത്തിലാണ് അക്കാലത്തെ സജീവമായ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബായിരുന്ന "തരംഗം ആർട്ട്സ് ആന്റ് സ്‌പോർട്ട്സ് ക്ലബ്" പ്രവർത്തിച്ചിരുന്നത്.


കപ്പേളയോട് ചേർന്ന് തെക്ക് ഭാഗത്തായി തൃക്കരായിക്കുളം റോഡ് മെയിൻ റോഡിൽ വന്ന് കയറുന്ന സ്ഥലത്തിൻ്റെയും ഉള്ളിലായി   കഷ്ടിച്ച് അര-മുക്കാൽ സെൻ്റ് സ്ഥലം  ത്രികോണ ആകൃതിയിൽ ഉണ്ട്.. ഒരു ഭാഗം കപ്പേളയുടെ വശം കഴിഞ്ഞാൽ ബാക്കി മുഴുവൻ വഴികളാൽ ചുറ്റപ്പെട്ട സ്ഥലം ആണിത്. ഇവിടെയുള്ളത് ഒരു ഓലപ്പുരയാണ്. ഇതിൻ്റെ വടക്കേ അതിരിലായാണ് കപ്പേള. ഈ ചെറിയ വീട്ടിലാണ് എൻ്റെ കളി കൂട്ടുകാരൻ്റെ  കുടുംബം താമസിക്കുന്നത്. അവന് രണ്ടു പെങ്ങന്മാരുണ്ട്. അപ്പൻ്റെ മാതാപിതാക്കളും ഉണ്ട്.  ഇവൻ്റെ അപ്പനും അമ്മയും കൂടി ചേർന്നാൽ ഏഴു പേർ താമസിക്കുന്ന ഒരു ചെറിയ വീടായിരുന്നു അത്. അവൻ്റെ വല്യമ്മ ഈറ്റ കീറി കൊട്ടയും മുറവും കെട്ടും. കൊട്ടയുടെ അസംസ്കൃത വസ്തുക്കളിൽ പ്രധാനമാണ് ഈറ്റ . ഈറ്റ. കൂടാതെ തെങ്ങിൻ്റെ ഓല മടലിൻ്റെ പൊളിയും കൂടെ ചേർക്കാറുണ്ട്. വീട്ടിൽ  തേങ്ങാ ഇടുന്നതിൻ്റെ കൂടെ വെട്ടിയിടുന്ന പച്ച ഓലയുടെ  പൊളി ഇവരും പിന്നെ വീടിൻ്റെ അടുത്തുള്ള അമ്മിണിചേച്ചിയും വന്ന് എടുക്കാറുണ്ട്. ഉമേഷിൻ്റെ അപ്പന് റബർ ടാപ്പിംഗാണ് ജോലി. അപ്പൻ്റെ അപ്പന് ശവപ്പെട്ടി നിർമ്മാണവും. പൊതിയിലെ നിരപ്പേൽ പള്ളിയുടെ അടുത്തുള്ള കെട്ടിടത്തിലായിരുന്നു  ശവപ്പെട്ടി നിർമാണവും കച്ചവടവും  നടത്തിയിരുന്നത്.  കപ്പേള പോലെ തന്നെ കൂട്ടുകാരന്റെ വീടും അസൗകര്യങ്ങൾ മൂലം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. എന്തായാലും എന്റെ സുഹൃത്ത്  കുറച്ചു വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം വിറ്റ് പൊതി ഭാഗത്തേക്ക് താമസം മാറി.

ഇങ്ങനെ സ്ഥലപരിമിതി മൂലം  വിഷമിച്ച് നൊവേനയെല്ലാം നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അന്നത്തെ വികാരിയായിരുന്ന ലൂയീസച്ചനു ശേഷം  ജേക്കബ് ഇളംകുറ്റിച്ചിറ എന്നു പേരുള്ള വൈക്കം കാരനായ വൈദികൻ തലയോലപ്പറമ്പു പള്ളി വികാരിയായി വരുന്നത്. അപ്പച്ചൻ്റെ അകന്ന ബന്ധത്തിൽ ഉള്ള ഒരച്ചനാണ്. തലപ്പാറ കപ്പേളയുടെ ഈ ശോച്യാവസ്ഥ കണ്ടപ്പോൾ തലപ്പാറയിൽ ഒരു കുരിശുപള്ളി തന്നെ പണിയുവാൻ  ജേക്കബച്ചൻ തീരുമാനിച്ചു.

പള്ളി പണിയുവാൻ പന്തലാട്ട് എന്ന വീട്ടു പേരുള്ള ചാക്കോച്ചൻ ചേട്ടൻ കപ്പേളയുടെ അടുത്ത് കുറച്ചു കൂടി തലപ്പാറ ജംഗ്ഷനോട് ചേർന്ന് മെയിൻ റോഡരുകിൽ തന്നെ സ്ഥലം നൽകിയതോടെ പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു. പാറയുടെ മുകളിൽ ഏകദേശം വൃത്താകൃതിയിൽ ഒരു പളളി പണിതു. അതിൻ്റെ നിർമ്മാണത്തിൻ്റെ സമയങ്ങളിൽ അവിടെ എത്തി പണിയുന്നത് കാണുക  എൻ്റെയും അനിയൻ്റെയും അക്കാലത്തെ ഹോബി ആയിരുന്നു. പ്രത്യേകിച്ച് മൊസൈക് പണികൾ . സ്കെയിലിൻ്റെ വീതിയിൽ ഗ്ലാസുകൾ കീറി അത് ചതുരാകൃതിയിൽ അടുക്കി അതിനുള്ളിൽ മൊസെെക് മിശ്രിതം നിറച്ചായിരുന്നു മൊസൈക്കിലെ ചതുര ഡിസൈൻ വരുത്തിയത്. ആ പണികൾ നടത്തിയത് തനി അങ്കമാലി ഭാഷ സംസാരിക്കുന്ന കുറച്ച് അങ്കമാലിക്കാർ ആയിരുന്നു.പോളിഷിംഗ്‌ മിഷ്യൻ വച്ചും, പോളിഷ് കല്ല് കൈയ്യ് കൊണ്ട് ഉരച്ചും അവർ  പളളിയുടെ തറയെല്ലാം വളരെ മിനുസമുള്ള മൊസൈക് ഫ്ലോർ ആക്കുന്നത് കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം. അന്ന് പള്ളി പണിയാൻ ഒരു ലക്ഷം രൂപാ ചിലവായതായും ഈ പണം ഒരജ്ഞാതൻ അച്ചനെ ഏൽപ്പിച്ചതായിട്ടുമാണ് അന്ന് പറഞ്ഞു കേട്ടത്. വാഹനത്തിൽ പോയ ആരോ കപ്പേളയുടെ സൗകര്യമില്ലായ്മ കണ്ടപ്പൊൾ അത് മാറ്റുന്നതിന് വേണ്ടി അച്ചൻ്റെ കൈവശം ഒരു ലക്ഷം രൂപാ നൽകി എന്നാണ് കഥ. കഥയും സത്യവും എന്തായാലും മനോഹരമായ ഒരു കുരിശുപള്ളി അവിടെ പണിതു.

അങ്ങിനെ പള്ളി പണി കഴിഞ്ഞ ആ വർഷത്തിൽത്തന്നെ കുരിശുപള്ളിയാണെങ്കിലും ഇവിടെ പെസഹാ തിരുകർമ്മങ്ങൾ നടത്തി.

പെസഹായുടെ തിരുകർമ്മങ്ങളിൽ പ്രധാന പരിപാടിയായ കാലു കഴുകൽ ശുശ്രൂഷയ്ക്ക് ഇരുത്തിയ ശിഷ്യന്മാരായ 12 പേരിൽ ഒരാൾ ഞാനായിരുന്നു. അങ്ങിനെ അവിടെ ആകെ നടന്ന പെസഹാ തിരുകർമ്മത്തിൽ ഇരുന്ന പന്ത്രണ്ട് ശ്ലീഹന്മാരിലൊളെന്ന ഒരിക്കലും തിരുത്താൻ പറ്റാത്ത റിക്കാർഡ് എനിക്ക് സ്വന്തമായി. 

പള്ളി പണി കഴിഞ്ഞ അടുത്ത വർഷം  ഈ പളളിയിൽ ആദ്യകുർബാന സ്വീകരണം  നടന്നു. എന്റെ അനിയനുൾപ്പടെ പത്ത് പതിനെട്ടു പേർ അന്നവിടെ കുർബാന സ്വീകരിച്ചു.

അതിനും രണ്ടു വർഷം മുൻപായിരുന്നു എൻ്റെ ആദ്യകുർബാന സ്വീകരണം ..അതു നടന്നത് തലയോലപ്പറമ്പ് ഇടവക പള്ളിയിലായിരുന്നു.

അതിനായുള്ള ഒരുക്കത്തിൻ്റെ ആദ്യദിവസങ്ങളിൽ വീട്ടിൽ വച്ച് പഠിക്കാൻ തന്ന നമസ്കാരങ്ങളൊക്കെ    പഠിക്കാതെ ചെന്നതിനാൽ എന്നെ അക്കൊല്ലം കുർബാന കൈ കൊള്ളിക്കില്ല എന്നു പറഞ്ഞ് സിസ്റ്റർമാർ തിരിച്ചയക്കാൻ  തുടങ്ങിയതാണ്. പക്ഷെ വട്ടംകണ്ടത്തിലെ ത്രേസ്യാകുട്ടി ചേച്ചി എന്നെ വിളിച്ച്   ഒറ്റക്കിരുത്തി പഠിപ്പിച്ചു. അങ്ങിനെ അക്കൊല്ലം ഞാൻ കുർബാന കെെക്കൊണ്ടു. ഏതാണ്ട് 60 കുട്ടികളേക്കാൾ കൂടുതലുണ്ടായിരുന്നു അക്കൊല്ലം കുർബാന സ്വീകരണത്തിനുള്ള കുട്ടികൾ. ഞങ്ങളിൽ നിന്നും ലീഡർമാരെ നറുക്കിട്ട് തിരഞ്ഞെടുത്തു. കുർബാന സ്വീകരണ സമയത്ത് പള്ളിയിൽ നിരന്ന് നിൽക്കുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്നതും, അപ്പവും വീഞ്ഞും കാഴ്ചയായി ബലി വേദിയിലേക്ക് നൽകുന്നതും അവരാണ്. ആൺകുട്ടികളുടെ ഭാഗത്തു നിന്നും പെൺകുട്ടികളുടെ ഭാഗത്തു നിന്നും ഓരോരുത്തരെയാണ് തിരഞ്ഞെടുത്തത്. പേരെഴുതി നറുക്കിടുന്നതിൽ ആൺകുട്ടികളുടെ ഭാഗത്തു നിന്നും കൃത്യം പേരു വീണത് എൻ്റേത് തന്നെ..

പെൺകുട്ടികളിൽ കളങ്ങോത്തു പാപ്പു ചേട്ടൻ്റെ മകളും. അങ്ങിനെ ഏറ്റവും മുന്നിൽ നിൽക്കുവാനും കൂടെ ബാക്കിയുള്ള കുട്ടികളെയെല്ലാം ലീഡുചെയ്യുന്നതിനും എനിക്ക് അവസരം കിട്ടി. വീട്ടിലാണെങ്കിലും വളരെ ഗംഭീരമായാണ് ആദ്യ കുർബാനയുടെ  പരിപാടികളൊക്കെ നടത്തിയത്. ഒരാടിനെ കൊന്നു കറിവച്ചു. ഉച്ചക്ക് സ്വന്തപ്പെട്ടവരും അയൽക്കാരുമെല്ലാമായി പത്ത് എഴുപത്തി അഞ്ചു പേരുടെ പരിപാടി ആയിരുന്നു. അക്കാലങ്ങളിൽ ആദ്യകുർബാന സ്വീകരണം അത്ര ഗംഭീരമായിട്ടൊന്നും നടത്താറില്ല. പക്ഷെ അപ്പച്ചന് എൻ്റെ കുർബാന കൈക്കൊള്ളൽ നന്നായിട്ടു നടത്തണമെന്ന് ആഗ്രഹമായിരുന്നു. അതിലെ നായകസ്ഥാനം എനിക്കും. കുർബാന സ്വീകരണത്തിന് കിട്ടാറുള്ള ഒത്തിരി സമ്മാനങ്ങളും എനിക്കന്ന് കിട്ടി. വായന എന്ന ശീലം എനിക്ക് ലഭിച്ചതും ഈ കുർബാന സ്വീകരണത്തോടെ ആയിരുന്നു ..ഗലീലിയോ ഗലീലിയും, ഗുരു പറഞ്ഞ കഥകളും ആയിരുന്നു അതിൻ്റെ കാരണക്കാർ ....


ആദ്യകുർബാന സ്വീകരിക്കുന്നവർക്ക് ചെറിയ സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്. പുതിയ ഷർട്ടും നിക്കറും  ബുക്കുകളും എനിക്കും  സമ്മാനമായി കിട്ടി. ഇന്നത്തെ സാധാരണ സമ്മാനങ്ങളായ ക്വാർട്ട്സ് ക്ലോക്കുകൾ അന്ന് കുറഞ്ഞ വിലക്ക് കിട്ടുന്ന പതിവില്ലാത്തതിനാൽ അക്കാലങ്ങളിൽ അതൊന്നും സാധാരണ ആരും നൽകാറില്ല. ഇനി കിട്ടിയാൽ കൊടുക്കുന്നവർ  അന്നത്തെ ഏറ്റവും വലിയ ധനാഢ്യർ ആണെന്ന് കരുതിക്കൊള്ളണം. 

അക്കാലത്ത് ക്വാർട്സ് ക്ലാേക്കുകളുടെ വില  അത്രത്തോളം വലുതാണ്. കീ കൊടുക്കുന്ന പെൻറുലം ക്ലോക്കുകളുടെ കാലമാണന്ന്. ആഴ്ചയിലൊരിക്കൽ വലത്തോട്ടും ഇടത്തോട്ടും കീ കൊടുക്കേണ്ട ക്ലോക്കുകളാണ് പെൻറുലം ക്ലോക്കുകൾ. കീ നൽകുമ്പോൾ മുറുകുന്ന സ്പ്രിങ്ങുകൾ പെൻഡുലം ആടുന്നതനുസരിച്ച് അയയുന്ന സംവിധാനമാണതിൽ. അയയുന്ന സ്പ്രിങ്ങുകൾ മുറുകുന്നതിനായാ ണ് ആഴ്ചയിൽ ഒരിക്കൽ കീ കൊടുക്കുന്നത്. രണ്ടു കീകൾ ടൈറ്റ് ചെയ്യണം. ഒന്ന്  ഈ പറഞ്ഞ പെൻഡുലത്തിന് വേണ്ടിയും ഒന്ന് മണിക്കൂർ തികയുമ്പോൾ അടിക്കുന്ന ബെല്ലിന് വേണ്ടിയും ഉള്ളതാണ്.

കുർബാന സ്വീകരണത്തിന്,എനിക്കു കിട്ടിയ സമ്മാനങ്ങളിൽ ഏറ്റവും പ്രയോജനപ്പെട്ടതും ഇന്നും ആർക്കും നൽകാത്ത വച്ചിരിക്കുന്നതും അന്നു കിട്ടിയ രണ്ടു പുസ്തകങ്ങളാണ്. "ഗലീലിയോ ഗലീലിയുടെ ജീവചരിത്രവും" "ഗുരു പറഞ്ഞ കഥകൾ" എന്ന സാരോപദേശകഥകളുടെ കഥാസമാഹാരവുമാണത്..ഗലീലിയോ ഗലീലിയുടെ ജീവചരിത്രം എത്ര തവണ വായിച്ചെന്നറിയില്ല. കത്തോലിക്കാ സഭയുടെ അന്നു വരെയുള്ള വിശ്വാസത്തെ മറികടന്നുള്ള കണ്ടെത്തലുകൾ നടത്തിയ ഗലീലിയോയെ വാർദ്ധക്യത്തിൽ തടവറയിലാക്കിയതും മൈക്കലാഞ്ജലോയുടെ മരണ ദിനം ജനിച്ച ഗലീലിയോയുടെ പിന്തുടർച്ചാക്കാരനായി ഗലീലിയോയുടെ അന്ത്യദിനം ജനിച്ച ആളാണ് ഐസക് ന്യൂട്ടനെന്നുമുള്ള കൗതുകകരമായ അറിവ് ലഭിച്ചതുമെല്ലാം ഈ പുസ്തകത്തിൽ നിന്നുമാണ്. 

എൻ്റെ വായനാശീലം ഈ പുസ്തകങ്ങൾ കിട്ടുന്നതിനും മുന്നേ ഉണ്ട്. അക്കാലത്തെ വീടുകളിലെ പതിവു വിനോദോപാധി എന്ന നിലയിൽ പ്രസിദ്ധമായിരുന്ന ആഴ്ചപ്പതിപ്പുകൾ വാങ്ങുന്ന പതിവ് വീട്ടിലുമുണ്ട്. ആഴ്ചപ്പതിപ്പുകളായ മനോരമ, മംഗളം, പൗരധ്വനി, സഖി, മനോരാജ്യം തുടങ്ങിയവയൊക്കെയാണ് വാങ്ങിയിരുന്നത്. 

അക്കാലങ്ങളിൽ വീട്ടിലെ സ്ത്രീകളുടെ പ്രധാന സമയം കൊല്ലി വിനോദോപാധി ആയിരുന്നു പൈങ്കിളി വാരികകൾ എന്ന് ആളുകൾ കളിയാക്കി വിളിച്ചിരുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾ. ബാറ്റാൻ ബോസ്, ഏറ്റുമാനൂർ ശിവകുമാർ ,സുധാകർ മംഗളോദയം, മാത്യു മറ്റം തുടങ്ങി പല എഴുത്തുകാരുടെയും നോവലുകൾ പ്രസിദ്ധീകരിച്ച് സ്ത്രീജനങ്ങളെ കണ്ണീരണിയിച്ചിരുന്ന ഈ പ്രസിദ്ധീകരണങ്ങൾ മലയാള ജനതയെ വായനയുടെ ലോകത്തിലൂടെ കൈപിടിച്ചു നടത്തി എന്നു പറഞ്ഞാൽ അതു അതിശയോക്തി  അല്ല. കൂടാതെ എഴുത്തും വായനയും സാർവത്രികമായതിനും ഇത് ഒരു പരിധി വരെ സഹായമായി. ഈ വാരികകൾ വായിക്കുക എന്ന ഏക ലക്ഷ്യം മുൻനിർത്തി സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തിരുന്ന അമ്മച്ചിമാർ അക്കാലങ്ങളിലെ തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ധാരാളമായുണ്ടായിരുന്നു. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തമായി വായിക്കുക എന്നതായിരുന്നു ഇവരിൽ പലരുടെയും ആത്യന്തിക ലക്ഷ്യം. 'ഇലഞ്ഞി പൂക്കൾ, കണ്ണീരാറ്റിലെ തോണി, റെയ്ഞ്ചർ, സ്തീധനം, അമ്മായി അമ്മ, ഗുണ്ട, അഞ്ചു സുന്ദരിമാർ, മൂന്നാർ, കൂപ്പ് തുടങ്ങിയ പ്രണയ-സസ്പെൻസ് ത്രില്ലറുകളെന്ന് ആഴ്ചപതിപ്പുകാർ പറഞ്ഞിരുന്ന നോവലുകളും അടി എന്നടി കാമാച്ചി, അന്നക്കുട്ടി കൊടമ്പാക്കം വിളിക്കുന്നു, രാജാപ്പാർട്ട് കൊച്ചാപ്പി' തുടങ്ങിയ നർമ്മനോവലുകളും വായിച്ചതോർക്കുന്നു...


അക്കാലത്ത് പുരുഷന്മാരിൽ പലരും ഈ വാരികകൾക്ക് അടിമയായിരുന്നു എന്നതായിരുന്നു മറ്റൊരു നഗ്നമായ സത്യം. നേരത്തെ പറഞ്ഞതുപോലെ ചെറുപ്പക്കാരികൾ, പ്രായമായവരെ ഒന്നിച്ചിരുത്തി  ആഴ്ചപതിപ്പുകളിലെ നോവലുകൾ വായിച്ചു കേൾപ്പിക്കുന്നത് പല വീടുകൾക്കു മുന്നിലെയും വൈകിട്ടത്തെ ഒരു സ്ഥിരം കാഴ്ച ആയിരുന്നു. ഈ പൈങ്കിളി നോവലുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ആഖ്യാന ശൈലിയിലുള്ളതായിരുന്നു നേരത്തെ പറഞ്ഞ എനിക്കു കിട്ടിയ പുസ്തകങ്ങൾ. അതോടെ ചെറിയ ചെറിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും, യുറേക്കാ പോലുള്ള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുസ്തകങ്ങളും അവരുടെ ചെറിയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളും തേടി പിടിച്ച് വായിക്കുന്ന ഒരു ശീലം വന്നു ചേർന്നു. 

അന്നമ്മ ടീച്ചറിനായിരുന്നു സ്കൂളിലെ ലൈബ്രറിയുടെ ചാർജ്. കുട്ടികളിൽ നിക്ഷേപ ശീലവും, സാമ്പത്തിക ക്രയവിക്രയവും പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ബുധനാഴ്ചകളിൽ മാത്രം ക്രയവിക്രയങ്ങൾ നടന്നിരുന  സഞ്ജൈകാ നിക്ഷേപ പദ്ധതിയുടെ നടത്തിപ്പും അന്നമ്മ ടീച്ചറിന് തന്നെയായിരുന്നു.. ടീച്ചറുടെ കൈയ്യിൽ നിന്ന് പുസ്തകങ്ങൾ വാങ്ങി വായിക്കുവാൻ തുടങ്ങിയ ഞാൻ ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുസ്തകങ്ങൾ കൂടി സംഘടിപ്പിച്ചു വാങ്ങി വായിച്ചു തുടങ്ങിയതോടെ ഞാനറിയാതെ തന്നെ എനിക്ക് ജനറൽനോളജും ഇഷ്ടപ്പെട്ടു തുടങ്ങി...

ഞങ്ങളുടെ അന്നത്തെ ക്ലാസ് ..അന്നമ്മ ടീച്ചറും കുട്ടികളും .ടീച്ചറിൻ്റെ ഇടത് ഭാഗത്ത് ഇരിക്കുന്ന ബിജോയ് കുട്ടൻ - ഇന്ന് വൈദികനാണ് ഫാ.അലക്സ് കരീമഠം, അച്ചൻ്റെ നേരെ പുറകിൽ രവികുമാർ. കണ്ണാടി വച്ച് മുകളിൽ നിന്ന് രണ്ടാമത്തെ നിരയിൽ നിൽക്കുന്നതാണ് ഞാൻ 

ഒരിക്കൽ സ്കൂളിൽ വച്ചു നടത്തിയ ക്വിസ് പരിപാടിയിൽ ഞാനും പങ്കെടുത്തു. അന്നത്തെ കാലത്ത് അറുബോറനെന്ന് വിശ്വസിച്ചിരുന്ന ഹിന്ദിയുടെ ക്ലാസ്സിൽ നിന്നും രക്ഷപെടുക എന്ന ഏക ലക്ഷൃം മുന്നിൽ കണ്ട് കൊണ്ട് ഹിന്ദി പീരിയഡിൽ നടന്ന ക്വിസിൽ പങ്കെടുത്ത എനിക്ക്,  മുതിർന്ന ക്ലാസ്സിലെ കുട്ടികളെയും, സ്കൂളിലെ  ബുദ്ധിജീവികളെന്ന് വിശ്വസിച്ചിരുന്ന പഠിപ്പിസ്റ്റുകളെയും പിന്തള്ളി  ഒന്നാം സ്ഥാനം ലഭിച്ചത് എന്നെപ്പോലും അന്ന് അത്ഭുതപ്പെടുത്തി എന്നു പറഞ്ഞാൽ മതിയല്ലൊ. ക്വിസിൽ വന്ന മിക്ക ചോദ്യങ്ങൾക്കും ഉത്തരം എനിക്കറിയാമായിരുന്നു എന്നത് ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുസ്തകവായനയുടെ ഫലമായിട്ടുണ്ടായതായിരുന്നു. അതിൻ്റെ അടുത്ത പടിയായി നടത്തിയ ഉപജില്ലാ ക്വിസ് പരിപാടിയിലും ഞാൻ  വിജയിച്ചു. പിന്നീട് ജില്ലാ ലെവലിൽ പങ്കെടുത്തുവെങ്കിലും അതിൽ പൊട്ടി..!പക്ഷെ എനിക്കതിൽ ദു:ഖം ഇല്ലായിരുന്നു. ആദ്യമായി പങ്കെടുത്ത ഒരു പരിപാടിയിൽ, അതും ക്വിസ് പോലുളള  അറിവ് അളക്കുന്ന ഒരു മത്സരത്തിൽ ജില്ലാ ലെവലിൽ വരെ പങ്കെടുത്തത് തന്നെ വലിയ കാര്യമായി  കരുതി. ഞാൻ മാർ സ്ലീബായിൽ നിന്ന് തിരികെ പോരുന്നത് വരെ വേറെ ആരും അവിടെ ക്വിസ്സിന് സമ്മാനം വാങ്ങിയിട്ടില്ല എന്നതായിരുന്നു ഈ പുസ്തകവായനകൾ കൊണ്ടുണ്ടായ മറ്റാെരു വിജയം. ക്വിസ്സിന് പല സ്ഥലങ്ങളിലും പോയപ്പോഴുണ്ടായ ചില സൗഹൃദങ്ങൾ ഉൾപ്പെടെഅക്കാലത്ത് ആ സ്കൂളിൽ വച്ചുണ്ടായ സൗഹൃദങ്ങൾ ഇന്നും കണ്ണി പൊട്ടാതെ സൂക്ഷിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ ഹൃദ്യമായ കാര്യമാണ്. അതിൽ തന്നെ ഇപ്പോൾ വൈദികനായ ബിജോയി കുട്ടനുമായും രവികുമാറുമായും ഉള്ള സൗഹൃദം. പിന്നെ മറ്റൊരാളാണ് ബിഷോർ. മറ്റൊരു സ്കൂളിലായിരുന്നു പഠിച്ചതെങ്കിലും ബിഷോറും ഞാനും പല ക്വിസ് പരിപാടികളിലും എതിരാളികളായി ഇരുന്നിട്ടുണ്ട്. അവൻ ഇപ്പോൾ  വൈറോളജി സംബന്ധിയായ ഒരു വലിയ സ്ഥാപനം നടത്തുകയാണ്. കൊറോണാ വൈറസിനെ  ലളിതമായ മാർഗ്ഗത്തിലൂടെ കണ്ടെത്തുന്ന എന്തോ ഒരു കണ്ടു പിടുത്തമെല്ലാം ഈ അടുത്ത നാളിൽ അവൻ്റെ കമ്പനി നടത്തിയതായി പത്രവാർത്ത ഉണ്ടായിരുന്നു. 


ജയ്മോൻ ദേവസ്യ തലയോലപ്പറമ്പ്


തുടരും ....