ഇൻഡ്യ സഖ്യം വിട്ട് ജെഡിയു; ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചു

ഇൻഡ്യ സഖ്യം വിട്ട് ജെഡിയു; ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചു
ട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുമെന്ന ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് ജനതാദള്‍ (യുണൈറ്റഡ്) നേതാവിന്റെ രാജി.
ഞായറാഴ്ച രാവിലെ 11 മണിയോടെ രാജ്ഭവനില്‍ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് കൈമാറി.

'ഞാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. ഞങ്ങള്‍ സൃഷ്ടിച്ച പുതിയ മഹാസഖ്യം നല്ല നിലയിലല്ല. സ്ഥിതിഗതികള്‍ അത്ര നല്ലതല്ല', ഗവർണറെ കണ്ടതിന് ശേഷം നിതീഷ് കുമാർ പറഞ്ഞു. ബിജെപി പിന്തുണയോടെ ഞായറാഴ്ച വൈകീട്ട് നിതീഷ് കുമാർ വീണ്ടും സത്യപ്രതിജ്ഞാ ചെയ്യുമെന്നാണ് റിപ്പോർട്ട്. ബിജെപിയില്‍ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഈ പദവികള്‍ വഹിച്ചേക്കും.

രാവിലെ തൻ്റെ ഔദ്യോഗിക വസതിയില്‍ പാർട്ടിയിലെ എംഎല്‍എമാരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിയോടെ, 28 പാർട്ടികളുള്ള പ്രതിപക്ഷ സഖ്യമായ ഇൻഡ്യയില്‍ നിന്ന് ജെഡിയു പുറത്താകും.