ഓണനിലാവ്: കവിത , ബിനേഷ് ചേമഞ്ചേരി

Aug 30, 2020 - 01:00
Mar 9, 2023 - 07:27
 0  338
ഓണനിലാവ്: കവിത , ബിനേഷ് ചേമഞ്ചേരി

ഓലക്കണ്ണികൾക്കിടയിലൂടെ

ഓണനിലാവന്നും

ഓടി വന്നെന്നെ ഉമ്മവെച്ചിരിക്കാം.

ഒട്ടിയ വയറിന്നെരിച്ചിലിൽ

ഒന്നുമറിയാതെ ഞാൻ

തളർന്നുറങ്ങിയിരിക്കാം.

 

ഓമൽക്കിനാക്കളിലൊരുവേള

തുമ്പപ്പൂക്കൾ പുഞ്ചിരി പൊഴിച്ചിരിക്കാം.

 

രിക്കലും മറന്നു പോവാത്തൊരു

ഓണപ്പാട്ടെന്നിൽ ഒളിച്ചിരുന്നിരിക്കാം

ഓണത്തുമ്പികളതേറ്റു പാടിയിരിക്കാം.

 

ഓർത്തു വെച്ചൊരോടപ്പൂവിൻ നിറം

ഓർത്തോർത്തു ഞാൻ നടന്നിരിക്കാം.

 

ഓടിത്തളർന്ന ദൂരങ്ങളത്രയും

ഓരോരോ പൂക്കൂടയിൽ നിറച്ചിരിക്കാം.

 

ഓർമ്മകൾ മറയുന്ന ഇന്നിൻമടിയിലും

ഓണനിലാവ്

ഓലക്കണ്ണികൾക്കിടയിലൂടെ

ഓടി വന്നെന്നെ ഉമ്മവെച്ചിരിക്കാം.

 

     ബിനേഷ് ചേമഞ്ചേരി