'നാട്യതാര'യും കുഞ്ഞാങ്ങളയും :Mary Alex (മണിയ)

  'നാട്യതാര'യും കുഞ്ഞാങ്ങളയും :Mary Alex (മണിയ)

തീയേറ്റർ കഥകൾ   2.        

     അതേ സിനിമാകൊട്ടക.. 
ഞങ്ങൾക്ക് ഒരു പുതിയ വീട്‌ പണിയുന്ന കാലം. അപ്പച്ചന്റെയും വല്യാങ്ങളയുടെയും അഭാവത്തിൽ. വല്യാങ്ങളയും തോട്ടത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നു, തുടർന്നു പഠിക്കണമെന്ന്  ആഗ്രഹം കലശലായി ഉണ്ടായിരുന്നെങ്കിലും തോട്ടത്തിൽ അപ്പച്ചന്റെ പേരിൽ ഒരാൾക്ക് ജോലിക്കു കയറാമെന്നതിനാൽ അവിടെത്തന്നെ നിർബന്ധമായി പ്രവേശിപ്പിക്കയായിരുന്നു. പാവം! ഇന്നു സ്വർഗത്തിലിരുന്ന് എന്നെ നോക്കുന്നുണ്ടായിരിക്കും, എങ്കിലും അവൾ ഇതൊക്കെ ഓർക്കുന്നല്ലോ എന്നു കരുതി അനുഗ്രഹിക്കുന്നുണ്ടാവും ...... ഓ! ഞാൻ എഴുത്തിൽ നിന്ന് വ്യതിചലിച്ചു പോയി ക്ഷമിക്കുക.

അതേ! അവരുടെ അഭാവത്തിൽ വീടു പണി നോക്കി നടത്താൻ ഒരു അങ്കിളിനെ ഏർപ്പാടാക്കി. കൊച്ചു കൊച്ചു വീടുകൾ പണിയിച്ചിട്ടുണ്ട്, റോഡ് പണികളും ചില്ലറ മരാമത്തു  പണികളും ചെയ്യിച്ചിരുന്ന ആളും. ബന്ധമുള്ള ഒരാളിന്റെ ബന്ധുക്കാരനും. വീട്ടിൽ താമസിച്ചു പണി നോക്കിനടത്തും. ഭക്ഷണം വീട്ടിൽ ഉണ്ടാക്കുന്നതൊക്കെ.

ഒറ്റമുറിയും  ചായ്‌പ്പും അടുക്കളയും, നീളത്തിലൊരു തിണ്ണയും ചേർന്ന ഒരു കൊച്ചു വീടാണ്   ഞങ്ങളുടെ പഴയ വീട്. ആ മനുഷ്യനെ ചായ്‌പ്പിൽ കിടത്തി. അമ്മച്ചിയും പെൺകുട്ടികളായ ഞങ്ങളും ഒരു മുറിയിൽ. പിന്നെയുള്ളത് തിണ്ണയും അടുക്കളയും. അടുക്കളയിൽ മോനെ എങ്ങനെ കിടത്തും? "തിണ്ണയിൽ തരപ്പെടുത്തിതന്നാൽ മതി അവിടെ കിടന്നോളാം. "മോൻ പറഞ്ഞു.അമ്മച്ചി ആവുന്നതു പറഞ്ഞു നോക്കി "എടാ ഞങ്ങടെ കൂടെ കൂടിക്കോ"എന്ന് , വേണ്ട പുരുഷനാത്രെ. "എന്നാ ചായ്‌പ്പിൽ അങ്കിളിന്റെ കൂടെ". "അയ്യോ അതൊട്ടും വേണ്ട. കുടവയറും തടിയും പിന്നെ കൂർക്കം വലിയും."


                 വീടുപണി ത്വരിതപ്പെട്ടു. അപ്പച്ചൻ ഇടയ്ക്കു വന്നുപൊയ്ക്കൊണ്ടിരുന്നു. പണം ഏല്പിക്കും. വീടുപണി ചുറ്റിനടന്നു നോക്കിക്കാണും അഭിപ്രായങ്ങൾ പറയും നാളുകൾ മുന്നോട്ട് പോയി.


 തീയേറ്ററിൽ ഒരു പുതിയ സിനിമ വന്നിരിക്കുന്നു, ഒരു സ്റ്റണ്ടുപടം. നല്ലഡാൻസും. ആൺകുട്ടിയല്ലേ സ്റ്റണ്ടു പടം കാണാൻ ഇഷ്ടമല്ലാതിരിക്കുമോ?ആൾ അമ്മച്ചിയോടു സൂത്രത്തിൽ ചോദിച്ചു. "സിനിമക്ക്‌ പൊക്കോട്ടെ"  "ഇവിടെ പെര  പണി നടക്കുമ്പോഴാ അവന്റെയൊരു സിനിമ. പൊക്കോണം അവിടന്ന് "
അമ്മച്ചിയുടെ അൾട്ടിമേറ്റം. കുടുംബനാഥൻ വീട്ടിൽ ഇല്ലാത്തപ്പോൾ അമ്മമാർ ഏതു വിധത്തിൽ ആയിരിക്കണം എന്നതിന്റെ   ഉത്തമ ഉദാഹരണമായിരുന്നു അമ്മച്ചി. പിന്നൊന്നും മിണ്ടാതെ കൊച്ചാങ്ങള തെന്നി മാറി. പിന്നെ കുറച്ചു ദിവസം വലിയ കുഴപ്പം ഒന്നുമില്ലാതെ മുന്നോട്ടുപോയി. ആരോ കൂട്ടുകാർ  പറഞ്ഞു അടുത്ത ആഴ്ച പടം മാറും. അതു ഞങ്ങളോടും പറഞ്ഞു.


                 ഒരു രാത്രി ചായ്പ്പു തുറന്ന് അങ്കിൾ പുറത്തേക്കിറങ്ങി. മൂത്രശങ്ക.
എപ്പോഴും തിരിച്ചു കയറുമ്പോൾ പയ്യനെ ശ്രദ്ധിക്കും. പുതപ്പ് മാറിക്കിടന്നാൽ നല്ലപോലെ പുതപ്പിക്കും, കറങ്ങി തിരിഞ്ഞു വന്നാൽ നേരെയാക്കി കിടത്തും. അപ്പച്ചൻ വീട്ടിൽ ഇല്ലാത്തതു കൊണ്ട് ഒരു അപ്പന്റെ ശ്രദ്ധയോടെ, വാത്സല്യത്തോടെ. അന്ന് പുതപ്പും മാറിയിട്ടില്ല കിടപ്പും ശരിയായിത്തന്നെ. എന്നാലും പുതപ്പിന് മുകളിൽ കൂടി ഒന്നു കയ്യോടിച്ചു സ്നേഹം പ്രകടിപ്പിച്ചു. എന്തോ ഒരു പന്തികേട്. പുതപ്പു മാറ്റി നോക്കി. എല്ലാം ഭദ്രം. പക്ഷെ തലയുടെ സ്ഥാനത്ത് ഒരു കുഷ്യൻ, ഉടൽ രണ്ടു തലയിണ പാകത്തിൽ വച്ച് ചുരുണ്ടു കൂടിക്കിട ക്കുന്ന  നിലയിൽ. പുതപ്പു തിരിച്ച് പുതപ്പിച്ചു ചായ്പ്പിനകത്തേക്ക് കയറി. പിറ്റേന്ന് എഴുന്നേറ്റ ഞങ്ങൾ കണ്ടത് മുറ്റത്തെ തെങ്ങിൽ കെട്ടിയിട്ട പടി അടികൊണ്ട് കുഞ്ഞാങ്ങള ചുറ്റിക്കൊണ്ടിരിക്കുന്നു. അമ്മച്ചി പുറകെ ആക്രോശിച്ചു കൊണ്ട്.
    " നാട്യതാരാടാ!ഊരിയതാരാടാ!നാട്യതാരാടാ ഊരിയതാരാടാ " വീണ്ടും വീണ്ടും അതാവർത്തിച്ചുകൊണ്ട്. കയ്യിൽ ഒരു ചൂരലും. മുണ്ടും ചട്ടയും ഇട്ട അമ്മച്ചി ചുറ്റുന്ന കറക്കത്തിൽ മുണ്ടിന്റെ അടുക്കു വിശറി പോലെ വീശുന്നതു കാണാൻ നല്ല ചന്തം. ഞങ്ങൾക്ക് ചിരി. കുഞ്ഞാങ്ങളക്ക്  കലിപ്പും.
കിണറ്റു വക്കിൽ പല്ലുതേച്ചുകൊണ്ടിരുന്ന അങ്കിളിനെ  നോക്കി പല്ലിറുമ്മിക്കൊണ്ട് കുഞ്ഞാങ്ങള. ആങ്ങള കാണാൻ പോയ സിനിമയുടെ പേരോ  'നാട്യതാര.' നല്ല ഒരു സ്റ്റണ്ടുപടം. അതിനേക്കാൾ രസമായ ഒരു സ്റ്റണ്ടായിരുന്നു അന്നു കാലത്തെ കണ്ട ആ കാഴ്ച.


തുടരും