‘എന്റെ അമ്മയുടെ മംഗല്യസൂത്രം ഈ നാടിന് സമർപ്പിച്ചതാണ്’; മോദിയുടെ പരാര്‍മര്‍ശത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി പ്രിയങ്ക ഗാന്ധി

‘എന്റെ അമ്മയുടെ മംഗല്യസൂത്രം ഈ നാടിന്  സമർപ്പിച്ചതാണ്’;  മോദിയുടെ പരാര്‍മര്‍ശത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി  പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സ്ത്രീകളുടെ സ്വർണവും മംഗല്യസൂത്ര (കെട്ടുതാലി) യുമെല്ലാം കോണ്‍ഗ്രസ് അപഹരിക്കുമെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി.

55 വർഷത്തിനിടെ കോണ്‍ഗ്രസ് ആരുടെയെങ്കിലും മംഗല്യസൂത്രയോ സ്വർണമോ കവർന്നിട്ടുണ്ടോ എന്നു ചോദിച്ച പ്രിയങ്ക, കെട്ടുതാലി വരെ നാടിനുവേണ്ടി ത്യാഗം ചെയ്ത അമ്മയാണ് തന്റേതെന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി മോദിയെ ഓർമിപ്പിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട മോദി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്തുമുഴുവൻ മുസ്‍ലിംകള്‍ക്ക് നല്‍കുമെന്ന വിദ്വേഷ പ്രസംഗങ്ങള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തുവന്നത്.

'കോണ്‍ഗ്രസ് പാർട്ടി നിങ്ങളുടെ കെട്ടുതാലിയും സ്വർണവുമെല്ലാം അപഹരിക്കാൻ പോവുന്നുവെന്ന് രണ്ടുദിവസമായി അവർ പറഞ്ഞുനടക്കുകയാണ്. രാജ്യം സ്വതന്ത്രമായിട്ട് 76 വർഷമായി. 55 വർഷം കോണ്‍ഗ്രസാണ് ഈ രാജ്യം ഭരിച്ചത്. ആരെങ്കിലും നിങ്ങളുടെ സ്വർണം കവർന്നോ? മംഗല്യസൂത്ര അപഹരിച്ചോ? രാജ്യം യുദ്ധവേളയില്‍ നില്‍ക്കെ ഇന്ദിരാഗാന്ധി അവരുടെ സ്വർണം മുഴുവൻ രാജ്യത്തിനുവേണ്ടി സമർപ്പിച്ചതാണ്. എന്റെ അമ്മയുടെ മംഗല്യസൂത്ര ഈ നാടിനുവേണ്ടി ത്യാഗം ചെയ്തതാണ്.

നരേന്ദ്ര മോദി കെട്ടുതാലിയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇത്ര വലിയ അസംബന്ധം എഴുന്നള്ളിക്കില്ലായിരുന്നു. രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ മോദി പരാജയപ്പെട്ടിരിക്കുകയാണ്. ഇവിടുത്തെ കർഷകർ കടംകയറി ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കുമ്ബോള്‍ അവരുടെ ഭാര്യമാർക്ക് കെട്ടുതാലികള്‍ പണയം വെക്കേണ്ടി വരുന്നു. മകളുടെ വിവാഹമോ കുടുംബത്തില്‍ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമ്ബോള്‍ സ്ത്രീകള്‍ അവരുടെ ആഭരണങ്ങള്‍ പണയം വെക്കുന്നു. ഇതൊന്നും പക്ഷേ, മോദിക്ക് മനസ്സിലാക്കാനാവുന്നില്ല.

രാജ്യത്ത് കർഷക സമരത്തിനിടെ 600 കർഷകരാണ് മരണപ്പെട്ടത്. അവരുടെ ഭാര്യമാരുടെ 'മംഗല്യസൂത്ര'യെക്കുറിച്ച്‌ മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മണിപ്പൂരിലെ നിസ്സഹായയായ ഒരു സ്ത്രീയെ രാജ്യത്തിനു മുമ്ബാകെ നഗ്നയായി നടത്തിക്കുമ്ബോള്‍ അവളെക്കുറിച്ചും അവളുടെ മംഗല്യസൂത്രയെക്കുറിച്ചും എന്തുകൊണ്ടാണ് മോദി ചിന്തിക്കാതിരുന്നതും നിശ്ശബ്ദത പാലിച്ചതും? തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ ഉപകരണം മാത്രമായാണ് മോദി സ്ത്രീകളെ കാണുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ആരോപിച്ചു.