ഇത്രയും സ്വത്ത് എവിടെ നിന്ന് ? ശബരിമല സ്വര്‍ണക്കൊളളയിൽ മുരാരി ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി

Feb 4, 2026 - 13:18
 0  7
ഇത്രയും സ്വത്ത് എവിടെ നിന്ന് ? ശബരിമല സ്വര്‍ണക്കൊളളയിൽ മുരാരി ബാബുവിനെ  വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുരാരി ബാബുവിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. 2019-2025 കാലയളവിൽ മുരാരി ബാബുവിന്റെ സ്വത്തുക്കളിൽ വലിയ വർദ്ധനവുണ്ടായതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ശബരിമലയിലേയും മറ്റ് ക്രമക്കേടുകളില്‍ നിന്നും മുരാരി ബാബു പണം സമ്പാദിച്ചു എന്ന നിഗമനത്തിലാണ് ഇ ഡി.
ഇന്നലെ ഏഴ് മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തെങ്കിലും സ്വത്തുവിവരങ്ങൾ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 2021-ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണമുണ്ടാകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് അടുത്ത സാമ്പത്തിക ബന്ധമുള്ളതായും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടക്കാല കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മാർച്ച് ആദ്യം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അനന്തസുബ്രഹ്മണ്യം, രമേശ് റാവു, സ്വർണ്ണം ബെല്ലാരിയിൽ എത്തിച്ച കൽപ്പന തുടങ്ങിയവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എഫ്.ഐ.ആറിൽ പ്രതികളായ ചില മുൻ ഉദ്യോഗസ്ഥരെയും സാക്ഷികളാക്കും.