സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് സ്വർണക്കപ്പ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം തിരുവനന്തപുരത്തിന്. ആകെ 2009.3 പോയിന്റ് നേടിയാണ് തലസ്ഥാനം സ്വർണക്കപ്പ് സ്വന്തമാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ 2000 പോയിന്റ് പിന്നിടുന്ന ആദ്യ ജില്ലയെന്ന നേട്ടവും തിരുവനന്തപുരത്തിന് സ്വന്തം. തൃശൂർ 959.3 പോയിന്റുമായി രണ്ടാമതും മലപ്പുറം 899.3 പോയിന്റുമായി മൂന്നാമതുമെത്തി.
ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിലെ മേധാവിത്തമാണ് തിരുവനന്തപുരത്തിന്റെ കുതിപ്പിന് കരുത്തായത്. ഗെയിംസിൽ 1310 പോയിന്റ് നേടിയ തലസ്ഥാനം അക്വാട്ടിക്സിൽ 606 പോയിന്റും സ്വന്തമാക്കി. ഗെയിംസിൽ കണ്ണൂർ 813 പോയിന്റുമായി രണ്ടാമതെത്തിയപ്പോൾ തൃശൂർ 796 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. അക്വാട്ടിക്സിൽ 160 പോയിന്റുമായി എറണാകുളവും 120 പോയിന്റുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അത്ലറ്റിക്സിൽ മലപ്പുറമാണ് ചാമ്പ്യന്മാർ. 180.3 പോയിന്റാണ് മലപ്പുറം നേടിയത്. 135.5 പോയിന്റുമായി പാലക്കാട് രണ്ടാമതും 97 പോയിന്റുമായി ആലപ്പുഴ മൂന്നാമതുമെത്തി. മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഉൾപ്പെടെയുള്ള സ്കൂളുകളുടെ മികച്ച പ്രകടനമാണ് ജില്ലയുടെ നേട്ടത്തിന് കരുത്തായത്.