മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇൻ്റലിജൻസ് മേധാവി അസം ചീമ (70) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് വിവരം.

പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ വച്ചാണ് ഇയാള്‍ മരിച്ചതെന്നും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

2000 കളുടെ തുടക്കത്തില്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം പാകിസ്ഥാനിലെ ബഹവല്‍പൂരിലേക്ക് ഒളിച്ചോടിയ പഞ്ചാബി സംസാരിക്കുന്ന ലഷ്കറെ ഭീകരനാണ് ചീമ.

26/11 മുംബൈ ആക്രമണത്തിൻ്റെയും, 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ. അഫ്ഗാൻ യുദ്ധവിദഗ്‌ദ്ധനായിരുന്ന ചീമയ്ക്ക് മാപ്പ് റീഡിംഗില്‍ വൈദഗ്ധ്യം ഉണ്ടായിരുന്നു.

ബഹവല്‍പൂരിൻ്റെ ലഷ്കർ കമാൻഡറായിരുന്ന ചീമ 2008-ല്‍, ലഷ്കറിൻ്റെ മുതിർന്ന ഉദ്യോഗസ്ഥനായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയുടെ ഓപ്പറേഷൻസ് അഡൈ്വസറായി നിയമിക്കപ്പെട്ടു.

ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008 ആക്രമണം നടത്തിയ തീവ്രവാദികളെ പരിശീലിപ്പിച്ചുവെന്നാരോപിച്ച്‌ യുഎസ് സർക്കാർ ഇയാളെ തെരയുകയായിരുന്നു.