സിദ്ധാര്‍ത്ഥന്റെ മരണം: പ്രധാന പ്രതികളായ സിൻജോയും കാശിനാഥനും പിടിയില്‍

സിദ്ധാര്‍ത്ഥന്റെ മരണം: പ്രധാന പ്രതികളായ സിൻജോയും കാശിനാഥനും പിടിയില്‍

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ.എസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ സിൻജോ ജോണ്‍സണും ആർ.എസ്.കാശിനാഥനും അറസ്റ്റില്‍. നേരത്തെ ഒളിവിലുള്ള നാല് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പട്ടികയിലുള്ള സൗദ് റിസാല്‍, അജയ് കുമാർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

ആകെ 18 പ്രതികളുള്ള കേസില്‍ ഏഴു പേർ ഒളിവിലാണ്. കേസില്‍ 12 വിദ്യാർത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. കേസില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്ക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്.

കോളേജ് ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. ഇവര്ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മർദ്ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മർദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.