തൃശൂരില്‍ 51 അടി ഉയരത്തില്‍ മോദിയുടെ മണല്‍ ചിത്രം

തൃശൂരില്‍ 51 അടി ഉയരത്തില്‍ മോദിയുടെ മണല്‍ ചിത്രം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവായി തൃശൂരില്‍ 51 അടി ഉയരത്തില്‍ മണല്‍ ചിത്രം. പ്രശസ്ത മണല്‍ ചിത്രകാരൻ ബാബു എടക്കുന്നിയുടെ നേതൃത്വത്തിലാണ് ചിത്രം തെയ്യാറാക്കിയിരിക്കുന്നത്.

ഇന്ന് തൃശൂരെത്തുന്ന മോദിക്ക് ചിത്രം സമര്‍പ്പിക്കും. വ്യവസായി ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണ ചിലവു വഹിക്കുന്നത്. മോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്‍പ്പെടെ രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച മണ്ണുപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പത്തിലാണ് രാജ്യത്തിന്റെ വിവിധ കോണില്‍ നിന്നും മണല്‍ ശേഖരിച്ചത്. പത്ത് ദിവസമെടുത്താണ് മോദിയുടെ പടുകൂറ്റൻ ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രം ലോക റെക്കോര്‍ഡും നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് അദ്ദേഹത്തിന്റെ ചിത്രം ഒരുക്കാൻ പ്രേരണയായതെന്ന് ബാബു എടക്കുന്നി പറഞ്ഞു.

തേക്കിന്‍ക്കാട് മൈതാനത്ത് ബിജെപിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പം എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിക്ക് ചിത്രം സമര്‍പ്പിക്കും.