സംസ്ഥാനത്ത് 10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
കൊച്ചി: സംസ്ഥാനത്ത് 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു.
കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കും തറക്കല്ലിട്ടു.
2,650 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്തു. വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപയാണ്. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.
അമൃത ഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ നവീകരിച്ച ഷൊർണൂർ ജംക്‌ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഏകദേശം 52 കോടി രൂപ ചെലവിലാണ് ഈ സ്റ്റേഷനുകൾ ആധുനികവത്കരിച്ചത്.
ഏകദേശം 90 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 65 കിലോമീറ്റർ നീളമുള്ള ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള റെയിൽ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവിക ആസ്ഥാനത്തെത്തി. അവിടെ നിന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തിയ അദ്ദേഹം ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു