ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Aug 31, 2026 - 16:31
Aug 31, 2026 - 16:38
 0  7
ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വിരമിച്ചു. 39-ാം വയസിലാണ് മെസിയുടെ പടിയിറക്കം. 21 വർഷം നീണ്ട യാത്രയാണ് അവസാനിപ്പിച്ചത്. പിതാവിന്റെ മരണത്തോടെ തീരുമാനം ഉറപ്പിച്ചെന്ന് മെസി സോഷ്യൽമീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് മെസി തീരുമാനം അറിയിച്ചത്.
തന്റെ കരിയർ നിർവചിച്ച അർജന്റീന ടീമിന്റെ ജേഴ്സി ഇനി ധരിക്കില്ലെന്ന് താരം വ്യക്തമാക്കി.
 സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിൽ അർജന്റീന തോറ്റതിന് രണ്ട് ദിവസം കഴിഞ്ഞാണ് വിരമിക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ മാസം ആദ്യം പിതാവ് മരിച്ചതും തീരുമാനത്തെ സ്വാധീനിച്ചുവെന്ന് മെസി പറഞ്ഞു. പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഫുട്ബോളിൽ നിന്ന് മാറിനിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി നേരത്തെ തന്നെ താരം സൂചന നൽകിയിരുന്നു.
 
കുറിപ്പ്

'ലോകകപ്പിനു ശേഷമുള്ള ഈ ദിവസങ്ങളിലെല്ലാം ഞാൻ ഒട്ടേറെ ചിന്തിച്ചു. ഞാൻ ദേശീയ ടീമിൽ നിന്നു വിരമിക്കുകയാണെന്നു എല്ലാവരേയും അറിയിക്കാൻ ആ​ഗ്രഹിക്കുന്നു. ഉള്ളിൽ ഇപ്പോഴും വല്ലാത്ത വേദന നൽകുന്ന തീരുമാനമാണെങ്കിലും ഇതുതന്നെയാണ് കൃത്യമായ സമയമെന്നു ഞാൻ മനസിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നമ്മൾ എല്ലാ നേടിയപ്പോൾ മാത്രമല്ല, അതിനു മുൻപും ഞാൻ എന്റെ സർവസ്വവും ടീമിനായി നൽകിയിട്ടുണ്ട്.

ഈ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിക്കു വേണ്ടി പൊരുതി, പരമാവധി നൽകി. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം തരാനും ഒരു അർജന്റീനക്കാരനായതിൽ അഭിമാനബോധം ഉണ്ടാക്കാനും എനിക്കു കഴിഞ്ഞു. അധികം സമയമില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരോ അധ്യായങ്ങളും അവസാനിക്കും. എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിന്റെ ഭാ​ഗമാകാൻ ഞാൻ എപ്പോഴും ആ​ഗ്രഹിച്ചിരുന്നു. ഇപ്പോഴും ആ​ഗ്രഹിക്കുന്നു. എക്കാലവും അതുതന്നെയാണ് ആ​ഗ്രഹവും. എന്റെ കൈവശമുള്ളതെല്ലാം ഞാൻ നൽകി. ഇനി നൽകാൻ ബാക്കിയൊന്നുമില്ല. മാത്രമല്ല ഇവിടെ അർഹതയുള്ള മികച്ച ഒട്ടേറ യുവ താരങ്ങൾ കടന്നു വരുന്നുമുണ്ട്.

കഴിഞ്ഞ 20 വർഷമായി നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. കളിക്കളത്തിൽ നിന്ന് നിങ്ങളുടെ സ്വരം കേൾക്കുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ വിദേശത്തുനിന്ന് (നല്ല സമയത്തും മോശം സമയത്തും, പ്രത്യേകിച്ച് മോശം സമയങ്ങളിൽ) എപ്പോഴും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളിലൊരാളായി ഞാൻ ഉണ്ടാകും.

എപ്പോഴും കൂടെയുണ്ടായിരുന്നതിനും, മനോഹരവും എന്നാൽ പ്രയാസകരവുമായ ഈ യാത്രയിൽ എന്നെ പിന്തുണച്ചതിനും എന്റെ കുടുംബത്തിന് നന്ദി. എനിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ഓരോ പരിശീലകർക്കും, സഹതാരങ്ങൾക്കും, മാനേജ്‌മെന്റ് അംഗങ്ങൾക്കും നന്ദി. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളും നിമിഷങ്ങളുമാണ് ഞാൻ കൂടെ കൊണ്ടുപോകുന്നത്.

എന്റെ സഹതാരങ്ങൾക്കൊപ്പം ചേർന്ന് നിങ്ങൾക്ക് സ്വപ്നതുല്യമായ നിമിഷങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞതിന്റെ സമാധാനത്തിലും അഭിമാനത്തിലുമാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം ഇത് ജീവിച്ചുതീർത്തത് ഒരു വല്ലാത്ത അനുഭവമായിരുന്നു. ഐ ലവ് യൂ!

എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി.

വാമോസ് അർജന്റീന!