മതിയാവില്ല, എത്ര നന്ദി ചൊല്ലിയാലും: ഓർമ; ഓമന ജോൺ, മസ്‌കറ്റ്

1998 ജൂലൈ മാസം. ഇളയ അനുജത്തിയുടെ വിവാഹം പ്രമാണിച്ച് ദുബായിൽ നിന്നും ഞാനും മക്കളും കുറച്ചു ദിവസത്തേക്ക് നാട്ടിൽ എത്തുന്നു. വിവാഹത്തിനു ചില ബന്ധുക്കളെ ക്ഷണിക്കാനായി ചാലക്കുടിയിലേക്ക് പോകുന്നു.
ചാലക്കുടിയിൽ വിവാഹം ക്ഷണിക്കാനായി ഞങ്ങൾ പോയ ഒരു ബന്ധുവിന്റെ വീടിന്റെ തൊട്ടടുത്താണ് പോട്ട ആശ്രമം. പോട്ട ആശ്രമത്തെപ്പറ്റിയും, അവിടെ നടക്കുന്ന ധ്യാനശുശ്രുഷകളെപ്പറ്റിയും ഞാൻ കേട്ടിട്ടുണ്ട് എന്നതല്ലാതെ കൂടുതൽ വിവരമൊന്നും എനിക്കറിവില്ല.
"ഇവിടെവരെ വന്ന സ്ഥിതിക്ക് ആശ്രമത്തിൽ പോയി ഒരു ബൈബിളും പ്രാർത്ഥനാപുസ്തകങ്ങളും വാങ്ങണം." മനസ്സിലേക്കൊരു തോന്നൽ കടന്നുവന്നു. ബന്ധുവായ ആന്റിയോട് ആഗ്രഹം പറഞ്ഞപ്പോൾ ആശ്രമത്തിലേക്കു കൂടെ വരാമെന്നു സമ്മതിച്ചു. അപ്രകാരം, എന്റെ മാതാപിതാക്കളും, മക്കളും, ഞാനും ആന്റിയോടൊപ്പം പോട്ട ആശ്രമത്തിൽ എത്തി.
ബൈബിളും, പ്രാർത്ഥനാപുസ്തകങ്ങളും വാങ്ങി തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ് ആന്റി പറഞ്ഞത് " എന്തായാലും ഇവിടെ വന്ന സ്ഥിതിക്ക് നമുക്ക് പനക്കലച്ചനെ ഒന്നു കാണാം. അച്ചന്റെ അനുഗ്രഹം വാങ്ങി പോകുന്നത് നല്ലതാണ്." അച്ചനെ കുറിച്ച് കേട്ടിട്ടുണ്ട്. കാണാനുള്ള ഒരു അവസരം കിട്ടിയതിൽ സന്തോഷം തോന്നി.
അച്ചന്റെ മുറിയുടെ വാതിൽക്കൽ ഞങ്ങളെത്തി. അച്ചൻ പുറത്തു പോയിരിക്കുകയാണ്. കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ചൻ കടന്നുവന്നു മുറിയിലേക്ക് കയറി. ഓരോരുത്തരായി അച്ചന്റെ മുന്നിലെത്തി. എല്ലാവരുടെയും ശിരസ്സിൽ കൈവെച്ചു അച്ചൻ പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞവർ മുറിക്കു പുറത്തിറങ്ങി. അവസാനം എന്റെ ഊഴമെത്തി. ഞാൻ മുറിയിൽ പ്രവേശിച്ചു. അച്ചൻ എന്റെ ശിരസ്സിലും കൈവെച്ചു പ്രാർത്ഥിച്ചു. അതിനുശേഷം എന്നോട് അച്ചന്റെ മേശയുടെ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. അച്ചനും അച്ചന്റെ കസേരയിൽ വന്നിരുന്നു.
"മോൾ അടുത്താഴ്ച നടക്കുന്ന ധ്യാനത്തിൽ കൂടണം." അച്ചൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഞെട്ടി. ഒരാഴ്ച അവിടെ ചിലവഴിക്കാൻ ചില ബുദ്ധിമുട്ടുകൾ എനിക്കുണ്ടായിരുന്നു. ഒന്നാമതായി, രണ്ടാഴ്ച കഴിഞ്ഞാൽ അനുജത്തിയുടെ വിവാഹമാണ്. ധാരാളം കാര്യങ്ങൾ അതിനോടനുബന്ധിച്ചു ചെയ്യാനുണ്ട്. രണ്ടാമതായി, ഗ്രൂപ്പായിട്ട് എല്ലാവരും ഒരുമിച്ചു താമസിക്കുമ്പോൾ അതിന്റേതായ ചില അസൗകര്യങ്ങൾ ചില കാര്യങ്ങളിൽ ഉണ്ടാകാം. മനസ്സിലേക്ക് അതൊക്കെ കടന്നു വന്നു. അതൊന്നും അച്ചനോട് എനിക്ക് തുറന്നു സംസാരിക്കാനും വയ്യാ. എങ്ങിനെയെങ്കിലും ധ്യാനത്തിൽ നിന്നും ഒഴിവാകണം.
"അച്ചാ, ഈ പ്രാവശ്യം സമയമില്ല. അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ ഭർത്താവുമായി വരാം. ഞങ്ങൾ ഒരുമിച്ചു ധ്യാനം കൂടാം." ഞാൻ പറഞ്ഞു.
"പറ്റില്ല, നീ അടുത്താഴ്ചത്തെ ധ്യാനം കൂടണം." അച്ചൻ എന്നെ വിടാനുള്ള മട്ടില്ല.
"അച്ചാ, എന്റെ അനുജത്തിയുടെ വിവാഹമാണ്. എന്റെ അപ്പനെ സഹായിക്കാൻ ആരുമില്ല." ഞാൻ അടുത്ത കാരണം എടുത്തിട്ടു.
"നീ അതോർത്തു വിഷമിക്കേണ്ട. വിവാഹം ഭംഗിയായി നടക്കും. ഒരു കാര്യം ചെയ്യുക. ധ്യാനം തുടങ്ങുന്ന അന്ന് മുതൽ കൂടണ്ട (ശനിയാഴ്ച മുതൽ വെള്ളിയാഴ്ച്ചവരെയാണ് ധ്യാനം). നീ തിങ്കളാഴ്ച വൈകിട്ട് ഇവിടെ എത്തുക. വെള്ളിയാഴ്ച ധ്യാനം കഴിഞ്ഞു മടങ്ങി പോകാം." അച്ചൻ നിർബന്ധം പിടിച്ചു. അച്ചന്റെ മുന്നിൽ ഇനി രക്ഷയില്ലെന്ന് മനസ്സിലായി.
"ശരി. അച്ചൻ പറയുന്നതു പോലെ ചെയ്യാം. ഞാൻ വരാം." അച്ചനോട് സമ്മതിച്ചിട്ട് ഞാൻ മുറിയിൽ നിന്നും ഇറങ്ങി.
മനസ്സിൽ പറഞ്ഞു "അച്ചൻ ഏതായാലും ഇനി എന്നെ കാണാൻ പോകുന്നില്ല. ഇതൊന്നും ഓർത്തിരിക്കാനും പോകുന്നില്ല. ഒരു ദിവസം എത്ര ആൾക്കാരെ കാണുന്ന വ്യക്തിയാണ്."
അച്ചൻ പറഞ്ഞ കാര്യങ്ങൾ എന്നെ കാത്തുനിന്ന മാതാപിതാക്കളോടും, മക്കളോടും, ആന്റിയോടും പറഞ്ഞു.
"അച്ചൻ ധ്യാനം കൂടാൻ ക്ഷണിച്ചതാണ്. അത് തട്ടിക്കളയരുത്." മാതാപിതാക്കൾ പറഞ്ഞു.
പക്ഷെ, ഒരു തീരുമാനമെടുക്കാൻ ഞാൻ വളരെ പാടുപെട്ടു. "പോകണോ, പോകണ്ടായോ " മനസ്സിൽ ഒരു വടംവലി. തിങ്കളാഴ്ച രാവിലെ ആയപ്പോൾ എനിക്കൊരു അസ്വസ്ഥത. "അച്ചൻ വിളിച്ചിട്ട്, ഞാൻ പങ്കെടുക്കാതിരുന്നാൽ"... ഒരു ചിന്ത എന്നിൽ കടന്നു കൂടി.
"എനിക്കൊരു വണ്ടി ഏർപ്പാടാക്കണം. ഞാൻ പോട്ടയിൽ ധ്യാനത്തിനു പോകുന്നു." എന്റെ അപ്പനോട് ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ തന്നെ അപ്പൻ വണ്ടി ഏർപ്പാടാക്കി. ആവശ്യമുള്ള സാധനങ്ങളും എടുത്ത് ഞാൻ പോട്ട ആശ്രമത്തിലേക്കു തിരിച്ചു.
വൈകുന്നേരം നാലുമണിയോടെ ഞാൻ പോട്ട ആശ്രമത്തിൽ പനക്കലച്ചന്റെ മുറിയുടെ വാതിൽക്കൽ എത്തി. അച്ചൻ പ്രസ്സിൽ പോയിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ വന്നു. അച്ചനോടൊപ്പം ഞാൻ മുറിയിൽ കയറി.
"കഴിഞ്ഞ ആഴ്ച ഞാൻ അച്ചനെ കാണാൻ വന്നപ്പോൾ എന്നോട് ഇന്ന് വരാൻ പറഞ്ഞിരുന്നു. അച്ചൻ പറഞ്ഞപോലെ ഞാൻ ധ്യാനം കൂടാൻ വന്നതാണ്." ഞാൻ അച്ചനോട് പറഞ്ഞു.
എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അച്ചൻ ഒരു പയ്യനെ വിളിപ്പിച്ചു. അവനോട് എന്തോ പറഞ്ഞു. പെട്ടെന്ന് തന്നെ ആ പയ്യൻ പോയി എന്തോ ഒന്ന് അച്ചന്റെ കയ്യിൽ കൊണ്ടുവന്നു കൊടുക്കുന്നത് ഞാൻ കണ്ടു.
"ഇതാ, ഒരു മുറിയുടെ താക്കോൽ. മോൾ പോയി ധ്യാനം കൂടുക. എല്ലാ സൗകര്യങ്ങളും ആ മുറിയിൽ ഉണ്ട്." എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്ത് കാരണത്താലാണോ ഞാൻ മനസ്സിൽ അസ്വസ്ഥത അനുഭവിച്ചിരുന്നത്, അത് അച്ചൻ മുൻകൂട്ടി കണ്ടതുപോലെ തോന്നി.
ഞാൻ മുറിയിലെത്തി. എല്ലാ സൗകര്യങ്ങളും, അറ്റാച്ഡ് ബാത്റൂമും ഉള്ള, എനിക്കു മാത്രമായി നല്ലൊരു മുറി. മനസ്സിൽ ദൈവത്തോടും അച്ചനോടും നന്ദി പറഞ്ഞു. അങ്ങനെ വളരെ സുഖകരമായി ഞാൻ ധ്യാനം കൂടി. നാലു ദിവസങ്ങൾ ഒരു ബുദ്ധിമുട്ടും ഞാൻ അറിഞ്ഞില്ല.
വെള്ളിയാഴ്ച്ച രാത്രി ധ്യാനം കഴിഞ്ഞു. വീട്ടിലേക്കു മടങ്ങാനായി ഞാൻ മുറിയിൽ നിന്നും ബാഗും എടുത്തിറങ്ങി. അച്ചനോട് നന്ദി പറയണം എന്ന് തോന്നി. അച്ചന്റെ മുറിയുടെ വാതിൽക്കൽ എത്തി. മുറി പൂട്ടി കിടക്കുന്നു. അച്ചനെ കാണാതെ പോകാൻ ഒരു വിഷമം. ധ്യാനം കഴിഞ്ഞു ആൾക്കാർ മടങ്ങുകയാണ്. ഗേറ്റിന്റെ വശത്തേക്ക് നല്ല തിരക്ക്. എന്നെ വീട്ടിലേക്കു കൊണ്ടുപോകാനായി വണ്ടി ഗേറ്റിനു പുറത്ത് കിടപ്പുണ്ട്.
ബാഗും കയ്യിൽ പിടിച്ചു ഞാൻ ഗേറ്റ് ലക്ഷ്യമാക്കി വിഷമിച്ചു നടക്കുകയാണ്. എന്റെ കണ്ണുകൾ അച്ചനെ തിരയുകയാണ്. പുറകിലേക്ക് തിരിഞ്ഞു നോക്കാൻ ഒരു തോന്നൽ. ഞാൻ നോക്കി. അപ്പോൾ അതാ അച്ചൻ നടന്നു വരുന്നു. ഞാൻ ഓടി അച്ചന്റെ അടുത്തെത്തി.
"അച്ചാ, ഞാൻ പോകുകയാ. അച്ചൻ എനിക്ക് ചെയ്തുതന്ന എല്ലാ സഹായത്തിനും നന്ദി." അച്ചനോട് എന്റെ നന്ദി ഞാൻ അറിയിച്ചു.
"പോയി വാ. മോളെ ദൈവം അനുഗ്രഹിക്കും." അച്ചൻ പറഞ്ഞു.
ഞാൻ അവിടെ നിന്നും മടങ്ങി. മനസ്സ് നിറയെ സന്തോഷത്തോടെ.
22 വർഷങ്ങൾക്കു മുൻപുള്ള ആ ജൂലൈ മാസത്തിൽ പോട്ട ആശ്രമത്തിൽ പോകാൻ ഇടയായതും, പനക്കലച്ചനെ കാണാൻ ഇടയായതും, അച്ചന്റെ അനുഗ്രഹം ലഭിക്കാൻ ഇടയായതും, ഒരു ദൈവനിയോഗമായി ഞാനിന്ന് കണക്കാക്കുന്നു.
ജീവിതത്തിൽ പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ പ്രതീക്ഷിക്കാത്ത നന്മകൾ, അനുഗ്രഹങ്ങൾ നമ്മെ തേടിയെത്തും. ഇതൊക്കെ നമ്മെ സംബന്ധിച്ച ദൈവത്തിന്റെ ഓരോ പദ്ധതികളല്ലേ? സ്വീകരിക്കുക. ലഭിക്കുന്ന ഓരോ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും സർവ്വേശ്വരന് നന്ദി പറഞ്ഞു മുന്നോട്ടു പോകുക.
ധ്യാനങ്ങൾ കൂടുക, എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്. വിഭ്യാഭ്യാസം ഏറെയും കോൺവെൻറ് സ്‌കൂളുകളിലും, കോളേജിലും ആയിരുന്നതുകൊണ്ട് ധാരാളം ധ്യാനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം പഠനകാലങ്ങളിൽ എനിക്കു ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ മറ്റു തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി, ശാന്തമായ ഒരു അന്തരീക്ഷത്തിൽ, നല്ല കാര്യങ്ങൾ കേട്ടുകൊണ്ട് കുറച്ചു ദിവസങ്ങൾ ചിലവഴിക്കുക. മുന്നോട്ടുള്ള ജീവിതത്തിൽ കടന്നു വന്നേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ, പരാജയങ്ങളിൽ മനസ്സു തളരാതിരിക്കാൻ വേണ്ട ഊർജ്ജം സംഭരിക്കുക.
സ്വയം തിരിച്ചറിയുവാൻ, അവനവന്റെ നന്മതിന്മകളെ, സ്വന്തം ശക്തികളെ... ബലഹീനതകളെ.. തിരിച്ചറിയാൻ, ഇത്തരം ഇടവേളകൾ നല്ലതാണ്.
- ഓമന ജോൺ