തൃശൂര്‍ വിവേകോദയം സ്കൂളിലെ വെടിവയ്പ്പ്; പ്രതി ജഗന് ജാമ്യം

തൃശൂര്‍ വിവേകോദയം സ്കൂളിലെ വെടിവയ്പ്പ്;  പ്രതി ജഗന് ജാമ്യം
തൃശൂര്‍: വിവേകോദയം സ്കൂളിലെ വെടിവയ്പ്പില്‍ കേസില്‍ പ്രതി ജഗന് ജാമ്യം. ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
ജഗന്‍റ മൂന്നു വര്‍ഷത്തെ ചികിത്സാരഖകള്‍ കുടുംബം കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി തൃശൂര്‍ ഈസ്റ്റ് പോലീസാണ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ജഗനെതിരെ കേസെടുത്തത്.
ഐപിസി 448, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ത‍ൃശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് റിപ്പോര്‍ട്ടും നല്‍കും.
സ്കൂളില്‍വച്ച്‌ ഭാവി നശിച്ചെന്ന് പറഞ്ഞാണ് ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥിയായ ജഗന്‍ അക്രമം നടത്തിയതെന്ന് പ്രിൻസിപ്പല്‍ പ്രതികരിച്ചു.
സ്‌കൂളില്‍ നിന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച്‌ പോയ വിദ്യാര്‍ഥിയാണ് ജഗന്‍. 2021 ല്‍ ഒരു വര്‍ഷം സ്‌കൂളില്‍ വന്നിരുന്നു. പിന്നീട് പരീക്ഷ എഴുതാന്‍ പോലും സ്കൂളില്‍ വന്നിട്ടില്ല. ഇയാളുടെ കൈയില്‍ തോക്ക് കണ്ടതോടെ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ മതില്‍ ചാടിക്കടന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

അതേസമയം,  ജഗന്‍ അക്രമം നടത്തിയത് ബേബി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.തോക്ക് വാങ്ങിയത് ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍നിന്നാണെന്ന് പോലീസ് കണ്ടെത്തി. നിയമാനുസൃതമായ രേഖകള്‍ ഉപയോഗിച്ചുകൊണ്ടാണ് ജഗൻ തോക്കു വാങ്ങിയതെന്നും അപകടസാധ്യതയുള്ള തോക്കല്ലെന്നും ഉടമ പറഞ്ഞു.

 തോക്കു വാങ്ങിയതിന്‍റെ രേഖകള്‍ പോലീസിന് കൈമാറിയെന്നും കടയുടമ വ്യക്തമാക്കി. 1,800 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവില്‍നിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.