'കേരളത്തിൽ കേക്ക്, ഉത്തരേന്ത്യയിൽ കൈവിലങ്ങ്'; മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ മർദ്ദനവും കൈവിലങ്ങുമാണ് ബിജെപിയുടെ നയമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദന്റെ പരാമർശം.
ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും സിപിഎം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു.
സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രമാണെന്ന് ക്രൈസ്തവ മേലധ്യക്ഷൻമാർ തന്നെ പറയുന്നു. ക്രിസ്മസ്, ഈസ്റ്റർ സമയങ്ങളിൽ ദേവാലയങ്ങളിലും വീടുകളിലും കേക്കുമായി എത്തുന്ന ബിജെപി നേതാക്കൾക്ക് ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്നും അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ കന്യാസ്ത്രീകളുടെ മോചനത്തിനായി എന്തു ചെയ്തുവെന്നും എംവി ഗോവിന്ദൻ ചോദിച്ചു. ജോർജ് കുര്യൻ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. ജോർജ് കുര്യൻ ഏത് നിയമത്തെ കുറിച്ചാണ് പറയുന്നത്. വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞുവച്ചതാണോ കുര്യന് നിയമമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.