മനസറിഞ്ഞെൻ  അമ്മക്ക്: കവിത, പി. സി  മാത്യു

മനസറിഞ്ഞെൻ  അമ്മക്ക്: കവിത, പി. സി  മാത്യു

നാളെയാണെന്റെ പിറന്നാൾ
നീളുമീ രാത്രി ഉറങ്ങിയുണരാൻ 
എത്ര നേരം ഞാനുറങ്ങേണം 
എന്ന് ചിന്തിച്ചു ഞാൻ കണ്ണടക്കവേ...

മനമറിഞ്ഞാശിച്ച പോലെന്നമ്മ ...
മകനാകുമീയെനിക്ക് നൽകിയാ
സ്നേഹ സമ്മാനം ഈ ജീവിതം
സമ്പന്നം സായുജ്യം സാന്ത്വനം..


നാളെ പിറക്കും പുലരി മനോഹരം
നാമ്പുകൾ തളിർത്തിലകൾ നൃത്തമാടി 
പൂക്കളും ചൊല്ലുമാമോദത്താൽ കാറ്റും 
പിറന്നാളാശംസകൾ പ്രിയ മകനേ....

'അമ്മ മാത്രം ചൊല്ലാത്തതെന്തേ നാവാൽ  
അകലെനിന്നൊരു വിളിപ്പാടടുത്തിട്ടും 
'അമ്മ ജീവിക്കുന്ന സത്യമായിമാറി...
അരികിലില്ലെങ്കിലും അടുത്തുള്ളപോലെ 
 
വാർദ്ധക്യത്താൽ വരണ്ടുവോ നിൻ
വൈവിധ്യമാം ഓർമ്മകൾ അമ്മേ ?
എങ്കിലും നിൻ ഗീതമിന്നു കേൾക്കാൻ
എത്ര കൊതിക്കുന്നു ദൂരെ ദൂരെ ഞാൻ  

മന്ദമാരുതനും മഞ്ഞും പൂക്കളും 
മധു തേടും ചിത്ര ശലഭങ്ങളും ചൊല്ലും 
'അമ്മ സ്നേഹം തേനാണ്, കണ്ണാണ്
അറിവാണ് ശക്തിയാണെനിക്കെന്നും  

പി. സി  മാത്യു