ദെവം .. ആകായം.. പൂമി: ഇത് മാരിയപ്പൻ കാണിയച്ഛൻ്റെ കഥ
എബ്രഹാം കുര്യൻ
ദെവം ..
ആകായം..
പൂമി.
മാരിയപ്പനെന്ന കാണിയച്ഛൻ്റെ കഥയാണിത്.
മൂന്നാറിൽ, ടാങ്ക് കുടി മുതുവാ ആദിവാസി കുടിയിലെ കാണി.
കുടി എന്നാൽ മുതുവാൻമാർ കുറെ കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്ന ഇടം.
കാണിയെന്നാൽ കുടിയുടെ ലീഡർ.
കാലം 1992.
ഒരു ട്രൈബൽ ഡവലപ്പ്മെൻ്റ് പ്രൊജക്ടിൻ്റെ ഭാഗമായി എത്തിയതാണവിടെ.
ടാങ്ക് കുടിയിലെ ഒരു വീട്ടിലായിരുന്നു എൻ്റെ താമസം.
അത് 5 വർഷം നീണ്ടു.
മാരിയപ്പന് ഭാര്യയും അഞ്ച് മക്കളും. അറുപത്തിയെട്ട് വീടുകളുടെ ലീഡറാണദ്ദേഹം.
കുടിയിലെ പ്രശ്നപരിഹാരകൻ.
ജഡ്ജി.
ഈറ കുഞ്ചി (കൊച്ചു കുട്ടികൾ), കയറുകൾ ( യുവജനങ്ങൾ ), അക്കമാർ, അമ്മമാർ തുടങ്ങി മുഴുവൻ പേരുടെയും കാര്യങ്ങൾ നോക്കണം.
എല്ലാവരുടേയും വീടുകളും കൃഷിയിടങ്ങളും സത്രവും ഒക്കെ നോക്കി നടത്തണം.
എല്ലാത്തിൻ്റെയും അധികാരി.
എല്ലാവരും കൃഷിക്കാരാണ്.
കോറാനായിരുന്നു ( പഞ്ഞപ്പുല്ല് ) പ്രധാനകൃഷി.
പിന്നെ കുറച്ചു ഏലം.
കുറച്ച് ഇഞ്ചി.
പുൽ വീടുകളാണ് കൂടുതലും.
തണുപ്പും ചൂടും അധികമേൽക്കാത്ത ഗംഭീരമായ വാസ്തുശില്പരീതി.
ചാണകം മെഴുകിയ തറ.
വൃത്തിയും വെടിപ്പുമുള്ള അടുക്കള.
രാവിലെ തോറും ചായ തിളപ്പിച്ച് കോറാനും കുറുക്കി (കട്ടി)
കഴിഞ്ഞാൽ പാത്രമെല്ലാം ചാരമിട്ട് മെഴുക്കി വൃത്തിയാക്കി വെയിലത്തുണക്കാൻ വെയ്ക്കും.
പിന്നെ സ്ത്രീകൾ കുട്ടികളെയും കൂട്ടി
അരുവിയിൽ പോയി കുളിച്ചു പാത്രങ്ങളിൽ വെള്ളവുമായി കുടിയിലേക്ക് മടങ്ങും.
ദിനംതോറുമുള്ള പ്രഭാതകാഴ്ചയാണിത്.
കട്ടിയും കഴിച്ചു പാത്രത്തിൽ കടുംചായയുമായി കാണിയച്ഛൻ രാവിലെ തൻെറ ജൈത്രയാത്ര തുടങ്ങും.
കാണിയച്ഛൻ്റെ കൂടെയുള്ളത് നൂറോളം പശുക്കളാണ്.
മലയുടെ ചെരിവുകളിലെ പുല്ല് തിന്നു പശുക്കൾ നീങ്ങുമ്പോൾ കാണിയച്ഛൻ ഇടയ്ക്കിടെ
തേയില വെള്ളം കുടിക്കും.
നാലു മണിയോടെ പശുക്കളെയുമായി കാണിയച്ഛൻ കുടിയിൽ മടങ്ങിയെത്തും.
ഇതാണ് കാണിയച്ഛൻ്റെ മിഷൻ.
കാണിയച്ഛൻ്റെ കൂടെ മല കയറിയ ഒരു ദിവസം ഞാൻ ചോദിച്ചു:
"ഈ പശുക്കളെല്ലാം കാണിയച്ഛൻ്റെ സ്വന്തമാണോ? "
"കുടിയുടേതാണ്".
'"പശുവിനെ തീറ്റാൻ കൊണ്ടു പോകുന്നതിൻ്റെ കൂലി ഓരോ വീട്ടുകാരും തരുമോ ? "
"ഇത് കൂലിപ്പണിയല്ല.എൻ്റെ കടമ."
ഞാൻ വല്ലാതായി.
ഒരു കുടിയുടെ ലീഡർ പ്രതിഫലമൊന്നും വാങ്ങാതെ മറ്റുള്ളവരുടെ പശുക്കളെ പോറ്റുന്നു.
കാണിയച്ഛൻ്റെ വീട്ടിൽ രാവിലെ കുട്ടികളുടെ തിരക്കാണ്.
കാണിയച്ഛനും മക്കളും കൂടി കറവയുള്ള പശുക്കളുടെ പാൽ കറന്നെടുക്കും.
കാണിയച്ഛൻ്റെ ഭാര്യ അതുമുഴുവൻ തിളപ്പിക്കും.
ചെറിയ സ്റ്റീൽ ഗ്ളാസ്സുകളിൽ ഊറ്റി വെയ്ക്കും.
ആ കുടിയിലെ കുട്ടികൾ മുഴുവൻ വന്ന് മതിയാവോളം പാൽ കുടിച്ച് തുള്ളിച്ചാടി മടങ്ങുന്നു.
അവരെ നോക്കി അമ്മയുടെ ഒരു നിൽപ്പുണ്ട്.
കാണിയച്ഛനും ആ അമ്മയും ഒരു സ്കൂളിലും പോയിട്ടില്ല. സാമൂഹ്യ ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും സോഷ്യലിസവും വേദശാസ്ത്രവും ഒന്നും പഠിച്ചിട്ടില്ല. സന്തുഷ്ട നഗരം,സന്തുഷ്ട രാജ്യം,ജി.എൻ.എച്ച്,
ഹാപ്പിനെസ്സ് ...
ഒന്നും അവർക്കറിയില്ല.
കുടിയാളുകളുടെ പശുക്കളെയും കൊണ്ട് കാണിയച്ഛൻ രാവിലെ മല കയറുന്നു.
വൈകുന്നേരം മലയിറങ്ങുന്നു.
രാവിലെ തോറും പാൽ കറന്നെടുക്കുന്നു.
അമ്മ , പാൽ തിളപ്പിച്ച് ഗ്ളാസ്സുകളിൽ ഊറ്റിയൊഴിക്കുന്നു.
കുടിയിലെ കുഞ്ചികൾ പാൽ കുടിച്ചു കുത്തിമറിഞ്ഞ് മടങ്ങുന്നു.
ഇവിടം സ്വർഗ്ഗമായിരുന്നു.
"വാവേ .. "
എന്നാണെന്നെ വിളിച്ചിരുന്നത്.
അഞ്ചു വർഷങ്ങൾ ഞാനാ വിളി കേട്ടുകൊണ്ടിരുന്നു.
ആ വിളിയുടെ ചൂടും സനേഹവും ഞാൻ നെഞ്ചോട് ചേർക്കുന്നു.
പ്രിയപ്പെട്ട മാരിയപ്പൻ കാണിയച്ഛൻ്റെ
ഓർമ്മ ദിനം.
Abraham Kurien,
Living leaf views paper.
Tel.9447703408.