ബിഹാറില്‍ എൻഡിഎ സര്‍ക്കാര്‍; വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ് നിതീഷ് കുമാര്‍

ബിഹാറില്‍ എൻഡിഎ സര്‍ക്കാര്‍; വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ് നിതീഷ് കുമാര്‍

പാട്‌ന: ബിഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് മറുകണ്ടം ചാടിയ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെ.ഡി.യു- ബി.ജെ.പി സഖ്യസർക്കാർ നിലവിൽ വന്നു . ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു.

മഹാഗഡ്ഹബന്ധൻ സർക്കാരിനെ വീഴ്ത്തിയ രാഷ്ട്രീയനീക്കത്തിനൊടുവിലാണ് ബിഹാറില്‍ എൻ.ഡി.എ സർക്കാർ അധികാരമേല്‍ക്കുന്നത്. പാട്‌നയില്‍ നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

അഞ്ചു മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉള്‍പ്പെടെ പ്രമുഖർ പങ്കെടുത്തു. ബി.ജെ.പിയില്‍നിന്നും ജെ.ഡി.യുവിനിന്നും മൂന്നുപേർ വീതവും എച്ച്‌.എ.എമ്മില്‍നിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു. ഇതില്‍ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാർ, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാർ, സന്തോഷ് കുമാർ, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാർ.

ഇത് ഒൻപതാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നാം തവണയും.

ഇന്നു രാവിലെ 10നായിരുന്നു ജെ.ഡി.യു എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗത്തിനു പിന്നാലെ നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. പിന്നാലെ ഗവർണറെ കണ്ടു രാജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ബി.ജെ.പി, എച്ച്‌.എ.എം നേതാക്കളുമായി എത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. 243 അംഗ സഭയില്‍ 128 എം.എല്‍.എമാരുടെ പിന്തുണയാണ് നിതീഷ് അവകാശപ്പെടുന്നത്. ബി.ജെ.പി-78, ജെ.ഡി.യു-45, എച്ച്‌.എ.എം-നാല്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് എൻ.ഡി.എയ്ക്കൊപ്പമുള്ളതെന്നാണ് റിപ്പോർട്ട്.