ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ആറാം തവണയും  ഇൻഡോര്‍: കേരള നഗരങ്ങൾ ഏറെ പിന്നിൽ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ആറാം തവണയും  ഇൻഡോര്‍: കേരള നഗരങ്ങൾ ഏറെ പിന്നിൽ

 

 തുടര്‍ച്ചയായ ആറാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി  ഇൻഡോര്‍ മുന്നിലെത്തി. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഗുജറാത്തിലെ സൂറത്തും മഹാരാഷ്‌ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേന്ദ്ര സർക്കാരിന്റെ പ്രതിവർഷ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.

കേരളത്തിലെ ഒരു നഗരം പോലും സർവേയിൽ ആദ്യ നൂറു റാങ്കുകളിൽ ഉൾപ്പെട്ടിട്ടില്ല . പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ നഗര സഭയ്ക്കാണ്  ഏറ്റവും ഉയർന്ന റാങ്ക് -190 ആം സ്ഥാനം. കഴിഞ്ഞ തവണ 234 സ്ഥാനത്തായിരുന്നു ആലപ്പുഴ .  കൊച്ചി, തൃശൂർ, പാലക്കാട് , കോഴിക്കോട് , കൊല്ലം എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു നഗരങ്ങൾ .298ആം  സ്ഥാനത്ത് കൊച്ചിയും 305 ആം സ്ഥാനത്ത് തിരുവനന്തപുരവും 313 ആം സ്ഥാനത്തായി തൃശൂരും പിന്നിലുണ്ട്. 336, 366 സ്ഥാനങ്ങളിൽ കോഴിക്കോടും കൊല്ലവുമുണ്ട്.

രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുന്ന ദേശീയ റാങ്കിങ്ങിൽ സംസ്ഥാനത്തെ നഗരങ്ങൾ ഏറെ പിന്നിലാണ് .

 ആലപ്പുഴ (1347), കൊച്ചി (2593), തിരുവനന്തപുരം (2735), തൃശൂർ (2827), പാലക്കാട് (2901), കോഴിക്കോട് (3192), കൊല്ലം (3821) എന്നിങ്ങനെയാണു ദേശീയ റാങ്കിങ്ങിൽ നമ്മുടെ നഗരങ്ങളുടെ സ്ഥാനം .

ദക്ഷിണേന്ത്യയിൽ മികവ് പുലർത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തിലെ ഒരു നഗരവും ഉൾപ്പെടുന്നില്ല.

വിദ്യാഭ്യാസ, ആരോഗ്യ  മേഖലകളിൽ രാജ്യത്ത് ഏറ്റവുംമികച്ച സംസ്ഥാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ വളരെ  പിന്നിലാണ് . മാലിന്യങ്ങളും ചപ്പ് ചവറുകളും  കുന്നുകൂടിയ  തെരുവുകളും അവയിൽ നിന്ന് പകർന്നെത്തുന്ന  രോഗങ്ങളുമാണ് നമ്മുടെ നാട്ടിൽ കാണാനാകുക.


മാലിന്യത്തിൽ നിന്ന് കോടികളുണ്ടാക്കുന്ന ഇൻഡോർ  വൃത്തിക്കൊപ്പം പണവുമുണ്ടാക്കാമെന്നും കാണിച്ചു തരുന്നത് കേരളത്തിലും മാതൃകയാക്കാവുന്നതാണ് . ജനങ്ങളുടെയും ഭരണകൂടത്തിന്റെയും  കൂട്ടായ പരിശ്രമമാണ് ഇൻഡോറിനെ   രാജ്യത്ത് തന്നെ വൃത്തിയുള്ള നഗരമാക്കി മാറ്റിയത്. മാലിന്യത്തിലൂടെ വരുമാനം കണ്ടെത്തുന്ന വികസന  പദ്ധതി അവതരിപ്പിക്കുന്ന മധ്യ പ്രദേശ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ് . നഗരത്തെ ശുചിയായി സൂക്ഷിക്കാൻ പ്രത്യേകം ഷിഫ്റ്റുകളിലായി 8,500-ഓളം ശുചീകരണ തൊഴിലാളികളാണ് ഇൻഡോറിൽ പ്രവർത്തിക്കുന്നത്

മധ്യ പ്രദേശിലെ ഏറ്റവും വലിയ നഗരമാണ് 35 ലക്ഷം ജന്സംഖ്യയുള്ള ഇൻഡോർ. 1,900 ടൺ മാലിന്യമാണ് ഇവിടെ  പ്രതിദിനം ഉണ്ടാകുന്നത്. ഇതിൽ 1,200 ടൺ ഈർപ്പരഹിതമായ മാലിന്യവും 700 ടൺ ഈർപ്പമുള്ള മാലിന്യവുമാണ്. ഈ മാലിന്യങ്ങൾ ആറ് വിഭാഗങ്ങളിലായി വേർതിരിച്ച് മാലിന്യ പ്ലാന്റിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന ഈർപ്പമുള്ള മാലിന്യത്താൽ പ്രവർത്തിക്കുന്ന ബയോ സിഎൻജി പ്ലാൻും ഇൻഡോറിലുണ്ട്.

17,000 മുതൽ 18,000 കിലോ ബയോ സിഎൻജിയും 10 ടൺ ജൈവവളവും ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയും. ഇത്തരത്തിൽ ബയോ സിഎൻജി ഉപയോഗിച്ച് 150-ഓളം സിറ്റി ബസുകളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്.

വാസ്തുവിദ്യാ സൗന്ദര്യത്തിന്റെയും കൗതുകകരമായ ചരിത്രത്തിന്റെയും ആകര്‍ഷണീയതയാല്‍ വിനോദ സഞ്ചാരികളെ എപ്പോഴും ആകര്‍ഷിക്കുന്ന നഗരങ്ങളിലൊന്നാണ് മധ്യപ്രദേശിലെ   മനോഹര നഗരമായ ഇന്‍ഡോര്‍. ചരിത്രസ്മാരകങ്ങളുടെയും മതപരമായ സ്ഥലങ്ങളുടെയും കേന്ദ്രമാണിത്. അതിമനോഹരമായ കൊട്ടാരങ്ങളും മനോഹരമായി കൊത്തിയെടുത്ത ക്ഷേത്രങ്ങളും പുരാതന കോട്ടകളും കൊണ്ട് സമ്പന്നമായ നഗരം .

നമ്മുടെ നാടിന് വൃത്തിയുടെ കാര്യത്തിൽ ഏറെ കാര്യങ്ങൾ ഇൻഡോറിനെ മാതൃകയാക്കി നടപ്പിൽ വരുത്താവുന്നതാണ് , ശുചിത്വമുണ്ടെങ്കിലെ ആരോഗ്യമുള്ള തലമുറയും രൂപപ്പെടൂ എന്ന് നാം   ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു