കുഞ്ഞേ മടങ്ങുക:    © കാവ്യ ഭാസ്ക്കർ

കുഞ്ഞേ മടങ്ങുക:    © കാവ്യ ഭാസ്ക്കർ
കാതുപൊത്തുവാൻ 
വയ്യെന്റെ മകളേ,
നിൻ നിലവിളി
പടരുന്നെന്നുടലാകെ
ഉയിരേ!
കുഞ്ഞിളംകൈകൾ
തലോടുന്ന രാവുകൾ
മുറിവേറ്റ നോവുമായ്
ഉഴറുന്നുനെഞ്ചിൽ!
കുഞ്ഞിക്കിലുക്കങ്ങ-
ളൊഴുകുന്ന മുറികൾ
മൂകമായിരുളിനെ
പൊതിയുന്നു നിത്യം!
കാടത്തമുണരുന്ന
മനുജരാണമ്മേ,
വാ പൊത്തിടുന്നോ
ലോകമേ നീയും!
കാട്ടുചെന്നായകൾ
കടിച്ചിഴയ്ക്കുമ്പോഴും
കെഞ്ചുന്ന കണ്ണുകൾ
കാണാതെപോയോ?
നഖമുനകളുടലാകെ
ചൂഴ്ന്നിറക്കുമ്പോൾ,
കേട്ടില്ല മൃഗമേ നീ 
അലിവിന്റെ വിളികൾ.
കാമം കിതയ്ക്കുന്ന
മനുജന്റെയുള്ളിൽ
മൃഗത്വം പുഴുക്കുന്നു
രാവുകൾ തോറും!
മുറിവേറ്റ പെണ്ണിന്റെ
കനവാരുകണ്ടു?
വിലപറഞ്ഞീടുന്ന
ലോകമേ പറയൂ...
കുഞ്ഞേ മടങ്ങുക!
കഴുകന്മാർ ചുറ്റും
ഇത് കാമവെറിയരുടെ
നെറികെട്ടലോകം.
ആലുവയിൽ കൊല്ലപ്പെട്ട പെൺകുഞ്ഞിനായി സമർപ്പണം