വിശപ്പിന്റെ കഥ: കവിത, കാവ്യഭാസ്ക്കർ ബ്രഹ്മമംഗലം

വിശപ്പിന്റെ കഥ: കവിത, കാവ്യഭാസ്ക്കർ  ബ്രഹ്മമംഗലം

വിശന്ന് പൊരിഞ്ഞവന്

പറയാൻ കഥകളേറെയാണ്.

ചില്ലുകൂട്ടിലെ പലഹാരങ്ങളെ നോക്കി

കൊതിക്കുമ്പോൾ

കടക്കാരനൊഴിക്കുന്ന

പുഴുത്ത വെള്ളത്തിന്റെ കഥ.

ഭാണ്ഡക്കെട്ടുമായ്

അനാഥത്വത്തിന്റെ നൊമ്പരം പേറി

പലർക്കുമുൻപിലും

ഇരക്കുമ്പോൾ

അറപ്പോടെ ആട്ടിയോടിക്കുന്ന  കഥ.

രാത്രിയിൽ 

കറുത്ത കഴുകൻകണ്ണുകളെ

ഭയന്നുറങ്ങുമ്പോൾ

ഞെട്ടിയുണരുന്ന ഭീതിയുടെ കഥ.

വയറുപൊട്ടെ തിന്ന്

മദിച്ചുറങ്ങുന്നവന്

ഈ കഥകൾ വെറും

വിഡ്ഢിത്തമാകാം

വിശന്നുറങ്ങുന്നവന് 

അങ്ങനെയല്ലല്ലോ....!!!

 

കാവ്യഭാസ്ക്കർ , ബ്രഹ്മമംഗലം