ഫൊക്കാന കൺവൻഷൻ വേദിയായി ടൈംസ് സ്‌ക്വയർ മാരിയറ്റ് ലക്ഷ്യമിട്ട് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റിയും; ഇത് ചരിത്രപരം
ന്യൂയോർക്ക്: ടീം ഇന്റഗ്രിറ്റി ഫൊക്കാനയുടെ അമരത്ത് വന്നാൽ ന്യു യോർക്ക് ടൈംസ് സ്‌ക്വയറിയിലെ മാരിയറ്റ് മാർക്വീസ് ഹോട്ടലിൽ കൺവൻഷൻ നടത്താൻ കഴിയുമെന്ന ആത്‌മവിശ്വാസവുമായി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാനൽ സംഘടനയുടെ അടുത്ത രണ്ട് വർഷത്തെ പ്രയാണത്തിന്റെ ദിശാസൂചികയായ പ്രകടനപത്രിക പുറത്തിറക്കി.
വെസ്റ്ചെസ്റ്ററിൽ വൽഹാലയിൽ മൗണ്ട് പ്ലെസന്റ് കമ്യുണിറ്റി സെന്ററിൽ ഇന്ത്യ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പത്ര സമ്മേളനത്തിലാണ് സുപ്രധാനമായ ലക്ഷ്യങ്ങളടങ്ങിയ മാനിഫെസ്റ്റോ പുറത്തിറക്കിയത്.
ഈ വർഷത്തെ കൺവൻഷൻ നടക്കുന്ന പോക്കനോസിലെ കൽഹാരി റിസോർട്ടിൽ മുറികൾക്ക് നൽകുന്ന വാടകയേക്കാൾ കുറഞ്ഞ നിരക്കിൽ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ ടൈംസ് സ്കവയറിലെ മാറിയറ്റിൽ റൂമുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ലോക കേരളം സഭ നടന്നത് ഇവിടെ വച്ചാണ്. മുൻപ് ഒരു മലയാളി സംഘടനയും ന്യു യോർക്ക് സിറ്റിയിൽ കൺവൻഷൻ നടത്തിയിട്ടില്ല എന്നത് തിരുത്തിക്കുറിക്കുമെന്ന വിശ്വസമാണ് ഫിലിപ്പോസ് ഫിലിപ്പും ടീമും പ്രകടിപ്പിച്ചത്.
ഫൊക്കാനയുടെ ഭരണസമിതി തിരഞ്ഞെടുപ്പിൽ വൻ ആത്മവിശ്വാസത്തോടെയും വിപ്ലവാത്മകമായ പ്രകടനപത്രികയോടെയുമാണ് ഫിലിപ്പോസ് ഫിലിപ്പും 'ടീം ഇന്റഗ്രിറ്റി'യും അങ്കത്തട്ടിലേക്ക് ഇറങ്ങിയിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ പാനലിന്റെ ഔദ്യോഗിക പ്രഖ്യാപനവും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തലും നടന്നു.
കേവലം സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള മത്സരമല്ല, മറിച്ച് വാക്കിനും പ്രവൃത്തിക്കും ഒരേപോലെ തൂക്കമുള്ള 'ഇന്റഗ്രിറ്റി' (വിശ്വാസ്യത) മുറുകെപ്പിടിച്ചുകൊണ്ടുള്ള കമ്മ്യൂണിറ്റി സേവനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാനിഫെസ്‌റ്റോയിൽ ചെയ്യുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തി. അത് എങ്ങനെ ചെയ്യുമെന്നതും കൃത്യമായി വിശദീകരിച്ചു. ഇത്തരമൊരു മാനിഫെസ്റ്റോയും പുതുമയായി. പത്രസമ്മേളനത്തിൽ മാനിഫെസ്റ്റോ പ്രകാശനം ചെയ്‌തു. ഫൊക്കാനയുടെ മുൻ പ്രസിഡന്റ്റും പ്രമുഖ നേതാവുമായ പോൾ കറുകപ്പള്ളി ഫിലിപ്പോസ് ഫിലിപ്പിൽ നിന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കുടുംബങ്ങളുടെ പൂർണ്ണമായ പിന്തുണയോട് കൂടിയാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് തന്റെ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി. ഡെലിഗേറ്റുകളുടെയും കുടുംബങ്ങളുടെയും ഈ ഒത്തൊരുമ തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. സ്ഥാനാർത്ഥികൾ കുടുംബസമേതമാണ് വാർത്താസമ്മേളനത്തിലും തുടർന്ന് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിക്കും എത്തിയത്.
മാധ്യമപ്രവർത്തകരെ ആദരപൂർവം സ്വാഗതം ചെയ്ത ഫിലിപ്പോസ് ഫിലിപ് പ്രവാസി സമൂഹത്തിന്റെ വളർച്ചയ്ക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണ വലുതാണെന്ന് ചൂണ്ടിക്കാട്ടി.
വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടിയാണ് ഫിലിപ്പോസ് ഫിലിപ്പും സംഘവും നൽകിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ലോകകേരളസഭയെ സംബന്ധിച്ചുള്ള തർക്കങ്ങളിൽ ഫൊക്കാനയുടെ നിലപാട് വ്യക്തമാക്കപ്പെട്ടു. രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും വിദേശമലയാളികളുടെ ആവശ്യങ്ങൾ പറയുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ ശബ്ദം ഉയർത്തുവാനും ശക്തമായൊരു വേദി പ്രവാസികൾക്ക് ആവശ്യമാണ്. നിലവിലെ ഗവൺമെന്റ് ലോക കേരള സഭ നിർത്തിയാൽ പോലും, അതിനുപകരമായി പ്രവാസികളുടെ ശബ്ദം തിരുവനന്തപുരം-ഡൽഹി ഭരണകൂടങ്ങളിൽ എത്തിക്കാൻ ഫൊക്കാന മുൻകൈ എടുക്കും. നിലവിലെ മന്ത്രിമാരുമായും എം.എൽ.എമാരുമായും ഉള്ള വ്യക്തിപരമായ അടുപ്പം ഇതിനായി ഉപയോഗപ്പെടുത്തും.
വിമാന ടിക്കറ്റ് നിരക്ക് വർദ്ധന, ഇമിഗ്രേഷൻ പ്രശ്നങ്ങൾ എന്നിവയിൽ ശക്തമായ ഇടപെടലുകൾ നടത്തും. കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന്റെ സാധ്യതയും ആരായും.
കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ച മെഡിക്കൽ കാർഡ് പദ്ധതി നിലവിൽ ആറ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്. ഇത് വളരെ കുറച്ചുപേർക്ക് മാത്രമേ ഉപകാരപ്പെടുന്നുള്ളൂ. ടീം ഇന്റഗ്രിറ്റി അധികാരത്തിൽ വന്നാൽ ഈ മെഡിക്കൽ കാർഡ് പദ്ധതി വിപുലീകരിക്കുകയും കൂടുതൽ പ്രവാസികൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാക്കുകയും ചെയ്യും. ഓരോ ജില്ലയിലെയും സുപ്രധാനമായ 2-3 മെഡിക്കൽ സ്ഥാപനങ്ങളുമായി കൈകോർക്കാനാണ് ആലോചന.
അമേരിക്കയിൽ വളരുന്ന പുതിയ തലമുറയ്ക്ക് മലയാള ഭാഷ തീർത്തും അന്യമാകുന്ന സാഹചര്യത്തിൽ, കൃത്യമായ ലക്ഷ്യത്തോടെയുള്ള ഭാഷാപഠനം നടപ്പിലാക്കും. കേരള ഗവൺമെന്റിന്റെ മലയാളം മിഷനുമായി സഹകരിച്ച് മുൻപ് മൂന്ന്-നാല് സെന്ററുകളിൽ വിജയകരമായി തുടങ്ങിയ മലയാളം സ്കൂളുകളെ അടുത്ത ലെവലിലേക്ക് പ്രൊമോട്ട് ചെയ്യും. ഇതിനായി മൂന്ന് ലെവലുകളുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാനഡ ഉൾപ്പെടെയുള്ള മേഖലകളിൽ, സ്പാനിഷും ഫ്രഞ്ചും സെക്കൻഡ് ലാംഗ്വേജ് ആയി പഠിക്കുന്നതുപോലെ മലയാളത്തെയും സ്കൂൾ തലങ്ങളിൽ എത്തിക്കാനുള്ള ഒരു അഞ്ചുവർഷത്തെ ദീർഘകാല പദ്ധതി ടീം ഏറ്റെടുക്കും.
സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ സംഘടനയ്ക്ക് അനുകൂലമായി മാറ്റും. അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി സോണി അമ്പൂക്കൻ എ.ഐയെക്കുറിച്ച് എഴുതിയ പുസ്തകങ്ങളും പഠനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. ഫൊക്കാന മീറ്റിംഗുകളും പ്രസംഗങ്ങളും തത്സമയം മലയാളത്തിലേക്ക് ഓട്ടോമാറ്റിക് ആയി തർജ്ജമ ചെയ്യുന്ന സാങ്കേതികവിദ്യ ഉൾപ്പെടെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നടപ്പിലാക്കും. മലയാളം എഴുതാനും വായിക്കാനും അറിയാത്ത പുതുതലമുറയ്ക്കായി ഡിജിറ്റൽ പുസ്തകങ്ങൾ തയ്യാറാക്കി വിവിധ യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും ഡൊണേറ്റ് ചെയ്യുന്ന പദ്ധതി വിപുലീകരിക്കും.
കഴിഞ്ഞ രണ്ടു മൂന്നു മാസമായി അമേരിക്കയിലെ വിവിധ റീജിയണുകളിൽ നടന്നു വരുന്ന ശക്തമായ കാമ്പെയ്നുകളിൽ നിന്ന് പ്രതീക്ഷിച്ചതിലും വലിയ ആത്മവിശ്വാസമാണ് ലഭിച്ചതെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. തങ്ങൾ വെറുതെ ഇറങ്ങിയിട്ട് ഫോട്ടോ എടുക്കാൻ വേണ്ടി നടക്കുന്നവരല്ലെന്നും, നാല് വർഷമായി കഠിനാധ്വാനം ചെയ്ത് കൃത്യമായ പ്ലാനിങ്ങോടെയും ആത്മവിശ്വാസത്തോടെയുമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ടീം ഇന്റഗ്രിറ്റിയിലെ 40-45 പേരടങ്ങുന്ന ശക്തമായ പാനലിന്റെ വിജയസാധ്യത 100 ശതമാനമാണെന്നും ഡെലിഗേറ്റുകളുടെ പൂർണ്ണ പിന്തുണയോടെ തങ്ങൾ ജയിച്ചിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൺവൻഷൻ ന്യൂയോർക്ക് സിറ്റി മാരിയറ്റിൽ നടത്താൻ ശ്രമിക്കുമെന്ന പ്രഖ്യാപനത്തോടെ ഫൊക്കാന തിരഞ്ഞെടുപ്പ് അങ്കം പുതിയൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. സുതാര്യതയും പ്രവൃത്തിയിലെ വിശ്വസ്തതയും മുറുകെപ്പിടിക്കുന്ന ഒരു പുതിയ ഭരണസമിതിക്കായി ഡെലിഗേറ്റുകൾ ടീം ഇന്റഗ്രിറ്റിയെ നെഞ്ചേറ്റുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വം.
വാർത്താസമ്മേളനത്തിൽ ടീം ഇന്റഗ്രിറ്റിയുടെ പ്രധാന ഭാരവാഹികളെ 'മീറ്റ് ആൻഡ് ഗ്രീറ്റിന്റെ' ഭാഗമായി ഔദ്യോഗികമായി പരിചയപ്പെടുത്തി. സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ (ഷിക്കാഗോ), ട്രഷറർ ആന്റോ വർക്കി, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജോസി കാരക്കാട്ട് (കാനഡ), അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥിയും മുൻ ലോകകേരളസഭ അംഗവും എ.ഐ വിദഗ്ദ്ധനും എഴുത്തുകാരനുമായ സോണി അമ്പൂക്കൻ, അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥിയും അമേരിക്കൻ മലയാളി സമൂഹത്തിന് സുപരിചിതനായ കമ്മ്യൂണിറ്റി നേതാവുമായ അപ്പുക്കുട്ടൻ പിള്ള, അഡീ അസോ. സെക്രട്ടറി ഡോ. അജു ഉമ്മൻ എന്നിവർ തങ്ങളുടെ നിലപാടുകൾ വിശദീകരിക്കുകയും ഈ ടീമിലെ എല്ലാവരെയും എന്തുകൊണ്ട് വിജയിപ്പിക്കണമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. കൂടാതെ, ആർ.വി.പി സ്ഥാനാർഥികളായ ഫോബി പോൾ (ന്യു ഇംഗ്ലണ്ട് റീജിയൻ-1), ജോൺ ജോർജ് (മെട്രോ ന്യു യോർക്ക്-റീജിയൻ 2), അഭിലാഷ് പുളിക്കത്തൊടി (അപ്പസ്‌റ്റേറ്റ് ന്യു യോർക്ക്-റീജിയൻ 3), എബ്രഹാം പോത്തൻ (ന്യു ജേഴ്‌സി-റീജിയൻ 4) നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ അജു എബ്രഹാം, ഷൈമി ജേക്കബ്, ശിവ് തഷ്ണാദ്, ആദർശ് രവീന്ദ്രൻ , മേരി ഫിലിപ്, യൂത്ത് കമ്മിറ്റി അംഗം സാറാ പോത്തൻ തുടങ്ങിയവരും പങ്കെടുത്തു.
അമേരിക്കൻ മലയാളി മാധ്യമരംഗത്തെ പ്രമുഖ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാമിന്റെ നേത്രുത്വത്തിൽ ജോർജ്ജ് ജോസഫ്, ടാജ് മാത്യു, ജോസ് കാടാപ്പുറം, സുനിൽ ട്രൈസ്റ്റാർ, ജേക്കബ് മാനുവൽ തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ് മുൻ നാഷണൽ പ്രസിഡന്റ് ടാജ് മാത്യു സ്വാഗതം ആശംസിച്ചു.
പത്ര സമ്മേളനത്തെത്തുടർന്ന് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ഒട്ടേറെ പേർ പങ്കെടുക്കുകയും ടീമിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ചടങ്ങിൽ ഫിലിപ്പോസ് ഫിലിപ്പിന്റെ ജന്മദിനം പ്രമാണിച്ച് കേക്ക് മുറിച്ചു.
ജോയി ഇട്ടൻ , ടെറൻസൻ തോമസ്, മത്തായി പി ദാസ്, അലക്സ് എബ്രഹാം, ടോം നൈനാൻ, മത്തായി ചാക്കോ, ലിജോ ജോൺ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.