ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്രിവാളിനെ ജയിലില്‍ കൊല്ലാന്‍ ശ്രമമെന്ന് ഭാര്യ

ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്രിവാളിനെ   ജയിലില്‍  കൊല്ലാന്‍ ശ്രമമെന്ന് ഭാര്യ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വെച്ച്‌ കൊല്ലാന്‍ ശ്രമമെന്ന് ഭാര്യ സുനിത അഗര്‍വാള്‍. ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ വെച്ചായിരുന്നു ഗുരുതരമായ ആരോപണങ്ങള്‍ സുനിത ഉന്നയിച്ചത്.

നേരത്തെ തന്നെ ആംആദ്മി പാര്‍ട്ടി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നുണ്ട്. തീഹാര്‍ ജയിലില്‍ കെജ്രിവാളിന് നല്‍കുന്ന ഓരോ ഭക്ഷണവും കൃത്യമായി പരിശോധിക്കുന്നുണ്ട്.

അദ്ദേഹം ഭക്ഷണം കഴിക്കുന്നുണ്ടോ എന്നെല്ലാം ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. എന്റെ ഭര്‍ത്താവിനെ കൊല്ലാനാണ് അവരുടെ ശ്രമം. അദ്ദേഹത്തിന്റെ ഭക്ഷണം പോലും നിരീക്ഷണത്തിലാണ്. ഇന്‍സുലിന്‍ അദ്ദേഹത്തിന് നല്‍കുന്നില്ല. കെജ്രിവാള്‍ പ്രമേഹ രോഗിയായതിനാല്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇന്‍സുലിന്‍ ഉപയോഗിക്കുന്നുണ്ട്. നിത്യേന 50 യൂണിറ്റ് ഇന്‍സുലിന്‍ അദ്ദേഹത്തിന് ആവശ്യമാണെന്നും റാഞ്ചിയിലെ റാലിയില്‍ സുനിത കെജ്രിവാള്‍ പറഞ്ഞു.

ജനസേവനത്തിന് ഇറങ്ങിയത് കൊണ്ടാണ് തന്റെ ഭര്‍ത്താവിനെ അവര്‍ ജയിലില്‍ അടച്ചത്. കെജ്രിവാളിനെതിരെയുള്ള ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഏകാധിപത്യത്തിനെതിരെ നമ്മള്‍ പോരാടി വിജയിക്കും. ജയിലിന്റെ കവാടങ്ങള്‍ തകര്‍പ്പെടും. കെജ്രിവാളും ഹേമന്ദ് സോറനും പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.

കെജ്രിവാളിന്റെ ആരോഗ്യത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും തനിക്ക് ആശങ്കയുണ്ട്. ഇന്‍സുലിന്‍ നല്‍കാതെ അദ്ദേഹത്തെ ജയിലില്‍ ബുദ്ധിമുട്ടിക്കുകയാണ്. കാര്യമായ ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നില്ല.ഇത് വലിയൊരു ഗൂഡാലോചനയുടെ ഭാഗമാണ്. തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കാനാണ് ശ്രമം. കേന്ദ്ര സര്‍ക്കാര്‍ ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കെജ്രിവാളിനെയും ഹേമന്ദ് സോറനെയും ഏകാധിപതികളെ പോലയാണ് കേന്ദ്രം ജയിലില്‍ അടച്ചത്. ഇവര്‍ കുറ്റം ചെയ്തതായി കാണിക്കുന്ന യാതൊരു തെളിവും ഇല്ല. ഇരു നേതാക്കളും മികച്ചവിദ്യാഭ്യാസത്തിന്റെയും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിന്റെയും പേരില്‍ പ്രശസ്തി നേടിയ നേതാക്കളായിരുന്നു.

രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും സുനിത ആരോപിച്ചു. രാജ്യത്തെ സേവിക്കുന്നതിനുള്ള ധൈര്യവും ദൃഡനിശ്ചയവുമാണ് കെജ്രിവാളിനെ നയിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മുകളിലാണ് അദ്ദേഹം പൊതുജന സേവനത്തെ കാണുന്നത്. എല്ലാം അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിനെതിരെ ജനങ്ങള്‍ നിലപാട് എടുക്കണമെന്നും സുനിത ആവശ്യപ്പെട്ടു.

നേരത്തെ എഎപി കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മുന്നൂറില്‍ എത്തിയതായും, ഇന്‍സുലിന്‍ നിഷേധിച്ചതാണ് കാരണമെന്നും ആരോപിച്ചിരുന്നു. ഏപ്രില്‍ 23 വരെ കെജ്രിവാള്‍ ജയിലില്‍ തുടരേണ്ടി വരും. അതിന് ശേഷമാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുക