മണിപ്പൂരിലെ 11 ബൂത്തില്‍ തിങ്കളാഴ്ച റീപോളിംഗ്

മണിപ്പൂരിലെ 11 ബൂത്തില്‍ തിങ്കളാഴ്ച റീപോളിംഗ്

ഇംഫാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ്.

മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ 11 ബൂത്തുകളില്‍ റീപോളിംഗ് നടക്കുമെന്ന് മണിപ്പൂര്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

'ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളില്‍ ഏപ്രില്‍ 19 ന് നടത്തിയ വോട്ടെടുപ്പ് അസാധുവാക്കുന്നു. ഇവിടങ്ങളില്‍ 22 ന് റീപോളിംഗ് നടത്തും,' മണിപ്പൂര്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ഔട്ടര്‍ മണിപ്പൂര്‍, ഇന്നര്‍ മണിപ്പൂര്‍ എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

സജീബ് (എ), ഖുറൈ തോംഗം ലെയ്‌കൈ, ബാമോണ്‍ കാമ്ബു (നോര്‍ത്ത്-എ), ബാമോണ്‍ കാമ്ബു (നോര്‍ത്ത്-ബി), ബാമോണ്‍ കാമ്ബു (സൗത്ത് വെസ്റ്റ്), ബമോണ്‍ കാമ്ബു (സൗത്ത് ഈസ്റ്റ്), ഖോങ്മാന്‍. സോണ്‍-V (എ), ഇരിയോഷെമ്ബ, ഇറോയിഷേംബ മാമാങ് ലെയ്‌കൈ, ഇറോയിഷേംബ മായൈ ലെകൈ, ഖൈദെം മഖ എന്നീ ബൂത്തുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.