കഷ്ടമീജീവിതം: കവിത , സൂസൻ പാലാത്ര

ഇന്ന് ലോകഭക്ഷ്യദിനം
വിളംബം വരുത്താതെയമ്മേ
വിളമ്പിത്തരൂ ഭക്ഷണം
കാലമായില്ലേ?
ഇതു കോവിഡുകാലമല്ലേ
വിശപ്പേറെയുണ്ട്
വെറുതെയിരുന്നിട്ടും
വിശപ്പേറെയുണ്ട്
തടവടവറയിൽപ്പോലും
മൃഷ്ടാന്നഭോജ്യം!
പ്രത്യേകമായിമീനും
മട്ടണുമുണ്ടതു
പോരാഞ്ഞിട്ടിതാ
ചിക്കനും ബിരിയാണിയും
വേണമെന്നു മുറവിളി
കൂട്ടിടുന്നു...
മകനേയിതുകോവിഡു
കാലമല്ലേ
ഉള്ളതുകൊണ്ടോണം
പോലെ കഴിച്ചിടാം
ഇന്നു താളും
തകരയുമാവോളമേകിടാം
സർക്കാർ നല്കിടും
കിറ്റുമില്ലേ
നാളെയെക്കുറിച്ചോർത്താ
ലൊരന്തമില്ല
ഭാവിയെന്തായിടും
പുറത്തിറങ്ങിവേലയ്ക്കു
പോവാനുമാവതില്ലല്ലോ
എന്തൊരുകഷ്ടമീ
സാധുവിൻ ജീവിതം
ഭാവിയെക്കുറിച്ചോർത്തി
ട്ടായമ്മയുംമകനു -
മന്യോന്യം നോക്കിനിന്നൂ
മൂകരായ്
അമ്മതന്നധരകവചത്തിന്മീതെ
പതിച്ചൊരാക്കണ്ണീർക്കണം
കണ്ടതില്ലാരുമേ