കടന്നപ്പള്ളിയും ഗണേഷ് കുമാറും മന്ത്രിമാരായി ചുമതലയേറ്റു

കടന്നപ്പള്ളിയും  ഗണേഷ് കുമാറും മന്ത്രിമാരായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കടന്നപ്പള്ളി രാമചന്ദ്രന്‍ സഗൗരവം പ്രതിജ്ഞ ചെയ്തപ്പോള്‍ ഗണേഷ് കുമാര്‍ ദൈവനാമത്തിലാണ് അധികാരമേറ്റത്.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണുവും ചടങ്ങിൽ പങ്കെടുത്തില്ല. ചടങ്ങിൽ മന്ത്രിമാരും കുടുംബാംഗങ്ങളും എംഎൽഎമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രധാന വ്യക്തികളും പങ്കെടുത്തു. ക്ഷണിതാക്കൾക്കുമാത്രമേ ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരമുണ്ടാകും. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.

സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി, മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു. ഇതനുസരിച്ചാണ് മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചത്. മറ്റുമന്ത്രിമാരുടെ ചുമതലകൾ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.