കേരള ബാങ്ക് മാതൃക പഠിക്കാൻ മറ്റു സംസ്ഥാനങ്ങൾ എത്തുന്നു: മുഖ്യമന്ത്രി

കേരള ബാങ്ക് മാതൃക  പഠിക്കാൻ മറ്റു സംസ്ഥാനങ്ങൾ എത്തുന്നു:  മുഖ്യമന്ത്രി

തിരുവനന്തപുരം: അഭൂതപൂർവമായ വളർച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ മേഖല വളർന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക പഠിക്കാൻ മറ്റു സംസ്ഥാനങ്ങൾ എത്തുന്ന തലത്തിലേക്കുയർന്നു. വായ്പ നൽകുന്നുന്നതിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിലേക്കും വൈവിധ്യ മേഖലകളിലേക്കും ചുവടുറപ്പിച്ച സഹകരണമേഖല നാടിന്റെ മാറ്റത്തിനും സാമൂഹിക വളർച്ചക്കുമാണ് അടിത്തറപാകുന്നത്. സഹകരണ മേഖലയുടെ സ്വാധീനം എല്ലായിടത്തും പ്രകടമാണ്. വിദ്യാഭ്യാസ, ആശുപത്രി രംഗങ്ങളിലും വൻതോതിൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ ഇനിയും സഹകരണ മേഖലക്ക് കഴിയുമെന്നും നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഒൻപതാം സഹകരണ കോൺഗ്രസിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യതക്ക് കോട്ടംതട്ടാതെ ഉറച്ചുനിൽക്കേണ്ടതുണ്ട്.അഴിമതി ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പിൽ നിന്നോ സർക്കാരിൽ നിന്നോ ഉണ്ടാകില്ല. തെറ്റുകാരെ ശിക്ഷിക്കുകയും സഹകരണ സംഘത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് തുടരുമെന്നും പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ് വെയർ തയ്യാറാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായി.