സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്‍ അന്തരിച്ചു

സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ശ്രദ്ധേയ  സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി സാം നരിമാന്‍(95) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 1971 മുതല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട നിയമജ്ഞന്‍ കൂടിയായിരുന്നു. 1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. രാജ്യം പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജ‍‍ഡ്ജി റോഹിങ്ടണ്‍ നരിമാൻ മകനാണ്.

ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി പരിശീലനം ആരംഭിച്ചത്. 1972-1975 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പദവി രാജിവെച്ചു. ഇന്ത്യന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഫാലി. എസ്. നരിമാന്‍ ഗോളക്‌നാഥ് കേസ്, എസ്പി ഗുപ്ത കേസ്, ടിഎംഎ പൈ കേസ്, ഭോപ്പാല്‍ വാതക ദുരന്ത കേസ് തുടങ്ങി നിരവധി സുപ്രധാന കേസുകളുടെ ഭാഗമായിട്ടുണ്ട്.

ഗുജറാത്തിലെ നര്‍മദാ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി വാദിച്ച നരിമാന്‍, കേസിനിടയ്ക്ക് പ്രദേശത്തെ ക്രിസ്തുമതവിശ്വാസികള്‍ ആക്രമിക്കപ്പെട്ടതിലും ബൈബിള്‍ കത്തിച്ചതിലും പ്രതിഷേധിച്ച്‌ വക്കാലത്തില്‍ നിന്ന് പിന്‍വാങ്ങി. ഭോപ്പാലില്‍ വാതക ദുരന്തമുണ്ടായപ്പോള്‍ അന്ന് യൂണിയന്‍ കാര്‍ബൈഡ് എന്ന വിദേശ കമ്ബനിക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്. കേന്ദ്ര സര്‍ക്കാരിനും വാതക ദുരന്തത്തിലെ ഇരകള്‍ക്കുമെതിരെ ഹാജരായത് തെറ്റായ തീരുമാനമായെന്ന് പിന്നീട് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

'ബിഫോര്‍ മെമ്മറി ഫേഡ്‌സ്' എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്.