യുക്രൈൻ തീരത്ത് കപ്പൽ ആക്രമിച്ച് റഷ്യ; മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: യുക്രൈനിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യയുടെ ആക്രമണം. ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെടുന്നതിനിടെ 'എം.വി ഗോൾഡൻ ലിയോ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ നാല് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവസമയത്ത് 5 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
യുക്രൈനിലെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതിനെയും നിരപരാധികളായ സാധാരണ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും വ്യാപാര സ്വാതന്ത്ര്യത്തിനും തടസ്സം സൃഷ്ടിക്കുന്നതിനെയും ഇന്ത്യ അപലപിച്ചു