മായൽത്തോപെരുന്നാൾ   അഥവാ  കർത്താവിൻ്റെ ദേവാലയപ്രവേശനം                    

മായൽത്തോപെരുന്നാൾ   അഥവാ  കർത്താവിൻ്റെ ദേവാലയപ്രവേശനം                    
സൂസൻ പാലാത്ര
മായൽത്തോ(മാ അൽത്തോ) അഥവാ കർത്താവിൻ്റെ ദേവാലയ പ്രവേശനം ഇന്ന് ക്രൈസ്തവസഭകൾ മോറാനായ പെരുന്നാളുകളിലെ ഒരു ശ്രേഷ്ഠ പെരുന്നാളായി കൊണ്ടാടുന്നു. മായൽത്തോ എന്ന സുറിയാനി പദത്തിന് പ്രവേശനം എന്നർത്ഥം. 
ലൂക്കോസ് : 2 - 23 to 39 വരെയുള്ള വാക്യങ്ങൾ ശ്രദ്ധിയ്ക്കാം. "കടിഞ്ഞൂലായ ആണൊക്കെയും ....... നസറെത്തിലേയ്ക്ക് മടങ്ങിപ്പോയി " ഇതിൻ്റെ സാരം ചുരുക്കിപ്പറയാം, വി. ബൈബിളിലെ പഴയ നിയമത്തിൽ എല്ലാ പ്രവാചകന്മാരും യേശുവിൻ്റെ ജനനത്തെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഏശായ പ്രവചന പുസ്തകത്തിൽ "കന്യക ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും" എന്ന് വായിച്ചപ്പോൾ നീതിമാനും പുരോഹിതനുമായ ശിമയോൻ സംശായാലുവായി. സകല ഹൃദയ വിചാരങ്ങളും അറിയുന്നവനായ ദൈവം ശിമയോന് (ലൂക്കോ:2:26) കർത്താവിൻ്റെ ക്രിസ്തുവിനെ കാണുംമുമ്പേ മരണം കാണുകയില്ല എന്ന അരുളപ്പാടു നല്കി. 
   അതുപോലെ, ആശേർ ഗോത്രത്തിൽ ഫനുവേലിൻ്റെ മകളായ ഹന്നാ എന്ന ഒരു പ്രവാചകി ഉണ്ടായിരുന്നു. കന്യകാകാലത്തിനുശേഷം, ഭർത്താവിനോടു കൂടെ ഏഴു സംവത്സരം മാത്രം ജീവിച്ച ആ പതിവ്രതാരത്നം വിധവയായി ദേവാലയം വിട്ടു പിരിയാതെ പിന്നീട്  84 വത്സരങ്ങൾ പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി രാവും പകലും ദൈവത്തെ ആരാധിച്ചുപോന്നു. 
 യേശുവിൻ്റെ വളർത്തു പിതാവും മാതാവും ലോകപരമായ ആഡംബരങ്ങളൊന്നുമില്ലാതെ സാധുക്കളായി ജീവിച്ചവരാണ്. അക്കാലത്തും കർത്താവ് മോശയിലൂടെ നല്കിയ ന്യായപ്രമാണമനുസരിച്ച് കടിഞ്ഞൂലായ ആണൊക്കെയും കർത്താവിനു വിശുദ്ധം ആയിരിക്കണമെന്ന് കർത്താവിൻ്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ യേശുവിനെ അർപ്പിപ്പാൻ മാതാപിതാക്കൾ ശിശുവായ യേശുവിനെയും എടുത്തുകൊണ്ട്  ദേവാലയത്തിൽ വന്നു. ന്യായ പ്രമാണത്തിൽ പറഞ്ഞപ്രകാരം ഒരു വയസ്സ്  പ്രായമുള്ള ആണാട്ടിൻ കുട്ടിയെ ദേവാലയത്തിൽ കാഴ്ചയായർപ്പിയ്ക്കാം. ആണാട്ടിൻ കുട്ടിയ്ക്ക് പകരം ഒരു ഇണ കുറുപ്രാവിനെയോ രണ്ട് പ്രാവിൻകുഞ്ഞുങ്ങളെയോ യാഗമായി അർപ്പിയ്ക്കാം. 
 ഇവിടെ യേശുവിനുവേണ്ടി പ്രാവിൻകുഞ്ഞുങ്ങളെയാണ് അർപ്പിച്ചത്. യേശുവിൻ്റെ ആദ്യ ദേവാലയ പ്രവേശനമാണിത്. പിന്നീട് സകല ജനത്തിൻ്റെയും മോചനത്തിനായി ക്രൂശിൽ യാഗമയവൻ, സ്വയം ബലിയായി മൃഗബലിയും കുറുപ്രാവിൻകുഞ്ഞുങ്ങളുടെ ബലിയും എടുത്തെറിഞ്ഞുകളഞ്ഞു. 
   യൗസേപ്പ് പിതാവും കന്യകമറിയാം മാതാവും അറിയാതെ, ദൈവത്തിൻ്റെ മഹാവലിയ കാഴ്ചയെ സ്വന്തകണ്ണുകളാൽ കാണാൻ കാത്തുനിന്ന വൃദ്ധനായ പുരോഹിതൻ ശിമയോനും വൃദ്ധയായ ഹന്നാ പ്രവാചകിയും ദേവാലയത്തിൽ ഉപവിഷ്ടരായിരുന്നു.
  ശെമയോൻ കുഞ്ഞിനെ കയ്യിലേന്തി ദൈവത്തെ വാഴ്ത്തി " ലൂ: 2:29 - 31 ഇപ്പോൾ നാഥാ തിരുവചനംപോലെ അവിടുന്ന്  അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു, ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും അങ്ങയുടെ ജനമായ യിസ്രായേലിൻ്റെ മഹത്ത്വവുമായി അങ്ങ് സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന അങ്ങയുടെ രക്ഷയെ എൻ്റെ കണ്ണു കണ്ടുവല്ലോ" എന്നു പറഞ്ഞു. 
2:34 - 35 പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ച് യേശുവിൻ്റെ അമ്മയായ മറിയയോട് : അനേക ഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന് ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തു പറയുന്ന അടയാളത്തിനുമായി വച്ചിരിക്കുന്നു. നിൻ്റെ സ്വന്തപ്രാണനിൽക്കൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു. 
  ആ അമ്മ തൻ്റെ മുപ്പത്തിമൂന്നര വയസ്സുള്ള പ്രിയപുത്രൻ ചാട്ടവാറടിയേറ്റ്,  പച്ചത്തടികൊണ്ടുള്ള വൻ കുരിശും താങ്ങി, യാത്രയിൽ ഉടനീളം ക്രൂശിൻ്റെ ഭാരംകൊണ്ട് നിലത്ത് കുഴഞ്ഞുവീണ്, ദേഹമാസകലമുള്ള മുറിവുകളിൽ നിന്ന് കുടുകുടെ ചോരയൊഴിഞ്ഞ്, ചോരയിലും മണ്ണിലും കുഴഞ്ഞ്, ദാഹിച്ച്, വിശന്ന്, ഒരടി മുന്നോട്ടുനടക്കാനാവാതെ, യാത്രയിലുടനീളം  വീണ്ടും വീണ്ടും റോമൻ പടയാളികളുടെ ക്രൂരമർദ്ദനങ്ങളേല്ക്കുന്നതും, ക്രൂശിന്മേൽ പൂർണ്ണ നഗ്നനായി പിടഞ്ഞ്, (ചിത്രകാരൻ ചിത്രത്തിൽ നല്കിയതാണ് ക്രൂശിതനായ ക്രിസ്തുവിൽ  നാം കാണുന്ന ആ അല്പവസ്ത്രം അതുപോലുമില്ലായിരുന്നു, അതുകൊണ്ട് സ്ത്രീജനങ്ങൾ ക്രൂശിനടുത്തുവരാതെ ദൂരത്തു നിന്ന് മാറത്തടിച്ച് വിലപിച്ചത്. നീതിസൂര്യൻ്റെ നഗ്നതയും മരണവും  കാണാനാവാതെ സൂര്യഗോളം കണ്ണടച്ചത് ചരിത്ര സത്യം. അന്നേദിവസം ആ സമയത്ത് സൂര്യഗ്രഹണമുണ്ടായതായി ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ) "എൻ്റെ ദൈവമെ, എൻ്റെ ദൈവമേ എന്നെ അങ്ങ് കൈവിട്ടതെന്ത് എന്ന അർത്ഥത്തിൽ " ഏലീ ഏലീ എലീ...ലമ്മ ശബക്താനി " എന്ന് എബ്രായ ഭാഷയിൽ പിതാവാം ദൈവത്തെ വിളിച്ച് കരഞ്ഞ്, "പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ ഇവരോട് ക്ഷമിയ്ക്കേണമെ" എന്ന് പിതാവിനോടു കരഞ്ഞപ്പോഴും പരിശുദ്ധ  അമ്മയുടെ ഹൃദയത്തിലൂടെ ശിമയോൻ നല്കിയ അനുഗ്രഹവാളാണ് കടന്നു പോയത്. ഒരു കുറുപ്രാവിനെപ്പോലെ ആ അമ്മ തേങ്ങിക്കരഞ്ഞു.
  കൃതാർത്ഥനായ ദൈവപുത്രന് മഹത്വം! യെശ: 52:13-15. ഈ വാക്യങ്ങൾ ഇവിടെ സ്മർത്തവ്യമാണ്.
 പ്രാവിൻ്റെ കുറുകൽ കേൾക്കുമ്പോഴൊക്കെ  പരിശുദ്ധ അമ്മയുടെ കരച്ചിൽ ഓർമ്മിച്ച് എൻ്റെ ഉള്ളം തേങ്ങാറുണ്ട്. 
  ലൂ: 2: 38 - ആ നാഴികയിൽ  ഹന്നയും ( ശിശുവിൻ്റെ) അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു.
   കർത്താവിൻ്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരുന്നതൊക്കെയും നിവർത്തിച്ച ശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേയ്ക്ക് മടങ്ങിപ്പോയി.
   പുരാതനകാലംമുതൽ ചില പൗരസ്ത്യസഭകകളിൽ കുട്ടികളെ അടിമവയ്പ് ഉണ്ട്.
  യാക്കോബായസഭയിൽ ജനിച്ച്, മാർത്തോമ്മാ സഭയിൽ ജീവിയ്ക്കുന്ന എന്നെ എൻ്റെ മാതാപിതാക്കൾ ഒരു ദേവാലയത്തിലും പ്രത്യേകമായി അടിമവച്ചിട്ടില്ല. കാരണം, മാമോദീസയിലുടെ ഞാൻ കർത്താവിൻ്റെ അടിമയാണത്രേ. അതാണെൻ്റ ഒരു ഭാഗ്യമായി ഞാൻ കരുതുന്നത് ഞാൻ എൻ്റെ ക്രിസ്തുവിൻ്റെ അടിമയാണ്. നാലു ചുവരുകളുള്ള ഒരു ദേവാലയത്തിലല്ല, ദേവാലയത്തെ ഭേദിച്ച, കാൽവരിയാഗത്തോടെ  ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി പിതാവിൻ്റെ അടുത്തേയ്ക്ക് സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാൻ, എന്റെ ശൈവാവസ്ഥയിൽ തന്നെ കൃപതന്ന ദൈവത്തിന്മഹത്വം!
ദൈവംഎല്ലാം മുൻകൂട്ടികണ്ട് പ്രവർത്തിക്കുന്നു. 
 എൻ്റെസഹോദരങ്ങൾ ആറുപേരും പരിശുദ്ധ മാതാവിൻ്റെയും ശ്ലീഹന്മാരുടെയും മഞ്ഞനിക്കര ബാവായുടെയും പരുമലത്തിരുമേനിയുടെയും അടിമകളാണ്.
  മണർകാട് പള്ളിയിൽ അടിമവയ്ക്കപ്പെട്ടവർ എവിടെ ആയിരുന്നാലും  പെരുന്നാൾ റാസയിൽ  കുടയെടുക്കാൻ വരാൻ ശ്രമിക്കാറുണ്ട്. അടിമ വച്ചവർ അടിമപ്പണം അതാത് പള്ളികളിൽ നേർച്ചയായി അർപ്പിയ്ക്കണം. എൻ്റെ മക്കൾക്ക് ചെറുപ്പത്തിൽ ശ്വാസം മുട്ടലുണ്ടായിരുന്നതിനാൽ എൻ്റെ അമ്മയുടെ നിർബ്ബന്ധത്താൽ അവരെ അന്നത്തെ ഇടവകയായ മണർകാട് പള്ളിയിൽ അടിമ വച്ചിട്ടുണ്ട്. 
 മാമോദീസദിനത്തിൽ ആൺകുട്ടികളെ, വിശുദ്ധപ്രജകളായതിനാൽ മദ്ബഹായിലുള്ള, വിശുദ്ധ ത്രോണോസിന്മേൽ ശിരസ്സുമുട്ടിച്ചും, പെൺകുട്ടികളെ വിശുദ്ധ മദ്ബഹായിലേയ്ക്കുള്ള കവാടത്തിലെ തൂണിൽ മുട്ടിച്ചുമാണ് ദൈവത്തിന് അർപ്പിയ്ക്കുന്നത്. ഈ രീതിയിൽ തന്നെയാണ് പിന്നീട് പ്രത്യേകമായി  അടിമവയ്ക്കുന്നതും.
  ശിമയോൻ പ്രവചിച്ചതുപോലെ കർത്താവിൻ്റെ കുറെ ദേവാലയപ്രവേശനങ്ങൾ ഉണ്ട്.
 ലൂ: 2:46,  12 വയസ്സുള്ള ബാലനായയേശു ദേവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോട് ചോദിക്കയും ചെയ്യുന്നത്. 
  പിന്നീട്, യെശ: 61:1 & ലൂ: 4:18 ഏശായ പ്രവചന പുസ്തകം നിവർത്തി  "എളിയവേരാട് സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ട് യഹോവയായ കർത്താവിൻ്റെ ആത്മാവ് എൻ്റെമേൽ ഇരിക്കുന്നു. ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്ക് സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിൻ്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും.... തുടങ്ങിയ വേദഭാഗങ്ങൾ വായിച്ചത് ദേവാലയത്തിലെ ആചാര്യന്മാരെ അസ്വസ്ഥരാക്കുന്നു. പിന്നീടൊരിയ്ക്കൽ  യേശു ദേവാലയത്തിൽ ബലിയ്ക്കുള്ള ആടുമാടുകളെയും പ്രാക്കളെയും  കച്ചവടം നടത്തുന്നവരെയും, നാണയം മാറ്റുന്നവരെയും ചാട്ടവാറെടുത്ത് അടിച്ചോടിച്ച്, "എൻ്റെ ആലയം, ദൈവത്തിൻ്റെ പ്രാർത്ഥനാലയം തന്നെ, നിങ്ങളോ അവരെ കള്ളന്മാരുടെ ഗുഹയാക്കി " എന്ന് ആക്രോശിയ്ക്കുന്നതായും കാണാം.

                 ......