തിരുബലി ; കവിത, സൂസൻ പാലാത്ര

 തിരുബലി ; കവിത, സൂസൻ പാലാത്ര

  സൂസൻ പാലാത്ര

 

മിശിഹാ ക്രൂശിൽപ്പിടഞ്ഞു

മാടപ്രാവു കുറുകുമ്പോലെ

മാതാവുതാനും കുറുകിക്കരഞ്ഞു

യരുശലേം കുമാരികൾ മാറത്തടിച്ചു

നിലവിളിച്ചേശുവിനായ്

ഇരു കള്ളന്മാർ നടുവിൽ

ക്രൂശിലവൻ കിടന്നു 

 

എനിക്കു ദാഹിയ്ക്കുന്നു ..

മാനവർ തന്നാത്മാക്കൾക്കായി

നാഥൻദാഹിച്ചതറിയാതെ

പുളിവീഞ്ഞവരവനേകി

പീലാത്തോസ് നല്കിയ കുറ്റപത്രം

റോമാ ശതാധിപൻ

എമലിയൂസ് യേശുവിൻ്റെ

തലയ്ക്കുമീതെ തൂക്കി

"നസ്രായക്കാരൻ യേശു

യഹൂദന്മാരുടെ രാജാവ് "

 

ദുഷ്ടനായ ആബ്നേർ:

നസ്രായൻ യേശു യഹൂദന്മാരുടെ രാജാവ്

എന്ന് അവൻ പറഞ്ഞുവെന്നെഴുതുക കുറ്റമില്ലാത്തവനെന്നറിഞ്ഞിട്ടും 

സ്ഥാനമോഹത്താൽ 

രക്ഷിക്കാഞ്ഞ പശ്ചാത്താപവിവശനായ 

പീലാത്തോസ് മൊഴിഞ്ഞു;

"പുരോഹിതാ ഞാൻ എഴുതിയതെഴുതി"

 

ഇരുകള്ളന്മാരിൽ വലത്തേകള്ളൻ ദത്തോസും

ഇടതുഭാഗത്തെ കള്ളൻ ദൂമാത്തോസും.

ഇടതുകള്ളൻ നാഥനെ പരിഹസിച്ചു

വലങ്കള്ളൻ ദൂമാത്തോസിനെ ശാസിച്ചീവിധം

"നാം പാപം ചെയ്തിട്ടു ശിക്ഷാവിധിയിലകപ്പെട്ടു,

ഈയേശുവോ നന്മമാത്രം ചെയ്തിട്ടിവനീവിധം

കുരിശിൽ പീഢാ മരണമോ?

 

ദത്തോസ് പ്രാർത്ഥിച്ചേശുവോട്

"കർത്താവേ നീ രാജത്വം പ്രാപിച്ചുവരുമ്പോൾ 

എന്നെയും ഓർക്കേണമെ"

രക്തമൊഴുകുന്ന തല നാഥൻ അവനുനേരെ തിരിച്ചു 

യേശുനാഥനരുളൾചെയ്തു;

"നീ ഇന്ന് എന്നോടു കൂടി പറുദീസയിൽ ഇരിയ്ക്കും"

 

ദൈവാലയത്തിലെ മണി ആറടിച്ചു....

ഭയാനകമായ മേഘം കാൽവരിമലയെ മൂടി...

കാൽവരിയും കെദ്രോനും ഒലിവു മലയും

അന്ധകാരത്തിലമർന്നു

സൂര്യൻ തൻ്റെമുഖംമറച്ചു

ലോകം മുഴുവനും കൂരിരുളിലായി

 

യേശു അത്യുച്ചത്തിൽ പിതാവാം

ദൈവത്തെ വിളിച്ചു കരഞ്ഞു;

"എലോഹി, എലോഹി, ലാമ്മ ശബക്താനി"

എൻ്റെ ദൈവമേ എൻ്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്...

യുഗങ്ങൾക്കു മുമ്പേയുള്ള  ദാവീദിൻ്റെ പ്രവചനം

(സങ്കീ: 22) 

അസിറിയാഭാഷയറിയാത്ത

റോമാ പട്ടാളക്കാർ 

പരിഹാസശരങ്ങൾ എയ്തു;

"ഏലിയാവ് ഇവനെ രക്ഷിക്കുമോന്നു നോക്കാം "

യേശു നാഥൻ അമ്മയെയും 

അമ്മയെ താങ്ങിപ്പിടിച്ചു നിന്ന പ്രിയശിഷ്യൻ

യോഹന്നാനേയും അരുമയോടെ നോക്കി

"സ്ത്രീയേ ഇതാ നിങ്ങളുടെ മകൻ"

"ഇതാ നിൻ്റെ അമ്മ" 

ക്ഷണത്തിൽ യോഹന്നാൻ

ആ അമ്മയെ ചേർത്തുപിടിച്ചു

 

യേശു സ്വർഗ്ഗത്തേക്കു നോക്കി

 ഉച്ചത്തിൽ "സകലവും നിവൃത്തിയായി"

"പിതാവേ എൻ്റെ ആത്മാവിനെ

ഞാൻ തൃക്കരങ്ങളിലേല്പിക്കുന്നു"

തലമുമ്പോട്ടു താഴ്ത്തി 

പ്രാണനെ പിതാവിനു ബലിയായി നല്കി

 

പെട്ടെന്നുണ്ടായ ഭൂകമ്പത്താൽ

പാറകൾ പിളർന്നു

കബറുകൾ തുറക്കപ്പെട്ടു

മൃതന്മാർ ഉത്ഥാനം ചെയ്യപ്പെട്ടു

യെരുശലേം ദൈവാലയം കുലുങ്ങി

ദേവാലയത്തിലെതിരശ്ശീല  മേൽതൊട്ടു

അടിയോളവും രണ്ടായി  കീറിപ്പോയി

സൂര്യഗ്രഹണത്താൽ ലോകം കൂരിരുളിലായി

യേശുവിനു ചുറ്റും പ്രകാശരശ്മികൾ നിന്നു തിളങ്ങി

വൻ ഭൂകമ്പം 

നീതിസൂര്യൻ്റെ പീഢാ മരണം 

താങ്ങാനാവാതെ 

പകലോൻ മുഖംമറച്ചുകളഞ്ഞു

ലോകം കൂരിരുളിലായി

കൂടിനിന്ന ജനം നെഞ്ചത്തടിച്ചു നിലവിളിച്ചു

നാനാദിക്കിലും ചിതറിയോടി

നാഥാ നീ സത്യമായും ദൈവപുത്രനെന്ന

വരുൽഘോഷിച്ചലമുറയിട്ടു.