ഇസ്രായേല്‍ മണ്ണില്‍ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോര്‍ട്ട്

ഇസ്രായേല്‍ മണ്ണില്‍ ഇറാൻ  ആക്രമണം നടത്തിയേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോര്‍ട്ട്

ടെഹ്റാൻ: സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

ആക്രമണം സംബന്ധിച്ച പദ്ധതി ഇറാൻറെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി പരിഗണിച്ചുവരികയാണെന്നും ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയാണെന്നും ഇറാൻറെ ഉന്നത നേതൃത്വത്തെ ഉദ്ധരിച്ച്‌ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കേ, ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുദ്ധകാല മന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.

ഏപ്രില്‍ ഒന്നിനാണ് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തില്‍ വ്യോമാക്രമണം നടത്തി രണ്ടു ജനറല്‍മാരുള്‍പ്പെടെ 12 പേരെ ഇസ്രയേല്‍ വധിച്ചത്. ഇതിനു പകരംവീട്ടുമെന്ന് ഇറാനും, അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രസ്താവിച്ചിരുന്നു. ഗാസയില്‍ ഹമാസുമായി യുദ്ധം തുടരുന്നതിനിടയിലാണ് പഴയകാല എതിരാളിയായ ഇറാന്റെ ഭീഷണിയും ഇസ്രയേലിന് നേരിടേണ്ടിവരുന്നത്. നിലവില്‍ ഗാസയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുകയാണെന്നാണ് വിവരം.

ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പരിഭ്രാന്തരായ ഇസ്രയേലുകാർ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് വിവരം.