ഇന്‍ഡോര്‍ പ്ലാന്റ്‌ പറയാതിരുന്നത്‌: കവിത, ടോബി തലയല്‍

ഇന്‍ഡോര്‍ പ്ലാന്റ്‌ പറയാതിരുന്നത്‌: കവിത, ടോബി തലയല്‍

രു തലോടലില്‍ തളിര്‍ക്കുകയോ
ഒരു പ്രശംസയില്‍ പൂക്കുകയോ
ചെയ്‌തിട്ടില്ലാത്ത
ഒരു ഇന്‍ഡോര്‍ പ്ലാന്റ്‌,
കാല്‍തെറ്റി വീഴാന്‍
സ്വന്തമായി കാലുകളെങ്കിലും വേണ്ടേ
എന്ന്‌ ചിന്തിച്ച്‌
ഉള്ള്‌ മരവിച്ചായിരുന്നു
ബഹുനിലക്കെട്ടിടത്തി ന്റെ മുകളില്‍
ഏതോ നിലയില്‍ നിന്നത്‌!


ശ്വാസംകിട്ടാതെ പിടയുന്ന
വേരുകള്‍ക്കു മുകളില്‍
ശവക്കല്ലറയുടെ മാര്‍ബിള്‍മൗനം
വെളുത്തുരുണ്ട കല്ലുകളായി
ആരോടും ഒരു `മ്യാവു' പോലും പറയാത്ത
പൂച്ചയെ പോലെ
തല താഴ്‌ത്തിക്കിടന്നു.

വിരസത വിരിച്ചൊരുക്കിയ മേശപ്പുറത്ത്‌
ചില്ലുപാത്രത്തില്‍
തെന്നിപ്പോകുന്ന നിറങ്ങളെ
ചൂണ്ടയില്‍ കോര്‍ക്കാന്‍
പതിയിരുന്നു നിശ്ശബ്ദത
ഏതുനിമിഷവും മുറുകാവുന്ന
അദൃശ്യമായ കയറില്‍
ഫാന്‍ കറങ്ങിക്കൊണ്ടിരുന്നു
ഏതോ കിളി
ജനാലക്കമ്പിയില്‍ ഉപേക്ഷിച്ചുപോയ
പാട്ടിന്റെ തൂവല്‍
ഉറുമ്പുകള്‍ വിലാപയാത്രയായി
കൊണ്ടുപോകുന്നത്‌ കണ്ടു!

മരങ്ങളില്‍
പഴുത്തു കൊഴിയുന്ന
രാപ്പകലുകള്‍ എണ്ണാന്‍ കഴിയാതെ
നിഴലുകള്‍ നീളുകയും കുറുകുകയും ചെയ്‌തു!

ബാല്‍ക്കണിയില്‍ നിന്ന്‌
താഴേക്ക്‌ പതിയ്‌ക്കുന്ന നോട്ടങ്ങള്‍
എവിടെയാണ്‌ വീണ്‌ചിതറുന്നതെന്നറിയാന്‍
ആകാംക്ഷ ഇടയ്‌ക്കൊക്കെ
കഴുത്ത്‌ നീട്ടും,
കാഴ്‌ചക്ക്‌ ക്ഷമയോളം
ആഴമുണ്ടാവണ്ടേ
എന്നോര്‍ത്ത്‌ സമാധാനിക്കും.

വെറുതെ ആശിക്കും --
ആവലാതികള്‍ക്ക്‌ അലിഞ്ഞിറങ്ങാന്‍
ഇത്തിരി മണ്ണ്‌
മതിമറന്നു നനയാന്‍
കനിവോടെ പെയ്യുന്ന ഒരു മഴ
നനഞ്ഞൊലിക്കുമ്പോള്‍
കോര്‍ത്ത്‌ നില്‌ക്കാന്‍
ഇളംചൂടുള്ള വെയില്‍ച്ചുണ്ടുകള്‍
ഹൃദയത്തിലെ
കുഞ്ഞുപൊടിപ്പുകള്‍ക്ക്‌ കണ്‍തുറക്കാന്‍
ഒരുതുണ്ടാകാശം
നക്ഷത്രങ്ങള്‍ കത്തിച്ചുവെയ്‌ക്കാന്‍
നിലാവുള്ള ഒരു രാത്രി
ഭിത്തികള്‍ ഭേദിച്ച്‌ പടരാന്‍
സ്‌നേഹംപൂത്ത ഒരു വള്ളി
ചാരിനില്‍ക്കാന്‍
പരുക്കനെങ്കിലും ഒരു തോള്‍ച്ചുവര്‌...

 

 

ടോബി തലയല്‍