മഴ നനഞ്ഞൊരു ഞായറിന്‍റെ ഓർമ്മയ്ക്ക് : കെ.ആര്‍ മോഹന്‍ദാസ്

Sep 28, 2026 - 08:44
 0  23
മഴ നനഞ്ഞൊരു ഞായറിന്‍റെ ഓർമ്മയ്ക്ക് : കെ.ആര്‍ മോഹന്‍ദാസ്

മഴ നനയുന്ന ഒരു ഞായര്‍ പ്രഭാതമായിരുന്നു അന്ന്.
ആ മഴയുടെ നനവിലിരുന്നാണ് ഈ ഓർമ്മകളെഴുതാൻ തുടങ്ങുന്നത്. പുറത്തും മഴ പെയ്യുന്നുണ്ടായിരുന്നു. ജനൽച്ചില്ലിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും പഴയൊരു ഓർമ്മയുടെ ജാലകവാതിലില്‍ മെല്ലെ മുട്ടുന്നതു പോലെ തോന്നി.

ഓർമ്മകൾ എഴുതിവയ്ക്കാതെ പോയ ഒരു ഡയറിയാണ്.
ആരും കാണാത്ത, ആരോടും തുറന്നുപറയാതെ, സൂക്ഷിച്ചുവെക്കുന്ന ഒരു രഹസ്യപുസ്തകം. അതിന്‍റെ ചില താളുകളിൽ ചില മുഖങ്ങളുണ്ട്. ചില മന്ദസ്മിതങ്ങളുണ്ട്. ചില ശബ്ദങ്ങളുണ്ട്. ചില വാക്കുകളുണ്ട്. പിന്നെ, ഒരിക്കലും മാഞ്ഞുപോകാത്ത ചില നിമിഷങ്ങളും. കാലം എത്ര കടന്നുപോയാലും മായാതെ കിടക്കുന്ന ആ പേജുകൾ ഒരിക്കൽക്കൂടി തുറന്നുനോക്കാനുള്ള മോഹമാണ് ഈ ഓർമ്മക്കുറിപ്പ്.

അടർന്നു വീണ ഒരു പൂവിതളിൽ മുത്തുപോലെ പറ്റിപ്പിടിച്ചുനിൽക്കുന്ന ഒരു മഞ്ഞുതുള്ളി…
അത്രമേൽ സുതാര്യവും നനവാർന്നതുമായിരുന്നു ആ ഓർമ്മകൾ.

എന്തുകൊണ്ടാണ് ചില ഓർമ്മകൾ മാത്രം കണ്ണുകളെ നനയ്ക്കുന്നത്? എന്തുകൊണ്ടാണ് ചില പേരുകൾ കേൾക്കുമ്പോൾ ഉള്ളം പെട്ടെന്ന് വിങ്ങുന്നത്?
എന്തുകൊണ്ടാണ് ചില നിശ്ശബ്ദ നിമിഷങ്ങളിൽ, കാരണമറിയാതെ മനസ്സ് തേങ്ങിപ്പോകുന്നത്?

ചില മുഖങ്ങൾ… ചില പേരുകൾ… ഒരിക്കൽ മാത്രം കണ്ടുമുട്ടിയ ചില നിമിഷങ്ങൾ പോലും എന്തുകൊണ്ടാണ് ഹൃദയത്തിൽ ഇത്ര ആഴത്തിൽ പതിഞ്ഞുപോകുന്നത്?

ഒരുപക്ഷേ, അതിരുകളില്ലാത്ത സ്നേഹത്തിന്‍റെ ആത്മഭാഷയാണ് ആ വിതുമ്പലുകൾ.

സത്യമായ സ്നേഹം ഒരിക്കലും പൂർണ്ണമായി അവസാനിക്കുന്നില്ല. കാലം കടന്നുപോകും, കൂടിക്കാഴ്ചകൾ അപൂർവമാകും. പക്ഷേ സ്നേഹം ഓർമ്മകളായി മാറി ഹൃദയത്തിന്‍റെ ആഴങ്ങളിൽ ജീവിച്ചുകൊണ്ടേയിരിക്കും. ചിലപ്പോൾ അത് കാത്തിരിപ്പാകും; ചിലപ്പോൾ പറയാതെ ബാക്കിവെച്ച വാക്കുകളാകും; ചിലപ്പോൾ ഒരു നെടുവീർപ്പായി അറിയാതെ ഹൃദയത്തില്‍ നിന്ന് പുറത്തുവരും.

അതുകൊണ്ടുതന്നെയാകാം, ഒരു ഇളംതെന്നലിന്‍റെ സ്പർശം, ഏതോ പഴയ ഗാനത്തിന്‍റെ പല്ലവി പോലെ, മഞ്ഞുതുള്ളിയിൽ സൂര്യൻ എഴുതിവച്ച സുതാര്യമായൊരു ലിപി പോലെ, 
അല്ലെങ്കിൽ ഏറെ പ്രിയപ്പെട്ട ഒരാളുടെ മൗനം പോലും…
ഹൃദയാഴങ്ങളില്‍ ഏതോ ഇടത്ത് ഒരു ചെറുവിതുമ്പലായി മാറുന്നത്.

അങ്ങനെയൊരു നനവാർന്ന ഓർമ്മയായിരുന്നു സെപ്റ്റംബറിലെ ആ ഞായർ.

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ കുറച്ചുപേർ കോട്ടയത്തെ താലി ഹോട്ടലില്‍ ഒത്തുകൂടിയ ആ ഞായറിനെ ഒത്തിരി സ്നേഹിച്ചു പോകുന്നു, 
ദയാവധം അഥവാ കാരുണ്യ വധം എന്ന പ്രമേയത്തെ ആസ്പദമാക്കി
എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ   ഗോപൻ അമ്പാട്ട്  രചിച്ച നോവലായ "സ്വച്ഛം സ്വച്ഛന്ദത്തിന്‍റെ 
കോട്ടയം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച  പ്രകാശനത്തില്‍ പങ്കെടുക്കുന്നതിനാണ് ഞങ്ങള്‍ താലിയില്‍ ഒത്തു ചേര്‍ന്നതെങ്കിലും,  അത് ഒരു സാധാരണ സൗഹൃദസംഗമത്തിന്‍റെ തലങ്ങളില്‍ നിന്നും ഉയര്‍ന്ന് സ്നേഹത്തിന്‍റെ നനവു പടര്‍ത്തി ഓരോ മനസ്സിലും. . അക്ഷരങ്ങൾ തമ്മിൽ കൈകോർത്ത, ഹൃദയങ്ങൾ തമ്മിൽ പരിചയപ്പെട്ട, സൗഹൃദം ഒരു പുസ്തകത്തിന്‍റെ താളുകൾക്കപ്പുറത്തേക്ക് ഹൃദയത്തെ തൊട്ട മനോഹരമായ ചില നിമിഷങ്ങളായിരുന്നു അത്.

ഖസാക്കിന്‍റെ കരിമ്പനകളിൽ കാറ്റിന്‍റെ സംഗീതം കേൾക്കുന്ന പാലക്കാട്ടുനിന്ന് അനുഗ്രഹീതയായ സാഹിത്യകാരിയായ ഗിരിജ വാര്യരും സഹയാത്രികനും എത്തി. എല്ലാവര്‍ക്കും നല്‍കാന്‍ കൈകളില്‍ പുതിയ യാത്രാവിവരണമായ മഞ്ഞും തിരയും മാമലയുമുണ്ടായിരുന്നു

മലയാളത്തിന്‍റെ സാംസ്കാരിക ഹൃദയഭൂമിയായ തൃശ്ശൂരിൽ നിന്ന്, ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ചേച്ചി ഗിരിജ വേണുഗോപാൽ, മനം നിറയെ മധുരവും മുഖം നിറയെ മായാത്ത മന്ദസ്മിതവുമായെത്തി.

അനന്തപുരിയുടെ മണ്ണിൽ നിന്ന് കവിയും കഥാകാരിയുമായ പ്രമീളാദേവിയും സഹയാത്രികനും സഹൃദയനുമായ വിനോദ് സാറും എത്തി. സൗഹൃദങ്ങള്‍ ദേവി എന്ന് സസ്നേഹം വിളിക്കുന്ന പ്രമീളാദേവിയുടെ കൈകളില്‍ തന്‍റെ പുതിയ കഥാസമാഹാരമായ പൊരുത്തക്കേടിലെ സുഖത്തിന്‍റെ കോപ്പികളുണ്ടായിരുന്നു. 

ഗാനത്തിന്‍റെ മാധുര്യം ഹൃദയത്തിലേറ്റി ഷീല ജയൻ നിമിഷങ്ങളെ ഭാവസാന്ദ്രമാക്കി.
അക്ഷരങ്ങളെ സ്നേഹിക്കുകയും സാഹിത്യത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുകയും ചെയ്യുന്ന അധ്യാപികയും എന്‍റെ സഹധര്‍മ്മിണിയുമായ  രശ്മിയും ഉണ്ടായിരുന്നു.

അറബിക്കടലിന്‍റെ റാണിയുടെ നാട്ടിൽ നിന്ന് അക്ഷരനഗരിയായ കോട്ടയത്തെത്തിച്ചേർന്ന പത്രപ്രവർത്തകനും സാഹിത്യകാരനുമായ ജോസ് ക്ലമന്‍റും ആ കൂട്ടായ്മയ്ക്ക് നിറം പകർന്നു.

ദേശങ്ങള്‍ പലതായിരുന്നു. ജീവിതാനുഭവങ്ങളും വ്യത്യസ്തമായിരുന്നു. പക്ഷേ ഞങ്ങളെ അവിടെ ഒന്നിപ്പിച്ചത് ഒരേയൊരു വഴിയായിരുന്നു—അക്ഷരങ്ങളുടെ വഴി.

അന്നത്തെ ചിരികളും സംഭാഷണങ്ങളും സൗഹൃദത്തിന്‍റെ നിമിഷങ്ങളും ഇന്ന് ഓർമ്മയുടെ പുസ്തകത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു.

കാലം കുറച്ചുദൂരം പിന്നിട്ടുനിന്ന് ആ ദിവസത്തെ തിരിഞ്ഞുനോക്കുമ്പോൾ, ഓർമ്മയിൽ തെളിയുന്നത് വാക്കുകളേക്കാൾ മുഖങ്ങളാണ്.
ചിരികളാണ്. കണ്ണുകളിലെ സ്നേഹമാണ്.
ഒരുമിച്ചിരുന്ന ആ നിമിഷങ്ങളുടെ ചൂടാണ്.
ചില കൂടിക്കാഴ്ചകൾ അങ്ങനെയാണ്. അവയ്ക്ക് മണിക്കൂറുകളുടെ ദൈർഘ്യമേ ഉണ്ടാകൂ.
പക്ഷേ ഓർമ്മയിൽ അവ വർഷങ്ങളോളം ജീവിക്കും.

പുറത്ത് വീണ്ടും മഴ പെയ്യുമ്പോൾ, ഓർമ്മയുടെ ആ പഴയ ഡയറിയിലെ പ്രിയപ്പെട്ട ഒരു പേജ് തുറന്നുവെച്ചതുപോലെ…

ചില നിമിഷങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരിക്കലും മായാത്ത ഒരു അടയാളം പതിപ്പിക്കാനാണ്.

സെപ്റ്റംബറിലെ ആ ഞായറും അങ്ങനെയൊരു നിമിഷമായിരുന്നു. അടർന്നു വീണ പൂവിതളിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു മഴത്തുള്ളിപോലെ…