നീലിമ: നോവൽ; ലാലി രംഗനാഥ്

Nov 28, 2026 - 05:56
 0  7
നീലിമ: നോവൽ; ലാലി രംഗനാഥ്


ഭാഗം 7

 ഊട്ടിക്കാഴ്ചകൾ


 കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് പാതിയുറക്കത്തിൽ നിന്ന് നീലുവും,അടുക്കളയിൽ നിന്നും സരളമ്മ യും ഒരുമിച്ചാണ് ഡോറിനടുത്ത് എത്തിയത്.

" മോള് ഉറങ്ങിപ്പോയോ?

 നീലുവിനോടായവർ ചോദിച്ചപ്പോൾ കുലീനത്വമുള്ള ആ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നിരുന്നു.
"എന്തൊരു വാത്സല്യമാണ് സരളമ്മയുടെ പെരുമാറ്റത്തിൽ ".ശാരി ചിന്തിച്ചു.

 ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്നു വന്ന സന്ദീപ് നീലുവിന്റെ തോളിൽ തട്ടിയിട്ട് ചോദിച്ചു.

" നല്ല ഉറക്കം ആയിരുന്നല്ലേ? " പിന്നെ ശാരിയോടായി..

" ശാരി വന്നെന്നറിഞ്ഞു, ഞാൻ മടങ്ങിവരുന്നത് വരെ ഇവിടെ ഉണ്ടാവില്ലേ.. ഉണ്ടാവില്ലേ എന്നല്ല ഉണ്ടാവണം  ട്ടോ. "

 നോക്കട്ടെ സന്ദീപ്.. ചിരിച്ചുകൊണ്ട് ശാരി പറഞ്ഞു.

" മോനേ ഊണെടുത്തു വച്ചു. സമയം അധികമായില്ലേ വേഗം വന്ന് കഴിക്കു. " സ്നേഹ വായ്പോടെയുള്ള സരളമ്മയുടെ വാക്കുകൾ.

 നീലുവും സന്ദീപും ഒരുമിച്ചാണ് ബെഡ്റൂമിലേക്ക് പോയത്.

" എന്തൊരു വിരോധാഭാസമാണ് വിശ്വസിക്കാനേ കഴിയുന്നില്ല ഇവർ തമ്മിൽ ഇതുവരെ ഒരുമിച്ച് ജീവിച്ചിട്ടില്ലെന്ന്... ശാരി ദീർഘ ശ്വാസമുതിർത്തു.

 ഊണ് കഴിക്കുമ്പോൾ സന്ദീപിന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നീലുവിന്റെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടെന്ന് അവളുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.

 ശാരിയുമായി അല്പനേരം സംസാരിച്ചിരുന്നിട്ട് സന്ദീപ് അകത്ത് മുറിയിൽ പോയി,യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അയാളോടൊപ്പം തന്നെ നീലവും ഉണ്ടായിരുന്നു സഹായിക്കാനായി.

 സന്ദീപിനെ ബസ് സ്റ്റാൻഡിൽ വിടാനായി ഓഫീസിൽ നിന്നും ഡ്രൈവർ ജീപ്പുമായി വന്നു. എല്ലാവരോടും യാത്ര പറഞ്ഞ് അയാൾ ബസ് സ്റ്റാൻഡിലേക്ക് പോയി. പിറ്റേന്ന് മദ്രാസിൽ നിന്നാണ് ഡൽഹിക്കുള്ള സന്ദീപിന്റെ ഫ്ലൈറ്റ്.ഊട്ടിയിൽ നിന്നും ബസ്സിൽ മദ്രാസിലെത്തണം.

 ചായകുടി കഴിഞ്ഞ് ശാരി നീലുവിനോട് ചോദിച്ചു.

" വെറുതെ ഇങ്ങനെ കുത്തിപ്പിടിച്ച് ഇരിക്കാതെ നമുക്ക് ഒന്ന് നടക്കാൻ പോയാലോ?"

 രണ്ടുപേരും സ്വെറ്ററും എടുത്തിട്ട്, ഷാളും പുതച്ച് സരളമ്മയോട് യാത്രയും പറഞ്ഞു പുറത്തിറങ്ങി.

" എന്ത് ഭംഗിയാണ് ഊട്ടി എന്ന സുന്ദരിയെ കാണാൻ?കണ്ടാൽ മാത്രം പോരാ ഈ ഭംഗി ആസ്വദിക്കുകയും കൂടി വേണം അല്ലെ നീലു?

 ഊട്ടിയുടെ മാസ്മരികമായ സൗന്ദര്യം ആ വൈകുന്നേരത്ത് ഒന്നുകൂടി മനോഹരമായതു പോലെ. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ഭംഗി. കുറെ ദൂരം ആ ഭംഗി ആസ്വദിച്ചു കൊണ്ട് അവർ നടന്നു. ഏക്കറുകളോളം പച്ചപരവതാനി വിരിച്ചതുപോലെ മൊട്ട കുന്നുകൾ, കുന്നുകൾക്ക് അതിരിട്ടു നിൽക്കുന്ന പൈൻ മരങ്ങൾ. നല്ല രീതിയിൽ തണുത്ത കാറ്റ് വീശുന്നുണ്ട് ആ കുളിരിൽ വിവേകും മോളും കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ശാരി ഒരു നിമിഷം മോഹിച്ചു.

 അവളുടെ ആ ചിന്തകളിലേക്കാണ് പെട്ടെന്ന് വിവേകിന്റെ ഫോൺകോൾ വന്നത്. വല്ലാത്തൊരു ആശ്ചര്യത്തോടെ ശാരി ഫോൺ എടുത്തിട്ട് പറഞ്ഞു.

" ഞാനിപ്പോ വിചാരിച്ചേയുള്ളൂ വിവേകും മോളും കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന്.ഞാനും നീലുവും ഒന്ന് പുറത്തേയ്ക്കിറങ്ങി. ചക്കിയും അമ്മയും അടുത്തുണ്ടോ?

 പിന്നീടുള്ള സംഭാഷണങ്ങൾ നീലുവിന്
വ്യക്തമാകാത്തത്ര  അകലേക്ക് മാറിനിന്നാണ് ശാരി സംസാരിച്ചത്.

 പത്തു മിനിറ്റോളം കഴിഞ്ഞ് ശാരി നീലു വിന്റെ അടുത്ത് വന്നപ്പോഴേക്കും അവൾ പുൽമേട്ടിൽ ഇരുപ്പുറപ്പിച്ചിരുന്നു .

 "എന്താടി ..ഇത്ര അധികം ഒരു സംസാരം? വിവേകിനോട് എന്റെ കുറ്റങ്ങൾ പറഞ്ഞു കൊടുത്തതാണോ ?"

 വിളറിയ ഒരു ചിരിയോടെയാണ് നീലു അത് ചോദിച്ചത്.പക്ഷേ ആ തമാശ ആസ്വദിക്കാതെ ഗൗരവമായ മുഖഭാവത്തോടെ ശാരി അവളുടെ അടുത്ത് വന്നിരുന്നു.

 "എടീ..ഞാനൊരു കാര്യം തുറന്നു ചോദിച്ചാൽ നീ സത്യം പറയുമോ?"

 മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും നീലുവിന് ഒരു കോൾ വന്നു. ബസ് പുറപ്പെട്ടു.രാവിലെ മദ്രാസിൽ എത്തിയിട്ട് വിളിക്കാമെന്നറിയിച്ചുകൊണ്ടുള്ള സന്ദീപിന്റെ ഫോണായിരുന്നു അത്.

 നീലു ശാരിയോട് ചോദിച്ചു
" എന്താ നീ അങ്ങനെ ചോദിക്കുന്നത്? ഇതുവരെ ഞാൻ പറഞ്ഞതെല്ലാം കള്ളമാ യിരുന്നു എന്നാണോ നീ വിചാരിക്കുന്നേ ?

 "അതല്ലടി..ഇന്ന് സന്ദീപിന്റെ പെരുമാറ്റം നേരിൽ കണ്ടപ്പോൾ സത്യത്തിൽ എന്റെ ഉള്ളുരുകിപ്പോയി. എത്ര നല്ല സ്വഭാവമാണ്. ഇങ്ങനെ ഒരാളെ കൂട്ടിന് കിട്ടാൻ പുണ്യം ചെയ്യണം. നിനക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലേ നീലു?

 അല്പനേരം ഒന്നും മിണ്ടാതെ കുനിഞ്ഞി രുന്നിട്ട് ശാരിയുടെ നേരെ മുഖമുയർത്തി നോക്കി അവൾ പറഞ്ഞു.

" ആ കുറ്റബോധമാണ് എന്നെ ഇന്ന് ഏറ്റവും അധികം വേദനിപ്പിക്കുന്നത്. അതാണ് സന്ദീപിനെ സ്വതന്ത്രനാക്കണമെന്ന് ഞാൻ പറഞ്ഞതും.

" ഇല്ല നീലു.. ഞാൻ അതിന് ഒരിക്കലും സമ്മതിക്കില്ല. സന്ദീപിനോടുള്ള നിന്റെ സമീപനം മാറ്റിയെടുക്കാൻ നമുക്ക് ഒരു വഴി കണ്ടുപിടിച്ച മതിയാവുള്ളൂ. നീ മനസ്സുകൊണ്ട് അയാളെ സ്നേഹിക്കുന്നുണ്ട് പക്ഷേ നിന്റെ ഉപബോധമനസ് അത് ഉൾക്കൊള്ളുന്നില്ല.അതല്ലേ സത്യം.

" ശരിക്കും അതുതന്നെയാണ്. എനിക്ക് സൂര്യ യോടൊപ്പം ജീവിച്ച നിമിഷങ്ങളിൽ നിന്ന് മോചനം കിട്ടുന്നില്ലടീ..

 മോളെ നമുക്കൊരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയാലോ? നീ അതിന് സമ്മതിക്കണം. സന്ദീപിനോട് ഞാൻ സംസാരിക്കാം. സൂര്യ ഈ ലോകത്തില്ലെന്ന് വിശ്വസിക്കാൻ നിന്റെ മനസ്സിനെ പ്രാപ്തമാ ക്കാൻ മനസ്സിന്റെ സഞ്ചാരങ്ങളെക്കുറിച്ച് പഠിച്ച ഒരു ഡോക്ടർക്ക് തീർച്ചയായും കഴിയും. നമുക്കൊരു ഡോക്ടറെ കാണാം".

 "നിനക്കാ മനുഷ്യന് വേദനിപ്പിക്കുന്നതിൽ വിഷമം ഉണ്ടെന്ന് എനിക്കറിയാം. ആ കുറ്റബോധമാണ് ഇപ്പോഴത്തെ നിന്റെ ചിന്തകൾ എന്നും അറിയാം. ഒരു മനശാസ്ത്രജ്ഞനെ കാണാൻ നീ എന്റെ ഒപ്പം വരണം. വന്നെ മതിയാകൂ."

 അപ്പോഴേക്കും നീലുവിന് അവളുടെ അമ്മയുടെ ഫോൺ വന്നു. വളരെ പരുഷ മായാണ് അവൾ അമ്മയോട് സംസാരിച്ചത്. അമ്മയുടെ ചോദ്യങ്ങൾക്കെല്ലാം ഒരു തരം ധിക്കാരപരമായ മറുപടി.

" ഇനിയും തീർന്നില്ലേ അമ്മയോടുള്ള നിന്റെ വെറുപ്പ്? അമ്മ ഒരു പാവമല്ലേ  നീലൂ?

 "എനിക്കറിയില്ല അമ്മയും കൂടിയല്ലേ,എന്നെ സൂര്യയിൽ നിന്നും അടർത്തി മാറ്റിയത്?"

 അവളുടെ മുഖഭാവം മാറുന്നത് ശ്രദ്ധിച്ച്, ശാരി വിഷയം മാറ്റാനായി പറഞ്ഞു.

 "ആ അതുപോട്ടെ നമുക്ക് കുറച്ചുകൂടി നടക്കാടീ.. എന്തൊരു മാദകത്വമാണ് ഈ ഊട്ടിക്ക്? നോക്കൂ എത്ര ഭംഗിയായാണ് ഈ ക്യാരറ്റും ബീറ്റ്റൂട്ടും ക്യാബേജുമൊക്കെ കുന്നിൻ ചെരുവിൽ തട്ടുകളായി തിരിച്ചു കൃഷി ചെയ്തിരിക്കുന്നത്?നീയും സന്ദീപും ഈ വഴിയൊന്നും നടക്കാൻ ഇറങ്ങാറില്ലേ?

" സന്ദീപ് പലപ്പോഴും പറയാറുണ്ട്. എനിക്കെന്തോ ഒന്നിനും താല്പര്യം തോന്നിയിരുന്നില്ല. "

" നീ ഒരിക്കലും പോയ കാലത്തിന്റെ മറനീക്കി പുറത്തിറങ്ങാൻ  ഇഷ്ടപ്പെടുന്നിരുന്നില്ല എന്നതാണ് സത്യം". ശാരി അല്പം വിഷമത്തോടെ പറഞ്ഞു.

 കോട ഇറങ്ങി കാഴ്ചകളെ മറച്ചു തുടങ്ങിയിരിക്കുന്നു. പാതകളും വിജനമായി.

" ഇനി മടങ്ങാം.. " ശാരി പറഞ്ഞു.

 വഴിയരികിൽ കണ്ട ചോളം കച്ചവടക്കാരനിൽ നിന്നും ചോളവും വാങ്ങി ചൂടോടെ കഴിച്ചുകൊണ്ട് അവർ ബംഗ്ലാവിലേക്ക് മടങ്ങി.

 വാതിൽക്കൽ തന്നെ സരളമ്മ യുണ്ടായിരുന്നു.


" ഇന്ന് തണുപ്പ് കൂടുതലാ അല്ലേ മക്കളെ?

" അതെയതെ.. എനിക്ക് എത്ര തണുപ്പാണെ ങ്കിലും ഇഷ്ടാ. ചൂടാണ് എനിക്ക് പറ്റാത്തത്." ശാരി പറഞ്ഞു.

 ചപ്പാത്തിയും ചൂട് വെജിറ്റബിൾ സ്റ്റൂവും കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ശാരി ചില കാര്യങ്ങൾ കണക്ക് കൂട്ടുകയായിരുന്നു. അവളുടെ പ്രിയപ്പെട്ട നീലുവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ വേണ്ടി..

                                               ലാലി രംഗനാഥ്