വേനല്‍തുമ്പി: കവിത,  നന്ദകുമാര്‍ ചൂരക്കാട്

വേനല്‍തുമ്പി: കവിത,  നന്ദകുമാര്‍ ചൂരക്കാട്



വേനല്‍തുമ്പി വേനല്‍ തുമ്പി ഇന്നെന്തേ
മുന്നിലണഞ്ഞീല
വാടിയില്‍ പൂക്കള്‍ വിടരാഞ്ഞിട്ടോ
കുരുന്നുകള്‍ കളിയാടാഞ്ഞിട്ടോ
വേനലവധിക്കു കുട്ടികളൊക്കെയും
വീട്ടിനകങ്ങള്‍ പൂകീട്ടോ
എന്തേ എന്നുടെ വേനല്‍ തുമ്പി ഇന്നെന്തേ
മുന്നിലണഞ്ഞീല
കളിസ്ഥലമെല്ലാമകന്നല്ലോ വെളി-
സ്ഥലം പോലും ഇന്നതി ശൂന്യം
കളിക്കുട്ടുകാരോ ഒക്കെയും അന്യം
കളിയും ചിരിയും അകന്നൊരു ബാല്യം
സാറ്റുകളിക്കാനുണ്ടോ കുട്ടികള്‍
അമ്മാറൈറ്റും*കുട്ടീം കോലും
നാടന്‍ കളികളുമൊക്കെയുമന്യം
നാനാവിധമാം കൂട്ടുകൂടലുകളും
കളിയാടീടുകയല്ലോ ഇവരിന്നൊ-
രുമുറിക്കുള്ളില്‍ കെണിയില്‍ വലയില്‍!
ഇന്‍റര്‍നെറ്റ് ഗെയ്മുകളുണ്ടവിടെത്ര
ടാബ്ലെറ്റ് സൂമുകള്‍ ചാറ്റ് റൂമുകളും
കുട്ടിക്കളികളിന്നിങ്ങനെയല്ലോ
കൂട്ടുകാരില്ലാ കുസൃതിയുമില്ലാ
പരിഭവമരുതേ അകലല്ലേ നീ
കണ്ടിട്ടില്ലവര്‍ നിന്നെതൊടികളില്‍
കണ്ടിട്ടുള്ളൊരു ചിത്രം ഹാ അത് ഇന്‍റര്‍നെറ്റിലെ ഛായചിത്രം
വേനലവധിയും ഇല്ലവര്‍ക്കൊട്ടും
വേറിട്ടവര്‍ക്കൊരു കളിയും ചിരിയുമേ
ബാല്യ സ്മൃതികളതൊ ക്കവെ ശൂന്യം
കാല്യങ്ങളില്ല കല്പനയുമില്ല
എങ്കിലുമെന്നുടെ വേനല്‍ തുമ്പീ അകലല്ലേ നീ ഈ വീഥിയില്‍ വിമുഖം

 

* ഒരു തരം നാടന്‍ കളി