ഓശാന ഞായർ: റോയ്‌ പഞ്ഞിക്കാരൻ

ഓശാന ഞായർ: റോയ്‌ പഞ്ഞിക്കാരൻ


തൃശ്ശൂരുകാർ കൊഴുക്കട്ട ഉണ്ടാക്കുന്നത് ഹോശന്ന ഞായറിന്റെ തലേ ദിവസമായ ശനി മാത്രമാണ് .
കൊഴുക്കട്ട പെരുനാൾ . താറാമുട്ടയുടെ വലുപ്പമുള്ള കൊഴുക്കട്ടകൾ .
രണ്ടായി പകുത്തു അതിലെ ശർക്കര മാത്രം എടുത്ത് തിന്ന് വയർ നിറച്ചിരുന്നു ഒരു കാലം .
പിറ്റേന്ന് ഓശാന ഞായർ . നേരം പര പരാന്നു വെളുക്കുമ്പോൾ തന്നെ പള്ളിയിലേക്ക് ആൾക്കാർ പോയി തുടങ്ങും . ആബാലവൃദ്ധ ജനങ്ങൾ ചെമ്മണ്ണ് നിറഞ്ഞ വഴിയിലൂടെ പള്ളിയിലേക്ക് . പൂഴിമണ്ണ് നിറയെ ചെറുതും വലുതുമായ കാൽപ്പാടുകൾ . അപൂർവമായി ചെരുപ്പിന്റെ പാടുകളും കാണാം . വലിയ ഒരു തെങ്ങിൻ തോപ്പിൽ നിറഞ്ഞു നിൽക്കുന്ന പള്ളി .
വെള്ള പൂശിയ പള്ളി നിലാവുള്ള രാത്രിയിൽ വളരെ ഭംഗി ആയി തോന്നിയിട്ടുണ്ട് . ഒപ്പം ഒരു പേടിയും .
ഓശാന ഞായറിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന വിശ്വാസികൾ . ഓരോരുത്തരുടെയും കൈയിൽ അഞ്ചും ആറും കുരുത്തോലകൾ .
കുരിശിന്റെ രൂപത്തിലും അല്ലാതെയും . അച്ചന്റെ പ്രസംഗത്തിനിടയിൽ,
ഓലകൊണ്ടെങ്ങനെ കുരിശുണ്ടാക്കും എന്ന ശ്രമത്തിലായിരിക്കും ഞാൻ .
പള്ളി പിരിയുമ്പോൾ, ഓലകൾ പിഴുതെടുത്ത തെങ്ങുകൾക്കിടയിലൂടെ
ഒഴുകി വരുന്ന സൂര്യ കിരണങ്ങൾ മണ്ണിനെയും മനസ്സിനെയും ചൂട് പിടിപ്പിച്ചിരിക്കും .
വീട്ടിൽ തിരികെ വന്നാൽ കഴിഞ്ഞ വർഷത്തെ കരിഞ്ഞുണങ്ങിയ കുരുത്തോല എടുത്തു മാറ്റി പച്ചപ്പുള്ള പുതിയ കുരുത്തോല സ്ഥാപിക്കും ,
അതും കരിയും . കരിയാത്തതു ഒന്നു മാത്രം ,
അന്നത്തെ ഓർമ്മകൾ !