എല്ലാം ശ്രീ പദ്മനാഭന്റെ അനുഗ്രഹം : പത്മശ്രീ ജേതാവ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി

എല്ലാം ശ്രീ പദ്മനാഭന്റെ അനുഗ്രഹം : പത്മശ്രീ ജേതാവ്  അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി
പത്മശ്രീ പുരസ്‍കാര ജേതാവ്  തിരുവിതാംകൂർ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ  കവിയും എഴുത്തുകാരനുമായ കടക്കാവൂർ പ്രേമചന്ദ്രൻ നായർ കുടുംബസമേതം തിരുവനന്തപുരത്തെ കൗടിയാർ കൊട്ടാരത്തിൽ സന്ദർശിച്ച് ആശംസകൾ അറിയിച്ചപ്പോൾ 

 
തിരുവിതാംകൂർ രാജാകൊട്ടാരത്തിലെ പ്രമുഖരായ രണ്ടു വനിതാ രത്നങ്ങളാണ് പൂയം തിരുനാൾ ഗൗരിലക്ഷ്മി ഭായ് തമ്പുരാട്ടിയും, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയും.
അവസാനത്തെ നാടുവഴിയായ ചിത്തിര തിരുനാൾ ബാലരാമ വർമ മഹാരാജാവിന്റെ അനന്തരവരാണ് ഇരുവരും.
പൂയം തിരുനാൾ ഗൗരി പാർവതി തമ്പുരാട്ടിയേക്കാൾ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആദരവും അംഗീകാരവും പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുണ്ട്. 
 
സാഹിത്യ മേഖലയ്‌ക്ക് നൽകിയ സംഭാവനകളുടെ പേരിൽ  ഗൗരി ലക്ഷ്മിഭായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് അടുത്ത നാളിലാണ് .രാജഭരണത്തിന്റെ ശ്രേഷ്ഠതയിൽ മാത്രമല്ല എഴുത്തുകാരിയെന്ന നിലയിലാണ് തമ്പുരാട്ടിയെ കേരളത്തിലെ ജനം ആദരിക്കുന്നത്.  ഇംഗ്ലീഷിലും, മലയാളത്തിലും സാഹിത്യരചന നടത്താൻ പ്രാപ്തിയുള്ള വ്യക്തികൂടിയാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി. നൂറ്റിഅമ്പതോളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ പേരിലുണ്ട് .കാലാന്തരത്തിലും ഈ സ്ത്രീ രത്നത്തെ മലയാളികൾ ഓർമ്മിക്കും എന്ന കാര്യത്തിൽ സംശയമില്ല.

 
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദംനേടിയ അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം   ഭാഷകളിൽ അവഗാഹമുണ്ട്. ഹിസ്റ്ററി ലിബറേറ്റഡ് ദി  ശ്രീ ചിത്തിര സാഗാ,  ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം , കേരള സംസ്കാരം ഒരു തിരനോട്ടം , മലയാളമേ മാപ്പ് , 27ക്ഷേത്രങ്ങളുടെ ചരിത്രവും വിശേഷവും ഉൾപ്പെടുന്ന 'രുദ്രാക്ഷമാല ', 'തുളസി ഗാർലന്റ് 'തുടങ്ങി 13പുസ്തകങ്ങളും 150-ഓളം കവിതകളും രചിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകയുമാണ്.
നിരവധി വിദേശ രാജ്യങ്ങൾ സന്നർശിച്ചിട്ടുള്ള അവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൺകൂർ ഡയറക്ടർ, യൂണിവേഴ്സിറ്റി വിമെൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ കൗൺസിൽ അംഗം, ആർ. ജി. എ. സി. ഇലക്ടറോട്സ്   കമ്പനി  ചെയർമാൻ എന്നീ സ്ഥാനമാനങ്ങൾ വഹിച്ചിട്ടുണ്ട്. ഹിന്ദു മഹിളാ മന്ദിരം രക്ഷാധികാരി, ട്രിവാൻഡ്രം വിമെൻസ് ക്ലബ്‌ വൈസ് പ്രസിഡന്റ്‌, കൊട്ടാരം ട്രസ്റ്റുകളുടെ ഡയറക്ടർ, പുത്തൻ മാളിക കൊട്ടാരം മ്യൂസിയത്തിന്റെ ഡയറക്ടർ എന്നീ ചുമതലകൾ ഇപ്പോഴും വഹിക്കുന്നു .  

 
 പത്മനാഭസ്വാമിയുടെ അനുഗ്രഹമാണ് പുരസ്കാരലബ്ധിയെന്ന്  ഗൗരി ലക്ഷ്മിഭായി പറയുന്നു. 
അമ്പത്തഞ്ചാമത്തെ അവാർഡാണ് ഇപ്പോൾ ലഭിച്ച  പത്മ അവാർഡ്. ലളിതാംബിക അന്തർജനം സാഹിത്യപുരസ്‌കാരവും അടുത്തിടെയാണ് പ്രഖ്യാപിച്ചത്. കൂടാതെ യു. എസ്. എ. യിൽ നിന്ന്  ഇൻഡസ് ലിറ്റററി അവാർഡ്,   സനാതന ധർമത്തിനും  ക്ഷേത്രങ്ങൾക്കും  ചെയ്ത സേവനങ്ങൾക്ക് തിരുപ്പതിയിൽ നിന്നും  പ്രശസ്തമായ അവാർഡ് തുടങ്ങിയവ  ലഭിച്ചു മലബാർ സ്കോളേഴ്സ് അവാർഡ്, പോൾ ഹാരിസ് അവാർഡ് , വിജയദശമി പുരസ്‌കാരം, ശ്രീശാരദ എഡ്യൂക്കേഷൻ സൊസൈറ്റി മെറിറ്റ്  അവാർഡ്, മൈസൂർ ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം, മള്ളിയൂർ ഭാഗവത പുരസ്‌കാരം, ബാബാ സാഹിബ്‌ ദേശീയ പുരസ്‌കാരം തുടങ്ങിയ  പുരസ്‌കാരങ്ങളും ലഭിച്ച നിരവധി ബഹുമതികളിൽ പെടുന്നു.
 
തിരുവല്ല പാലിയേക്കര പടിഞ്ഞാറെ കൊട്ടാരത്തിൽ പരേതനായ ആർ. രാജരാജ വർമ്മയാണ് ഭർത്താവ്. പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡ  വർമ്മയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി അംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മയുമാണ് മക്കൾ. 
 
പദ്മശ്രീ പുരസ്‌കാരം ശ്രീ പദ്മനാഭന്റെ വരപ്രസാദമാണെന്ന വിനയമാണ് രാജകുടുംബം പങ്കിടുന്നത്. അവരെ ബഹുമാനിക്കുന്ന നാട്ടുകാരും ആനന്ദനിറവിൽ അണിചേരുകയാണ്.  ഈ വേളയിൽ തമ്പുരാട്ടിയെ കുടുംബ സമേതം സന്ദർശിക്കാനും ആശംസകൾ അറിയിക്കാനും തമ്പുരാട്ടിയുടെ സ്നേഹാദരങ്ങൾ   വിനയത്തോടെ  ഏറ്റുവാങ്ങാനും കഴിഞ്ഞത്  അഭിമാനമുയർത്തുന്ന നിമിഷങ്ങളായി . 
രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിക്കുന്ന തമ്പുരാട്ടിക്ക് ആശംസകൾ ..........!

 
  കടക്കാവൂർ പ്രേമചന്ദ്രൻ നായർ, T. V. M. (കണ്ണമ്മൂല ).