ആലിൻ ഷെറിന് ആദരം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; മുഖ്യമന്ത്രി

Feb 14, 2026 - 15:34
 0  19
ആലിൻ ഷെറിന് ആദരം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; മുഖ്യമന്ത്രി
കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട തീരാവേദനയ്ക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി.
ആലിന്റെ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ സമ്മതിച്ചതോടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.
ഇതിൽ കുഞ്ഞിന്റെ അവയവങ്ങൾ സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
അവയവങ്ങൾ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കാൻ ആദ്യം ഹെലികോപ്റ്റർ ആലോചിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം റോഡ് മാർഗ്ഗം എത്തിക്കുകയായിരുന്നു.
ഇതിനായി ഗ്രീൻ ചാനൽ ഒരുക്കിയ പോലീസിനെയും സഹകരിച്ച ജനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്താൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ഈ ഉദ്യമം വിജയകരമാക്കാൻ സഹായിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള സമൂഹത്തിന് വലിയൊരു മാതൃക സൃഷ്ടിച്ച ആലിൻ ഷെറിന്റെ മാതാപിതാക്കളുടെ ദുഃഖത്തിൽ സംസ്ഥാനം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.