ബില്ലുകളില്‍ രണ്ട് വര്‍ഷം എന്തെടുക്കുകയായിരുന്നു; ഗവർണറെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ബില്ലുകളില്‍ രണ്ട് വര്‍ഷം എന്തെടുക്കുകയായിരുന്നു; ഗവർണറെ  രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി.

രണ്ട് വര്‍ഷം ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ബില്‍ പിടിച്ചുവെക്കാൻ തക്കതായ കാരണം ഗവര്‍ണര്‍ അറിയിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടിയില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തണം . പ്രസക്തമായ വിഷയമാണ് ഇതെന്ന് പറഞ്ഞ സുപ്രീംകോടതി ഇക്കാര്യത്തില്‍ വീണ്ടും ഇടപെടുമെന്ന സൂചനയും നല്‍കി.

ഭരണഘടനപരമായി ഗവര്‍ണര്‍ക്ക് സുതാര്യത വേണം. ഗവര്‍ണറുടെ നടപടിയുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാറിന്റെ ഹരജി തീര്‍പ്പാക്കുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കേരളത്തോട് വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ ഇനിയുള്ള നടപടി.

കഴിഞ്ഞ ദിവസം വര്‍ഷങ്ങളായി പിടിച്ചുവെച്ചിരുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തിരുന്നു. ഒരു ബില്‍ മാത്രം ഒപ്പിട്ട് മറ്റുള്ള ഏഴെണ്ണം രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു . സമാനമായ കേസില്‍ പഞ്ചാബ് ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പിടിച്ചുവെച്ച്‌ ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ലെന്നായിരുന്നു പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ ഹരജിയില്‍ സുപ്രീംകോടതി പരാമര്‍ശം. .