സർക്കാർ പാനൽ തള്ളി ഗവർണർ; ഡിജിറ്റൽ സർവകലാശാല വിസിമാരെ നിയമിച്ച് രാജ്ഭവന്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വി സിയായും ഡോ. കെ ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വി സിയായും നിയമിച്ചു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടുപേരും ഇന്ന് ചുമതലയേല്‍ക്കും. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
ഡിജിറ്റൽ യുണിവേഴ്സിറ്റിയിലേക്ക് ഡോ. എം കെ ജയരാജ്, രാജശ്രീ, കെ പി സുധീർ എന്നിവരുടെ പാനലാണ് സർക്കാർ നൽകിയത്. സാങ്കേതിക സർവകലാശാല താൽകാലിക വി സി ആയി പ്രൊഫ. പ്രവീൺ, ഡോ. ജയപ്രകാശ്, ആർ സജീബ് എന്നിവരടങ്ങിയ പാനലാണ് ഗവർണർക്ക് സർക്കാർ കൈമാറിയിരുന്നത്. ഈ പാനൽ തള്ളിയാണ് സിസാ തോമസിനെയും ശിവപ്രസാദിനെയും ഗവർണർ നിയമിച്ചിരിക്കുന്നത്.
സ്ഥിരം വി സിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ചട്ടപ്രകാരം ആറു മാസത്തേക്കാണ് താല്‍ക്കാലിക വി സിമാരുടെ നിയമനം എന്നതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയാണ് രാജ്ഭവന്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.