കൊച്ചിയിൽ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, കൊലപാതകത്തിന് കാരണം സാമ്പത്തിക തർക്കം; കുറ്റസമ്മതം നടത്തി പ്രതി
കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ജോർജ്. കൊലപാതകം നടത്തിയെന്ന് വീട്ടുടമ ജോർജ് സമ്മതിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി സ്ത്രീയെ എറണാകുളം സൗത്തിൽ നിന്നും കയറ്റി കൊണ്ട് വന്നതാണ്. ലൈംഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ വീട്ടുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനരികെ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ട ഹരിത കര്‍മ സേനാംഗങ്ങൾ ഉടൻ കൗണ്‍സിലറെ വിവരമറിയിക്കുകയും കൗണ്‍സിലര്‍ പൊലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോർജ് പൊലീസിന് മൊഴി നല്‍കി. വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നുമാണ് ജോർജ് പൊലീസിനോട് പറഞ്ഞത്.
അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ നാലരയോടെ തൊട്ടടുത്ത കടകളിൽ ചെന്ന് ജോര്‍ജ് ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചോ ചത്തുകിടക്കുന്നുവെന്നും മറവ് ചെയ്യാൻ വേണ്ടിയാണ് എന്നുമാണ് ജോര്‍ജ് പറഞ്ഞത്. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു.