ഡൽഹിയിൽ മെട്രോ, റെയിൽവേ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും സുപ്രീംകോടതി. ഇന്റർനെറ്റ് നിരോധനം പാടില്ലെന്നും അഭിഭാഷകരെ അവരുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ തടയരുതെന്നും കോടതി വ്യക്തമാക്കി.
ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് സുപ്രീംകോടതി നിർദേശങ്ങൾ. പ്രത്യേക സിറ്റിംഗ് നടത്തിയ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
മെട്രോയും ട്രെയിനുകളും പതിവ് സമയക്രമത്തിൽ സർവീസ് നടത്തണമെന്ന് കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുകയും ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കുകയും വേണം. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും അവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം. നിലവിലുള്ള ബാരിക്കേഡുകൾ ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.