പെർത്ത് കാർ ദുരന്തക്കേസ്; പ്രതി കുറ്റം സമ്മതിച്ചു

Jul 9, 2026 - 08:53
 0  6
പെർത്ത് കാർ ദുരന്തക്കേസ്; പ്രതി കുറ്റം സമ്മതിച്ചു



 പ്രസാദ്  തീയാടിക്കൽ



പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ സന്ദർശക വിസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53-കാരി ബിഷ്ണു കുമാരി ഗുരുങ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. അപകടം നടന്നത് ഫെബ്രുവരി 6-നാണ്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുങിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ അവർ മരിച്ചു. ഓസ്‌ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.

കേസിലെ പ്രതിയായ 36-കാരൻ റൈസ് റോബർട്ട് ഹോക്കിൻസ് (Rhyse Robert Hawkins) ഇന്ന് കോടതിയിൽ ഹാജരായി അന്യായ കൊലപാതകം (Unlawful Killing/Manslaughter) ഉൾപ്പെടെയുള്ള കുറ്റങ്ങൾ കുറ്റസമ്മതം (Guilty Plea) നടത്തി. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.