ഇന്ത്യക്കാര്‍ക്ക് 'പ്രീ അപ്രൂവ്ഡ്' ഓണ്‍ അറൈവല്‍ വിസയുമായി എമിറേറ്റ്സ്

ഇന്ത്യക്കാര്‍ക്ക് 'പ്രീ അപ്രൂവ്ഡ്' ഓണ്‍ അറൈവല്‍ വിസയുമായി എമിറേറ്റ്സ്

ദുബൈ: ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 'പ്രീ അപ്രൂവ്ഡ്' ഓണ്‍ അറൈവല്‍ വിസ സംവിധാനവുമായി എമിറേറ്റ്സ് വിമാനക്കമ്ബനി.

എമിറേറ്റ്സില്‍ യാത്ര ചെയ്യുന്നവർക്കാണ് 14 ദിവസത്തെ സിംഗ്ള്‍ എൻട്രി വിസ അനുവദിക്കുക. നേരത്തെ അപ്രൂവല്‍ ലഭിക്കുന്നതിനാല്‍ ഓണ്‍ അറൈവല്‍ വിസക്ക് വേണ്ടി ദുബൈയില്‍ എത്തുമ്ബോള്‍ കാത്തിരിക്കേണ്ടിവരില്ല.

ഇത് ഇന്ത്യൻ യാത്രക്കാർക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കും. എന്നാല്‍ സാധുതയുള്ള ആറ് മാസത്തെ യു.എസ് വിസ, യു.എസ് ഗ്രീൻ കാർഡ്, ഇ.യു റെസിഡൻസി അല്ലെങ്കില്‍ യു.കെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകള്‍ക്ക് മാത്രമായാണ് ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിന്‍റെ (ജി.ഡി.ആർ.എഫ്.എ) സമ്ബൂർണ വിവേചനാധികാരത്തില്‍ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചു.

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് എമിറേറ്റ്സ് വഴിയോ ട്രാവല്‍ ഏജന്‍റുമാർ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങ് പൂർത്തിയായശേഷം വെബ്സൈറ്റിലെ 'മാനേജ് എൻ എക്സിസ്റ്റിങ് ബുക്കിങ്' എന്ന ഭാഗത്തെ യു.എ.ഇ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. നിലവില്‍ 167 പ്രതിവാര സർവിസുകള്‍ എമിറേറ്റ്സ് ഇന്ത്യയിലെ ഒമ്ബത് പ്രദേശങ്ങളിലേക്കായി നടത്തുന്നുണ്ട്. യാത്രക്കാരെ ദുബൈയിലേക്കും തുടർന്ന് ലോകത്തെ 140 ലധികം ലക്ഷ്യസ്ഥാനങ്ങിലേക്കും ബന്ധിപ്പിക്കുന്നതാണിത്.