മൂന്ന് സംസ്ഥാനങ്ങളിൽ ഭരണമാറ്റം; കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഭരണവിരുദ്ധ തരംഗം

May 4, 2026 - 11:52
 0  9
മൂന്ന് സംസ്ഥാനങ്ങളിൽ ഭരണമാറ്റം; കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഭരണവിരുദ്ധ തരംഗം

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങൾ ഭരണമാറ്റത്തിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നു പുറത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. കടുത്ത മത്സരം പ്രവചിക്കപ്പെട്ടിരുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും ഭരണമുന്നണികൾക്ക് വലിയ തിരിച്ചടി നേരിട്ടപ്പോൾ, തമിഴ്‌നാട്ടിൽ ഡിഎംകെയുടെ അപ്രതീക്ഷിത പതനമാണ് രാഷ്ട്രീയ ലോകത്തെ ഏറെ ഞെട്ടിച്ചത്.

കേരളത്തിൽ നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താമെന്ന എൽഡിഎഫ് പ്രതീക്ഷകൾ പൂർണ്ണമായും തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ നൂറോളം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഒരു ഘട്ടത്തിൽ സ്വന്തം മണ്ഡലത്തിൽ പിന്നോട്ടു പോയതും, മത്സരിച്ച പന്ത്രണ്ടോളം മന്ത്രിമാർ തോൽവിയുടെ വക്കിലാണെന്നതും എൽഡിഎഫിന്റെ കനത്ത തകർച്ചയ്ക്ക് അടിവരയിടുന്നു.

വളരെ കൃത്യമായ ആസൂത്രണത്തോടെയും ഒത്തൊരുമയോടെയും തുടക്കം മുതൽ നൂറ് സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിച്ചതാണ് കേരളത്തിൽ യുഡിഎഫിന് ഇത്രയും വലിയ വിജയം സമ്മാനിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളിൽ വീഴാതെ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിച്ചതിന്റെ ഫലം കൂടിയാണ് ഈ ജനവിധി.